ADVERTISEMENT

കോട്ടയം ∙ നാഗമ്പടം മഹാദേവ ക്ഷേത്രത്തിലെ സഹസ്രകലശം, അഷ്ടബന്ധ നവീകരണം, ധ്വജപ്രതിഷ്ഠ എന്നിവ നാളെ  രാവിലെ 7.30ന് നടത്തും. വൈകിട്ട് 6.45ന് ധ്വജപ്രതിഷ്ഠാ ഉത്സവത്തിന് കൊടിയേറും. ക്ഷേത്രത്തിലെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നിർമിച്ച വലിയ ബലിക്കൽ പ്രതിഷ്ഠ, ഭൈരവ പ്രതിഷ്ഠ, നാഗപ്രതിഷ്ഠ തുടങ്ങിയ ചടങ്ങുകളും നടക്കും. കൊടിമരം ചെമ്പുപറ പൊതിഞ്ഞ് നവീകരിക്കുന്നതും അവസാനഘട്ടത്തിലാണ്.

തന്ത്രി കുമരകം ഗോപാലൻ, തന്ത്രി ജിതിൻ ഗോപാൽ, ക്ഷേത്രം മേൽശാന്തി കുമരകം രജീഷ് തുടങ്ങിയവർ കാർമികത്വം വഹിക്കും. 12.30 ന് അന്നദാനം. 6.45ന് കൊടിയേറ്റ്.മാന്നാർ സ്വദേശി അനന്തൻ ആചാരിയുടെയും സംഘത്തിന്റെയും നേതൃത്വത്തിലാണ് കൊടിമരത്തിന്റെ നവീകരണം. മഹാദേവ ക്ഷേത്രങ്ങളിലെ ബലിക്കൽപുരയും ക്ഷേത്രത്തിൽ പുതിയതായി നിർമിച്ചു. ബലിക്കൽപ്പുര കടന്നാകും ഇനി മഹാദേവനെ ഭക്തർ വണങ്ങുക. ക്ഷേത്രത്തിലെ പ്രദക്ഷിണ വഴികളും കരിങ്കല്ലുകൾ പാകി മനോഹരമാക്കി. ക്ഷേത്രമൈതാനത്തെ ഭൈരവ പ്രതിഷ്ഠ വെള്ളപ്പൊക്കത്തെ അതിജീവിക്കുംവിധം ഉയർത്തി സ്ഥാപിച്ചു. നാഗപ്രതിഷ്ഠയും തിടപ്പള്ളിയും നവീകരിച്ചു.

നാലാം ഉത്സവദിനമായ 30ന് രാവിലെ 6.30 ന് ലക്ഷാർച്ചന. തന്ത്രി കുമരകം ഗോപാലൻ, കുമരകം മൃത്യുഞ്ജയം തന്ത്ര വിദ്യാ പീഠത്തിലെ താന്ത്രികർ, എസ്എൻഡിപി വൈദിക യോഗത്തിലെ അംഗങ്ങൾ തുടങ്ങിയവർ ലക്ഷാർച്ചനയ്ക്ക് നേതൃത്വം വഹിക്കും. രാവിലെ 11ന് സമർപ്പണ സമ്മേളനം എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് എം.മധു യോഗത്തിൽ അധ്യക്ഷത വഹിക്കും. താന്ത്രിക മേഖലയിൽ 50 വർഷം പൂർത്തിയാക്കുന്ന കുമരകം ഗോപാലൻ തന്ത്രിക്ക് എസ്എൻഡിപി കോട്ടയം യൂണിയൻ 'തന്ത്ര വിശാരദ' ബഹുമതി നൽകി ആദരിക്കും. 

ക്ഷേത്രത്തിലെ ഉത്സവ വഴിപാടു കമ്മിറ്റി കൺവീനറായി 15 വർഷമായി സേവനമനുഷ്ഠിക്കുന്ന സി.ഇ. ഭാസ്ക്കരനെ അനുമോദിക്കും. സതീഷ്കുമാർ മണലേൽ രചിച്ച ‘വൈക്കം സത്യഗ്രഹം ഹിന്ദു മത ജീർണതയുടെ ചരിത്ര സ്മാരകം’ എന്ന പുസ്തകത്തിന്റെ പ്രകാശനവും നടത്തും. യോഗം കൗൺസിലർ എ.ജി.തങ്കപ്പൻ, ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, യൂണിയൻ സെക്രട്ടറി ആർ.രാജീവ്, വൈസ് പ്രസിഡന്റ് വി.എം ശശി എന്നിവർ പ്രസംഗിക്കും. തുടർന്ന് അന്നദാനം.

പള്ളിവേട്ട ദിനമായ മെയ് ഒന്നിനു രാവിലെ വിശേഷാൽ പൂജകൾക്ക് ശേഷം 10.30ന് ഉത്സവബലി. വൈകിട്ട് 8.30ന് പള്ളിവേട്ട. ആറാട്ട് ദിനമായ 2ന് വൈകിട്ട് 5.30ന് യാത്രാബലി, ആറാട്ടു പുറപ്പാട്. 6.30ന് ആറാട്ട്. 7.30ന് തിരിച്ചെഴുന്നളളത്ത്, കൊടിയിറക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com