അറിവിന്റെ നിറവെളിച്ചം; നാട്ടകം ഗവ.കോളജ് സുവർണ ജൂബിലിക്ക് ഇന്നു തുടക്കം
Mail This Article
കോട്ടയം∙ അനേകായിരം വർഷങ്ങളിലൂടെ പരിണാമം സംഭവിച്ച് കല്ലായി മാറിയ മരത്തടികൾ (ശിലാമരം), വജ്രം ഉണ്ടാകുന്ന പാറക്കഷ്ണങ്ങൾ, ലങ്കയിലേക്ക് പോകുന്നതിനായി ശ്രീരാമൻ പാലം നിർമിക്കുന്നതിനിടെ വെള്ളത്തിൽ പൊങ്ങിക്കിടന്നുവെന്ന് പറയപ്പെടുന്ന കല്ലുകൾ, ശിലകളായി മാറിയ ഫോസിലുകൾ എന്നിങ്ങനെ ചരിത്രവും ശാസ്ത്രവും മിത്തും ഇഴചേർന്നു കിടക്കുന്ന വിസ്മയങ്ങളുടെ ശേഖരമാണ് നാട്ടകത്തെ കോട്ടയം ഗവ. കോളജിന്റെ ജിയോളജി മ്യൂസിയത്തിൽ വിദ്യാർഥികളെ കാത്തിരിക്കുന്നത്.
കേരളത്തിലെത്തന്നെ ഏറ്റവും മികച്ച ജിയോളജി ഡിപാർട്മെന്റാണ് ഇവിടുത്തേത്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഡയറക്ടർ ഡോ.വി. അമ്പിളി അടക്കമുള്ള പ്രമുഖർ പഠിച്ചതും ഇവിടെയാണ്. ഇൻഡസ്ട്രിയൽ കെമിസ്ട്രി പോലുള്ള നൂതന കോഴ്സുകളും ഇവയ്ക്കായി മൈക്രോബയോളജി, ബയോഇൻഫോമാറ്റിക്സ് ലാബ് തുടങ്ങിയ നവീന സൗകര്യങ്ങളും കോളജ് ഒരുക്കിയിട്ടുണ്ട്.
അക്വേറിയം ഹൗസ്, ഹെർബൽ ആൻഡ് ബൊട്ടാണിക്കൽ ഗാർഡൻ, കാലാവസ്ഥാ നിരീക്ഷണകേന്ദ്രം, ഫിറ്റ്നസ് സെന്റർ, ഓൺലൈൻ ക്വസ്റ്റ്യൻ ബാങ്ക് സിസ്റ്റം തുടങ്ങിയവയും കോളജിന്റെ ഭാഗമാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സെന്റർ ഓഫ് എക്സലൻസ് സ്കീമിൽ 2 കോടി രൂപ സഹായത്തോടെ നിർമിച്ച റിസർച് ബ്ലോക്ക് ആൻഡ് കോൺഫറൻസ് ഹാൾ പ്രവർത്തനം ആരംഭിച്ചു. വനിതാ ഹോസ്റ്റൽ നിർമാണം അവസാനഘട്ടത്തിലാണ്.
ജൂബിലി നിറവിലെത്തിയ ജില്ലയിലെ തന്നെ ഏക സർക്കാർ ആർട്സ് ആൻഡ് സയൻസ് കലാലയം പൂർണമായും ഭിന്നശേഷി സൗഹൃദപരമായാണ് നിർമിച്ചിരിക്കുന്നത്. ഇത്തരം വിദ്യാർഥികൾക്കായി വീൽചെയർ സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. 10 ബിരുദ കോഴ്സുകളും 6 ബിരുദാനന്തര ബിരുദ കോഴ്സുകളും 6 റിസർച് പ്രോഗ്രാമുകളുമാണുള്ളത്. 1,300 വിദ്യാർഥികൾ പഠിക്കുന്ന കോളജിൽ ഓരോ വർഷവും പുതുതായി 350 വിദ്യാർഥികൾ പ്രവേശനം നേടുന്നുണ്ട്.
കോളജിന്റെ സുവർണ ജൂബിലി ആഘോഷം ഇന്നു 11നു മന്ത്രി ഡോ.ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. 14 കോടി ചെലവിൽ നിർമിച്ച അക്കാദമിക് ബ്ലോക്ക്, ലൈബ്രറി ബ്ലോക്ക്, നിർമിച്ച അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കുമെന്നു പ്രിൻസിപ്പൽ ഡോ.ആർ.പ്രകാശ്, ഡോ.ടി.എസ്. ബാബുരാജ്, ഡോ. സെനോ ജോസ് എന്നിവർ അറിയിച്ചു.