ADVERTISEMENT

കോട്ടയം ∙ മയിലും ഹെലിക്കോപ്റ്ററും ഡിസ്കോ ഡാൻഡും റെഡി. എല്ലാം വിഷു വിപണിയിലെ പടക്കങ്ങളാണ്. ഇനി പൊട്ടിച്ചാൽ മതി. ഇവയെല്ലാം ഹരിതപടക്കങ്ങളുമാണ്. ഹരിത പടക്കങ്ങൾ (ഗ്രീൻ ക്രാ‍ക്കേഴ്സ്) മാത്രമേ പൊട്ടിക്കാൻ അനുമതിയുള്ളൂ. മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശ പ്രകാരം രാത്രി 8 മുതൽ 10 വരെ മാത്രം. ആശുപത്രികൾ, കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയവയുടെ പരിസരത്ത് പടക്കം പൊട്ടിക്കരുത്. വായുമലിനീകരണം ഒഴിവാക്കണമെന്നാണ് നിർദേശം.

ഹരിത പടക്കം

ബേരിയം നൈട്രേറ്റ് ഇല്ലാതെ നിർമിക്കുന്നതാണ് ഹരിത പടക്കം എന്നറിയപ്പെടുന്നത്. ഇതിനു വായു മലിനീകരണത്തോത്, സാധാരണ പടക്കങ്ങളെക്കാൾ 30% കുറവാണ്. വിഷുവിനു പൊട്ടിക്കുന്ന പടക്കത്തിന്റെ ശബ്ദശേഷി സംബന്ധിച്ച് നിയന്ത്രണമുണ്ട്.125 ഡെസിബെലിൽ കൂടുതൽ ശബ്ദശേഷിയുള്ള പടക്കങ്ങൾ പാടില്ല. കൂട്ടിക്കെട്ടിയ പടക്കങ്ങൾ, ഏറുപടക്കങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും.

കരുതലോടെ

തുറന്ന സ്‌ഥലത്തു വേണം പടക്കം പൊട്ടിക്കാൻ. മുതിർന്നവർ കൂടെയുള്ളപ്പോൾ മാത്രമേ കുട്ടികൾ പടക്കം പൊട്ടിക്കാവൂ. പൊട്ടാത്ത പടക്കം ഉടൻ ചെന്നെടുക്കരുത്. 15 മിനിറ്റിനു ശേഷം വെള്ളത്തിലിട്ടു നിർവീര്യമാക്കണം. പൂക്കുറ്റി, മത്താപ്പ് ഉൾപ്പെടെ കത്തിക്കുമ്പോൾ സമീപത്തെ ഉണങ്ങിയ പ്രദേശത്തേക്കു തീപ്പൊരി എത്താതെ ശ്രദ്ധിക്കണം. പടക്കങ്ങളും മറ്റും കത്തിക്കുന്നതിന് അടുത്തുതന്നെ വെള്ളം കരുതണം. എളുപ്പം തീ പടർന്നുപിടിക്കാൻ ഇടയുള്ള വസ്‌ത്രങ്ങൾ ധരിക്കരുത്. വളർത്തുമൃഗങ്ങളിൽ നിന്ന് അകലെ മാത്രമേ പടക്കം പൊട്ടിക്കാവൂ.

പി.എ.അബ്ദുൽ ഷുക്കൂർ, പടക്ക മൊത്ത,ചില്ലറ വ്യാപാരി, മാർക്കറ്റ്, കോട്ടയം. ഷോട്ടുകൾ എന്നറിയപ്പെടുന്ന കണ്ണഞ്ചിപ്പിക്കുന്ന പടക്കങ്ങളാണ് വിപണിയിൽ ഇത്തവണ കൂടുതൽ. ശബ്ദബഹളങ്ങൾ ഒഴിവാക്കി നിറം വാരിവിതറുന്നവയോടാണ് എല്ലാവർക്കും താൽപര്യം. വിപണിയിൽ ചൈനീസ് കടന്നുകയറ്റമുണ്ടെങ്കിലും പരമ്പരാഗത ഓലപ്പടക്കവും ചക്രവും കമ്പിത്തിരിയും പൂത്തിരിയുമെല്ലാം ഇപ്പോഴും കൂടുതലായി വിറ്റു പോകുന്നുണ്ട്.

വിവിധ പേരുകളിൽ വിൽക്കുന്ന പടക്കങ്ങളുടെ വിപണി വില ( കോട്ടയം മാർക്കറ്റ് )

പീക് കോക്ക് ക്രാക്കേഴ്സ് (1 പാക്കറ്റ്) – 200 രൂപ.

ചിപ്പുക്ക് ( വൈവിധ്യമാർന്ന നിറങ്ങളിൽ, 1 പാക്കറ്റ് ) – 50; 100; 120 രൂപ.

ഡിസ്കോ ഡാൻസ് ( 1 എണ്ണം ) –25 രൂപ

ചൈനീസ് അമിട്ട് (1 മുതൽ 240 വരെയുള്ള ഷോട്ടുകൾ അടങ്ങിയ ബോക്സ്) – 300 മുതൽ 4000 രൂപ വരെ.

ഓലപ്പടക്കം – 10 മുതൽ 30 രൂപ വരെ.

മാലപ്പടക്കം – 100 മുതൽ 1,000 രൂപ വരെ.

പൂക്കുറ്റി (1 എണ്ണം) – 20 മുതൽ 90 രൂപ വരെ.

കമ്പിത്തിരി ( 1 പാക്കറ്റ് ) – 20 മുതൽ 90 രൂപ വരെ.

ബീഡി പടക്കം (1 പാക്കറ്റ് 100എണ്ണം) – 50 മുതൽ 100 രൂപ വരെ.

കൊടച്ചക്രം (1 എണ്ണം) – 20 മുതൽ 90 രൂപ വരെ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com