രണ്ടു നൂറ്റാണ്ടായി പൂത്തുലഞ്ഞ് മുത്തശ്ശിക്കൊന്ന, ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ശ്രീകൃഷ്ണ ക്ഷേത്രം
Mail This Article
കോട്ടയം ∙ കണിക്കൊന്ന പൂത്തുലഞ്ഞു. വിശ്വാസത്തിന്റെ പത്തരമാറ്റ് തിളക്കവുമായി വിഷു. സന്തോഷവും സമൃദ്ധിയും വഴിതുറക്കുന്ന ആഘോഷം. ജില്ലയിലെ പ്രധാനപ്പെട്ട ശ്രീകൃഷ്ണ ക്ഷേത്രങ്ങൾ ആഘോഷത്തിനു ഒരുങ്ങി. കണിയും കൈനീട്ടവും മനസ്സിൽ നിറയുന്ന ഉത്സവം. അപൂർവ ആചാരങ്ങളും വഴിപാടുകളുമായി സമ്പന്നമാണു ജില്ലയിലെ മിക്ക ക്ഷേത്രങ്ങളും.
തിരുവാർപ്പിൽ എത്തിയാൽ ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ശ്രീകൃഷ്ണ ക്ഷേത്രത്തിലെ കണി കണ്ടു തൊഴാം. കുടമാളൂർ കരികുളങ്ങര ദേവിയും വൈക്കം മൂത്തേടത്ത് കാവിലമ്മയും വിഷുവിനു അർധ രാത്രി മധുരയിലേക്ക് പോകും. പൊൻകുന്നത്തു രണ്ടു നൂറ്റാണ്ടു പഴക്കമുള്ള മുത്തശ്ശിക്കൊന്നയുണ്ട്. തൃക്കൊടിത്താനത്തു മാമ്പഴ പുളിശ്ശേരി വഴിപാടുമായാണു വിഷു ആഘോഷം.
ആചാരാനുഷ്ഠാനങ്ങളുടെ കൗതുകങ്ങളിലൂടെ ഒരു യാത്ര....
∙കണികണ്ടുണരാം തിരുവാർപ്പിൽ
സാക്ഷാൽ ഉണ്ണിക്കണ്ണൻ തന്നെയാണ് ഇവിടെ പ്രതിഷ്ഠ. കംസവധത്തിനു ശേഷം അമ്മയുടെ അരികിലേക്ക് ഓടിയെത്തുന്ന കണ്ണൻ. ഉണ്ണിക്കണ്ണനു പുലർച്ചെ അമ്മ പായസം നൽകി വിശപ്പകറ്റിയെന്ന് ഐതിഹ്യം. എന്നും പുലർച്ചെ രണ്ടിനാണ് ഇവിടെ നട തുറക്കുന്നതും ഭഗവാൻ പള്ളിയുണരുന്നതും.
ദിവസവും കൃത്യസമയത്തു നിവേദ്യം നൽകും. സൂര്യ – ചന്ദ്ര ഗ്രഹണ സമയത്തും അശുദ്ധിയേൽക്കാത്ത ക്ഷേത്രം, പൂജകൾക്കും മുടക്കമില്ല. രണ്ടിനു പള്ളിയുണർത്തൽ. കഴിഞ്ഞാൽ നിർമാല്യദർശനം. 3.30ന് അഭിഷേകവും തുടർന്ന് ഉഷഃനിവേദ്യവും. 8.15ന് പന്തീരടി പൂജ.11ന് നവകാഭിഷേകം. 12.15നാണ് ഉച്ചപ്പൂജ. വൈകിട്ട് അഞ്ചിനു നട തുറക്കും. ഇതാണു പൂജകളിലെ ചിട്ട.
∙ ഉത്സവം : ഇന്നു രാവിലെ 9 നു തന്ത്രി ഭദ്രകാളി മറ്റപ്പള്ളി മന നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ കൊടിയേറും. വൈകിട്ട് 5.30നു ആനയോട്ടം. 6.30നു കലാപരിപാടികൾ നടൻ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. നാളെ പുലർച്ചെ 2.30നു വിഷുക്കണി ദർശനം. രാത്രി 9നു വിഷുവിളക്ക്.
