വിഷു എത്തി; പടക്കവിപണി സജീവം
Mail This Article
വൈക്കം ∙ വിഷു എത്തിയതോടെ നഗരത്തിലും ഗ്രാമങ്ങളിലും പടക്ക വിപണി സജീവമായി. പഴയകാലത്ത് ആഞ്ഞിലിത്തിരിയുടെ അറ്റം കത്തിച്ച് ഓലപ്പടക്കം പൊട്ടിച്ചിരുന്നതും മരക്കൊമ്പുകളിൽ കെട്ടിത്തൂക്കിയ മാലപ്പടക്കം, ബീഡി പടക്കം എന്നിവയ്ക്ക് തീ കൊളുത്തി ഓടി മാറുന്നതുമെല്ലാം മലയാളിക്ക് മറക്കാനാവാത്ത വിഷു ഓർമകളാണ്.
കളർ ട്രീയാണ് ഇത്തവണത്തെ പ്രധാന താരം. മുൻകാലങ്ങളെ അപേക്ഷിച്ച് പടക്ക വിപണിയിൽ കാര്യമായ വില വർധന സംഭവിച്ചിട്ടില്ലെന്നാണു വ്യാപാരികൾ പറയുന്നത്. ശബ്ദം കൂടുതലുള്ള പടക്കത്തേക്കാൾ വർണ വിസ്മയം ഒരുക്കുന്ന പടക്കത്തിനാണ് ആവശ്യക്കാർ. ശിവകാശി പടക്കങ്ങളാണ് ഇത്തവണയും വിഷു വിപണിയിൽ സജീവം.
12 മുതൽ 120 വരെ കളർ ഷോട്ടുകൾ ഉതിർക്കുന്ന പടക്കങ്ങളും ഉണ്ട്. ഇതിന് 150 രൂപ മുതൽ 5000 രൂപ വരെ വിലമതിക്കും.കമ്പിത്തിരി, മത്താപ്പ്, കുടച്ചക്രം, പമ്പരം എന്നിവ ഇത്തവണ കൂടുതൽ പുതുമയോടെയാണു എത്തിയിരിക്കുന്നത്. കമ്പിത്തിരിക്ക് പുറമേ വിവിധ വർണങ്ങളിൽ തീപ്പൊരി ചിതറുന്നതും പലവിധ പൂക്കൾ വിരിയുന്ന കമ്പിത്തിരികൾ ആകർഷണങ്ങളാണ്. 10 മുതൽ 150 രൂപ വരെയാണ് ഇതിന്റെ വില. കുടച്ചക്രം 10 വിധത്തിലും, 15 വിധത്തിലുള്ള പാളി പടക്കവും ലഭ്യമാണ്.
കുട്ടികളിൽ പുഞ്ചിരിയുടെ പൂത്തിരി വിരിയിക്കുന്ന കിറ്റ് കാറ്റ് പടക്കം, ഒരു തിരി കൊളുത്തി 10 അടിയോളം ഉയരത്തിൽ നിര നിരയായി 5 മിനിറ്റോളം ദൈർഘ്യത്തിൽ പൊട്ടുന്ന സെറ്റ് പടക്കം, ഫോർ ആൻഡ് ഫോർ വീൽ, ഹെലികോപ്റ്റർ, കുരവപ്പൂവിനുള്ളിൽ നിന്ന് ചക്രം, ഡാൻസിങ് ചക്രം, വർണക്കാഴ്ച വിരിയിക്കുന്ന അമിട്ട് എന്നിവയും വിപണിയിലെ താരങ്ങളാണ്.
മഹാദേവ ക്ഷേത്രത്തിൽ വിഷുക്കണി ദർശനം നാളെ
വൈക്കം ∙ മഹാദേവ ക്ഷേത്രത്തിലെ വിഷുക്കണി ദർശനം നാളെ പുലർച്ചെ 4 മുതൽ 9 വരെ ആയിരിക്കുമെന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ പി.അനിൽ കുമാർ അറിയിച്ചു. വടക്കേനട കൃഷ്ണൻ കോവിലിലും മൂത്തേടത്ത് കാവ് ഭഗവതി ക്ഷേത്രത്തിലും പുലർച്ചെ 4.30 മുതൽ 8 വരെയും ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിലും വല്ലകം അരീക്കുളങ്ങര ദുർഗ ക്ഷേത്രത്തിലും പുലർച്ചെ 5 മുതൽ 8 വരെയും പുഴവായിക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിൽ രാവിലെ 5.30 മുതൽ 6.30 വരെയും കുട വെച്ചൂർ ഗോവിന്ദപുരം ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ രാവിലെ 5മുതൽ 8വരെയും ചെമ്മനത്തുകര പയറുകാട് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ രാവിലെ 5 മുതൽ 9 വരെയും ഉദയനാപുരം ശ്രീ നാരായണപുരം ക്ഷേത്രത്തിൽ പുലർച്ചെ 5നുമാണ് വിഷുക്കണി ദർശനം.