കറുകച്ചാൽ സെൻട്രൽ ജംക്‌ഷൻ നവീകരണം ഒന്നുമായില്ല
Mail This Article
കറുകച്ചാൽ ∙ സെൻട്രൽ ജംക്‌ഷൻ നവീകരണം കടലാസിൽ പോലുമായിട്ടില്ല. വാഹനം ഇടിച്ചു ഡിവൈഡറുകൾ ഭൂരിഭാഗവും തകർന്നു. ജംക്‌ഷനിൽ മിച്ചമുള്ളത് റൗണ്ടാന മാത്രമാണ്. 3 റോഡുകൾ സംഗമിക്കുന്ന ജംക്‌ഷനിൽ ദിവസം കഴിയുന്തോറും വാഹനത്തിരക്ക് കൂടി വരികയാണ്. ഒപ്പം ഗതാഗതക്കുരുക്കും.
നവീകരണം ‘ പഠിച്ച ’ ശേഷം
രണ്ടു മൂന്നു തവണ സെൻട്രൽ ജംക്‌ഷനിൽ പൊതുമരാമത്ത് റോഡ് വിഭാഗം നടത്തിയ നവീകരണം ഗുണപ്രദമായില്ല. ഓരോ തവണയും നിർമാണം വാഹനം ഇടിച്ച് തകരുകയായിരുന്നു. കഴിഞ്ഞ തവണ ടിപ്പർ ഇടിച്ച് ബാക്കിയുണ്ടായിരുന്ന ഡിവൈഡറുകൾ തകർന്നു. ഇതോടെ പൊതുമരാമത്ത് വകുപ്പ് ജംക്‌ഷൻ നവീകരണം ശാസ്ത്രീയമായി നടത്താൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി നാറ്റ്പാക്കിന് കത്ത് നൽകിയിരുന്നു. പഠനം നടത്തുന്നതിന് ഫണ്ട് ആവശ്യപ്പെട്ട് നാറ്റ്പാക് അധികൃതർ പിഡബ്ല്യുഡിക്ക് കത്ത് നൽകിയെങ്കിലും നടപടി ഫയലിലാണ്.
3 റോഡും ചെറിയ കവലയും
ചങ്ങനാശേരി - വാഴൂർ റോഡ്, കറുകച്ചാൽ - മല്ലപ്പള്ളി, കറുകച്ചാൽ - മണിമല എന്നീ റോഡുകൾ സംഗമിക്കുന്ന സെൻട്രൽ ജംക്‌ഷനിൽ വാഹനങ്ങൾ തോന്നും പടിയാണ് തിരിഞ്ഞു പോകുന്നത്. ചങ്ങനാശേരി ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ റൗണ്ടാന ചുറ്റി നെടുംകുന്നം റോഡിലേക്ക് പ്രവേശിക്കുമ്പോൾ വാഴൂർ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങളുമായി കൂട്ടി മുട്ടും. അല്ലെങ്കിൽ റോഡിന്റെ മധ്യഭാഗത്ത് നിർത്തേണ്ടി വരും ഇതോടെ ചങ്ങനാശേരി ഭാഗത്തേക്കുള്ള റോഡിൽ ഗതാഗതക്കുരുക്കിലാകും.
മണിമല റോഡിൽ നിന്നു എത്തുന്ന വാഹനങ്ങൾ വാഴൂർ റോഡിലേക്ക് പ്രവേശിക്കാനും മല്ലപ്പള്ളി ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾക്ക് വാഴൂർ റോഡിലേക്ക് പ്രവേശിക്കാനും ബുദ്ധിമുട്ടാണ്. തിരക്കേറുമ്പോൾ ഗതാഗതക്കുരുക്കാണ്. പരിചയമില്ലാത്തവർ പല വഴിക്കാണു തിരിഞ്ഞു പോകുന്നത്.