സമ്പൂർണ ക്ഷീരഗ്രാമം പദവി നേടാനൊരുങ്ങി ചെമ്പ്; 24 വെച്ചൂർ പശുക്കളെയും 60 കിടാവുകളെയും വിതരണം ചെയ്തു
Mail This Article
ചെമ്പ് ∙ സമ്പൂർണ ക്ഷീരഗ്രാമം എന്ന ലക്ഷ്യത്തിലേക്ക് ചുവട് വയ്ക്കാൻ തയാറെടുത്ത് ചെമ്പ് ഗ്രാമപ്പഞ്ചായത്ത്. ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ഗുണമേന്മയുളള പാൽ ഉൽപാദനം ലക്ഷ്യമാക്കി 24 വെച്ചൂർ പശുക്കളെയും 60 കിടാവുകളെയും വിതരണം ചെയ്തു. മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
6 ലക്ഷം രൂപ വിനിയോഗിച്ചു. സംസ്ഥാന സർക്കാരിന്റെയും ക്ഷീര വികസന വകുപ്പിന്റെയും ക്ഷീര സംഘങ്ങളുടെയും പഞ്ചായത്തിന്റെയും കൂട്ടായ പ്രവർത്തനത്തിലൂടെ ക്ഷീരഗ്രാമം പദ്ധതി ഫലപ്രാപ്തിയിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പഞ്ചായത്ത് ഏറ്റെടുത്ത് നടത്തും. വെച്ചൂർ പശുക്കളുടെയും കിടാവുകളുടെയും വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.രമേശൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ.ശീമോൻ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ആശ ബാബു, ലത അനിൽകുമാർ, അമൽരാജ്, പഞ്ചായത്ത് അംഗങ്ങളായ കെ.വി.പ്രകാശൻ, സുനിൽ മുണ്ടയ്ക്കൽ, റെജി മേച്ചേരി, ഉഷ പ്രസാദ്, രാഗിണി, രമണി, ലയ ചന്ദ്രൻ, വെറ്ററിനറി ഡോക്ടർ കവിത, ഡയറി ഫാം ഇൻസ്പെക്ടർ അഷിത എന്നിവർ പ്രസംഗിച്ചു.