19നു രാവിലെ 9നു മാതൃകയിൽ ദർശനവും രാത്രി 9നു അഞ്ചാം പുറപ്പാടും വിളക്കും. മറ്റു ദിവസങ്ങളിൽ യഥാക്രമം വടക്കോട്ടും കിഴക്കോട്ടും തെക്കോട്ടും പുറപ്പാടും വിളക്കും. 23നു വൈകിട്ട് 5നു ആനയിരുത്തിപ്പൂജ, 5.30നു ആറാട്ട് എഴുന്നള്ളിപ്പ് 6.30നു പ്രസിദ്ധമായ കണ്ണിമാങ്ങയും കരിക്കും നിവേദ്യം. 10നു ആറാട്ട്.
∙ വിശ്വാസ വഴിയിൽ ‘മധുര’യാത്ര
വിഷു ദിവസം രാത്രി, 2 മൂത്തേടത്തു കാവിലമ്മമാർ ബന്ധുക്കളെ കാണാൻ പാണ്ഡ്യദേശത്തേക്കു പുറപ്പെടും. 108 ദുർഗാ ക്ഷേത്രങ്ങളിൽ പെടുന്ന കുടമാളൂർ കരികുളങ്ങര ദേവീ ക്ഷേത്രത്തിലെ (മൂത്തേടത്തുകാവ്) ഭഗവതിയും വൈക്കം മൂത്തേടത്തുകാവ് ഭഗവതിയും 15നു രാത്രി പ്രത്യേക പൂജകൾക്കു ശേഷം പുറപ്പെടന്നെന്നാണു സങ്കൽപം. ഇവർ 3 മാസം കഴിഞ്ഞേ മടങ്ങിയെത്തൂ. അതുവരെ ഇവിടെ ഉപദേവതകൾക്കു മാത്രമേ പൂജകൾ ഉള്ളൂ.
മധുരയിലെ ചില ഗ്രാമങ്ങളിൽ ‘മലയാളത്തമ്മയെ’ വരവേൽക്കുന്ന ചടങ്ങുകൾ വിഷുവിനു രാത്രി നടക്കും. കുടമാളൂരിൽ നാളെ വൈകിട്ട് തട്ടേൽ കേളി, താലപ്പൊലി, കുടമ്പൂച്ചാട്ടം, തൂക്കം, ഗരുഡൻ, വലിയഗുരുതി എന്നിവയ്ക്കു ശേഷം ദേവി മധുരയിലേക്കു പുറപ്പെടും.വൈക്കം മൂത്തേടത്തു കാവ് ഭഗവതിക്ഷേത്രത്തിൽ ഇന്നു രാത്രി വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന 8 ഗരുഡൻ പറവകൾ ക്ഷേത്രത്തിലെത്തി വാദ്യങ്ങളുടെ താളത്തിനൊത്തു കളിത്തട്ടിൽ നിറഞ്ഞാടിയ ശേഷം തൂക്കച്ചാടിലേറി പയറ്റു സമർപ്പണം നടത്തും. നാളെ പുലർച്ചെ 4.30 മുതൽ 8.30 വരെയാണ് വിഷുക്കണി ദർശനം. രാത്രി വലിയ തീയാട്ടിനു ശേഷം ദേവി മധുരയിലേക്ക് എഴുന്നള്ളുമെന്നു വിശ്വാസം.
∙ തൃക്കൊടിത്താനത്ത് മാമ്പഴ പുളിശ്ശേരി നിവേദ്യം
തൃക്കൊടിത്താനം മഹാക്ഷേത്രത്തിൽ വിഷു ദിനത്തിലെ മാമ്പഴം പുളിശ്ശേരി നിവേദ്യം പ്രസിദ്ധം. ദേവപ്രശ്ന വിധി പ്രകാരമാണ് മഹാക്ഷേത്രത്തിലെ തേവർക്കു വിഷുവിന് മാമ്പഴം പുളിശ്ശേരി നിവേദിക്കുന്നത്. നാടൻ മാമ്പഴം ഇതിനായി ക്ഷേത്രത്തിൽ എത്തിക്കും. ഭക്തജനങ്ങൾക്ക് വഴിപാടായും മാമ്പഴം സമർപ്പിക്കാം.
