ആചാരത്തനിമയിൽ മുടിയെടുപ്പിന് സമാപനം
Mail This Article
ചങ്ങനാശേരി∙ ആചാരത്തനിമയിൽ മുടിയെടുപ്പ് ഉത്സവത്തിന് അനുഗ്രഹീത പരിസമാപ്തി. നാടിന്റെ ഐശ്വര്യത്തിനും ദേവീപ്രീതിക്കുമായി വാഴപ്പള്ളി കൽക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ നടന്ന മുടിയെടുപ്പ് ഉത്സവത്തിൽ പങ്കെടുക്കാനും അത്യപൂർവമായ ചടങ്ങുകൾക്കു സാക്ഷ്യം വഹിക്കാനുമായി ക്ഷേത്രത്തിലേക്ക് എത്തിയത് പതിനായിരങ്ങൾ. 14 വർഷത്തിനു ശേഷമാണ് കൽക്കുളത്തുകാവിൽ മുടിയെടുപ്പ് നടന്നത്.
വെള്ളി പുലർച്ചെ ദേശത്തിന്റെ നാലതിർത്തിയിലും ശംഖ് വിളിച്ച് പുറക്കളം അറിയിച്ചതോടെയാണ് മുടിയെടുപ്പ് ചടങ്ങുകൾക്ക് തുടക്കമായത്. കോച്ചേരിൽ കുടുംബാവകാശികളായ ചന്ദ്രൻ കുറ്റിശേരിൽ, രാജേഷ് കുറ്റിശേരിൽ എന്നിവരുടെ നേതൃത്വത്തിൽ മധു എഴുന്നള്ളത്ത് നടത്തി.വാലടി കളരിക്കൽ കുടുംബത്തിൽ നിന്ന് ജലമാർഗം, വള്ളത്തിൽ എത്തിച്ച കുലവാഴ നെൽപ്പുരക്കടവിൽ സ്വീകരണം നൽകി ക്ഷേത്രത്തിലേക്ക് ആനയിച്ചു. ക്ഷേത്രനടയിൽ നടന്ന വലിയ ഗുരുസിക്ക് വൈക്കം തേരോഴിൽ രാമക്കുറുപ്പ് കാർമികത്വം വഹിച്ചു.
ഉച്ചകഴിഞ്ഞു മുടിപ്പുരയിൽ വച്ച് പി.വി.നാരായണൻ നായർ പാരയിൽ മുടിയുടെ ‘ദൃഷ്ടി തെളിക്കൽ’ ജോലികൾ പൂർത്തിയാക്കി. തുടർന്ന് മുടി പുറത്തേക്ക് എടുത്തതോടെ ഭക്തജനങ്ങളുടെ ആർപ്പുവിളികൾ ഉച്ചസ്ഥായിയിലായി. ക്ഷേത്രഭരണസമിതി പ്രസിഡന്റ് കെ.ആർ.ഗോപാലകൃഷ്ണൻ മുടി ഏറ്റുവാങ്ങി.
മുടിയെഴുന്നള്ളിപ്പിൽ പ്രധാന പൂജാരി അരവിന്ദാക്ഷൻ കണ്ണിമുറ്റം മുടി ശിരസിലേറ്റി. അറുകൊല പ്രതിനിധികളായി പുഴക്കരയ്ക്കൽ കുടുംബത്തിലെ പി.ദാസപ്പൻ നായർ ചൂരലും തെക്കുംതലയ്ക്കൽ കുടുംബത്തിലെ രഞ്ജിത്തും ഉണുപ്പള്ളി കുടുംബത്തിലെ രവീന്ദ്രൻ പിള്ളയും ശൂലവും എടുത്ത് എഴുന്നള്ളിപ്പിന് അകമ്പടി സേവിച്ചു.
മുടിപൂജയ്‌ക്കു വൈക്കം തേരോഴിൽ രാമക്കുറുപ്പ് കാർമികത്വം വഹിച്ചു.ഭൈരവിക്കളത്തിൽ വലിയ ഗുരുസിക്കു ശേഷം ഭൈരവി പുറപ്പാടിനും ഭൈരവി ഉറച്ചിലിനും തുടക്കമായി. കഥകളി വേഷത്തിൽ ചമയങ്ങൾ അണിഞ്ഞ് ഭൈരവി, താളം ചവിട്ടി ശ്രീകോവിലിനെ പ്രദക്ഷിണം ചെയ്ത് ഭൈരവിക്കളത്തിൽ എത്തി ഉറഞ്ഞുതുള്ളി കാവുകോതി, കുലവാഴ വെട്ടിയതോടെ ഭൈരവി ഉറച്ചിൽ പൂർത്തിയായി.
തുടർന്ന് ഭൈരവി, മുടി ശിരസ്സിലേറ്റി ശ്രീകോവിൽ പ്രദക്ഷിണം ചെയ്‌തെത്തിയതോടെ പോരുവിളി ആരംഭിച്ചു. ഭദ്രകാളിയായി കണ്ണിമുറ്റം എസ്.ശ്രീജിത്തും ദാരികനായി കണ്ണിമുറ്റം ശ്രീനിയുമാണ് വേഷം അണിഞ്ഞത്. തിരുമറയൂർ ഗിരിജൻ മാരാർ പോരുവിളിക്ക് നേതൃത്വം നൽകി.പോരുവിളിക്ക് ഒടുവിൽ കലിപൂണ്ട കാളി ദാരികനു പിന്നാലെ അലറിപ്പാഞ്ഞു.
മഹാദേവ ക്ഷേത്രത്തിൽ എത്തിയ കാളി, പിതാവായ പരമശിവനെ കണ്ടുമുട്ടുകയും ഒരുമിച്ച് പ്രദക്ഷിണം പൂർത്തിയാക്കുകയും ചെയ്തു. പിതാവിൽ നിന്ന് ഓണപ്പുടവ, വിഷുക്കൈനീട്ടം എന്നിവ സ്വീകരിച്ചു പിൻവാങ്ങിയ കാളി കരയിലൂടെ ഊരുചുറ്റൽ ആരംഭിച്ചു. ഇന്നലെ വൈകിട്ടോടെ ഊരുചുറ്റൽ കഴിഞ്ഞു മടങ്ങിയെത്തിയ ഭദ്രകാളി, ദാരികന്റെ കിരീടം കൽക്കുളത്തുകാവ് ക്ഷേത്രനടയിൽ കണ്ടതോടെ കലിയടങ്ങി മുടി ഇറക്കി വച്ചു. തുടർന്നു കരിങ്കാളിക്കു കുരുതി നടത്തിയതോടെ മുടിയെടുപ്പ് ഉത്സവത്തിന് സമാപനമായി.