ADVERTISEMENT

മണർകാട് ∙ ‘ഞങ്ങൾ ഉറുമ്പുംകൂട് ഉണ്ടാക്കി കളിക്കുകയായിരുന്നു. വീടിനു മുന്നിൽ എത്തിയപ്പോൾ അമ്മ രക്തത്തിൽ കുളിച്ചു കിടക്കുന്നതു കണ്ടു. എന്റെ അമ്മയെ ആരോ കൊന്നെന്നു പറഞ്ഞ് ഞാൻ അപ്പുറത്തെ വീട്ടിലേക്ക് ഓടുകയായിരുന്നു...’ മൂന്നാം ക്ലാസുകാരൻ സച്ചിന്റെ (അപ്പു) വാക്കുകൾ കേട്ടുനിന്നവരുടെ മിഴി നിറഞ്ഞു. അമ്മ ജൂബിയുടെ മൃതദേഹം ആദ്യം കണ്ടത് അപ്പുവും എൽകെജി വിദ്യാർഥിയായ സ്റ്റെവിനും (ആദി) ആണ്. സംഭവം നടക്കുമ്പോൾ ഇവർ വീടിനു സമീപം കളിക്കുകയായിരുന്നു.

അനുജനെയും കൂട്ടി അപ്പു ഓടി സമീപത്തുള്ള കുരുവിളയുടെ വീട്ടിലാണ് ആദ്യം എത്തിയത്. കുരുവിള ഉടൻ പൊലീസിൽ വിവരം അറിയിച്ചു. പഞ്ചായത്തംഗം രാധാ സുരേഷ്, ബ്ലോക്ക് പഞ്ചായത്തംഗം ബിജു തോമസ് എന്നിവർ ഉടൻ സ്ഥലത്തെത്തി.അമ്മ ക്രൂരമായി കൊല്ലപ്പെട്ടെന്നു സംശയം തോന്നിയ മകൻ അപ്പു സമീപവീട്ടിൽ മുഖം കുനിച്ചു വിഷമത്തിൽ ഇരുന്ന കാഴ്ച പ്രദേശവാസികളെയും ദുഃഖത്തിലാഴ്ത്തി. സഹോദരൻ ആദി കാര്യം മനസ്സിലാകാതെ കുറച്ചു നേരം കുട്ടികളോടൊപ്പം കളിച്ചു നടന്നു.

കേരളത്തെ ഞെട്ടിച്ച കേസ്; കണ്ടെത്തിയത് 14 സമൂഹമാധ്യമ ഗ്രൂപ്പുകൾ

കഴിഞ്ഞ ജനുവരിയിൽ കേരളത്തെയാകെ ഞെട്ടിച്ചതാണു കറുകച്ചാൽ പൊലീസ് റജിസ്റ്റർ ചെയ്ത പങ്കാളികളെ കൈമാറ്റം ചെയ്യൽ കേസ്. അന്നു പരാതിക്കാരിയായിരുന്ന യുവതിയുടെ കൊലപാതകം ഇന്നലെ മറ്റൊരു ഞെട്ടലായി.സംഭവവുമായി ബന്ധപ്പെട്ട് അന്ന് 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകൾ കേന്ദ്രീകരിച്ചു വലിയസംഘം പങ്കാളി കൈമാറ്റവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നെന്ന് അന്നു പൊലീസ് കണ്ടെത്തിയെങ്കിലും പരാതികൾ ഇല്ലാതെ വന്നതോടെ അന്വേഷണം പ്രതിസന്ധിയിലായി.

അന്നു പത്തനാട് താമസിച്ചിരുന്ന യുവതി ഭർത്താവിനെതിരെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണു പങ്കാളി കൈമാറ്റങ്ങളാണു നടന്നതെന്ന വിവരത്തിലേക്കെത്തിയത്. കപ്പിൾ മീറ്റ് കേരള എന്ന സമൂഹമാധ്യമ ഗ്രൂപ്പ് വഴിയാണു പ്രവർത്തനമെന്നും കണ്ടെത്തിയിരുന്നു. 14 ഗ്രൂപ്പുകൾ ഇങ്ങനെ പ്രവർത്തിച്ചിരുന്നെന്നും പൊലീസ് കണ്ടെത്തി.

ഭർത്താവിൽ നിന്നുള്ള പീഡനം ഒരു യുട്യൂബ് വ്ലോഗിൽ യുവതി തുറന്നു പറയുകയായിരുന്നു. ഇതു കേട്ട യുവതിയുടെ ബന്ധുക്കൾക്കു സംശയം തോന്നി ചോദിച്ചപ്പോഴാണു സംഭവങ്ങൾ തുറന്നു പറഞ്ഞത്. തുടർന്നു കറുകച്ചാൽ പൊലീസിൽ പരാതി നൽകുകയായിരുന്നു.പ്രണയിച്ചു വിവാഹം കഴിച്ചതാണു യുവതിയും ഭർത്താവും. വിദേശത്തു ജോലി ചെയ്തിരുന്ന ഭർത്താവു തിരിച്ചെത്തിയ ശേഷമാണ് ഉപദ്രവങ്ങൾ ആരംഭിച്ചതെന്ന് അന്നു പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com