നിവേദ്യത്തിനു ശേഷം ഭക്തജനങ്ങൾക്ക് മാമ്പഴം പുളിശ്ശേരിയോടു കൂടി വിഷുസദ്യയും മുടക്കമില്ലാതെ നടത്തിവരുന്നു. സമീപ പ്രദേശങ്ങളിൽ നിന്നുൾപ്പെടെ ഭക്തർ വിഷു സദ്യയ്ക്ക് ക്ഷേത്രത്തിൽ എത്തും. തന്ത്രിയുടെയും മേൽശാന്തിയുടെയും കാർമികത്വത്തിലാണു നിവേദ്യം തയാറാക്കുന്നത്.
വിഷുക്കണി ഒരുക്കം: വേണ്ടതെന്തൊക്കെ ?
ഓട്ടുരുളി, ഉണക്കലരി, കൊന്നപ്പൂവ്, വെള്ളരിക്ക, സ്വർണം, അഷ്ടമംഗല്യം, നാളികേരം, കസവു മുണ്ട്, സിന്ദൂരച്ചെപ്പ്, വാൽക്കണ്ണാടി, വെറ്റില, അടയ്ക്ക, പച്ചക്കറികൾ, വിളക്ക്, ശ്രീകൃഷ്ണ വിഗ്രഹം, ഗ്രന്ഥം.
കണിയൊരുക്കുന്നത് ഇങ്ങനെ:
ഓട്ടുരുളിയിൽ ആദ്യം ഉണക്കലരി നിരത്തുക. ഇതിൽ വെള്ളരിക്ക, കൊന്നപ്പൂക്കൾ ഉൾപ്പെടെയുള്ളവ വയ്ക്കുക.ചക്ക, മാങ്ങ തുടങ്ങി വീട്ടുവളപ്പിൽ വിളഞ്ഞ പ്രധാന കാർഷിക ഉൽപന്നങ്ങൾ കണിക്ക് ഉപയോഗിക്കാം.
ശ്രീകൃഷ്ണ വിഗ്രഹം വച്ചു സമീപം നിലവിളക്കു കൂടി വയ്ക്കുമ്പോൾ ഒരുക്കങ്ങൾ പൂർത്തിയായി. ഇന്നു രാത്രി തന്നെ എല്ലാം ഒരുക്കി വയ്ക്കുക. വീട്ടിലെ മുതിർന്നവർ ആരെങ്കിലും നാളെ പുലർച്ചെ ഉണർന്നു വിളക്കിൽ എണ്ണയൊഴിച്ചു തിരിയിട്ട് തെളിക്കുന്നതോടെ ഐശ്വര്യത്തിന്റെ കണി കാണൽ ആരംഭിക്കുകയായി. തുടർന്നു മുതിർന്നവർ കുട്ടികൾക്കു കൈനീട്ടം കൊടുക്കും.
മുത്തശ്ശിക്കൊന്നയെ പരിചയപ്പെടാം
വിഷുവിന്റെ വരവറിയിക്കുന്നതു കണിക്കൊന്നയാണ്. രണ്ടു നൂറ്റാണ്ടായി ചില്ലകൾ നിറയെ പൂത്തുലഞ്ഞു കൃത്യമായി വിഷുക്കാലം ഓർമപ്പെടുത്തുന്ന മുത്തശ്ശിക്കൊന്ന കാണണമെങ്കിൽ എലിക്കുളം ഇളംകുളം കൂരാലിയിലെ പുതുപ്പള്ളാട്ട് മോഹൻകുമാറിന്റെ വീട്ടുവളപ്പിൽ എത്തിയാൽ മതി.കൊന്നമരത്തിനു 75 അടി ഉയരവും 78 ഇഞ്ച് വണ്ണവും ഉണ്ട്. സസ്യശാസ്ത്രഞ്ജരാണു മരത്തിന്റെ പ്രായം കണക്കാക്കി വീട്ടുകാരെയും പഞ്ചായത്തിനെയും വനംവകുപ്പിനെയും അറിയിച്ചത്. വൃക്ഷ സ്നേഹികൾ മരമുത്തശ്ശിയെ ആദരിച്ചു. സസ്യശാസ്ത്രഞ്ജരും എംജി സർവകലാശാലയിലെ ഗവേഷണ വിദ്യാർഥികളും എത്താറുണ്ട്.