പങ്കാളികളെ കൈമാറ്റം ചെയ്യൽ കേസ്; പരാതിക്കാരി വെട്ടേറ്റു മരിച്ചനിലയിൽ
Mail This Article
മണർകാട് (കോട്ടയം) ∙ സമൂഹമാധ്യമങ്ങൾ വഴി പങ്കാളികളെ പരസ്പരം കൈമാറ്റം ചെയ്തെന്ന കേസിൽ പരാതിക്കാരിയായ യുവതിയെ വീട്ടിൽ വെട്ടേറ്റു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മാലം കാഞ്ഞിരത്തുംമൂട്ടിൽ ജൂബി (28) ആണ് കഴുത്തിൽ വെട്ടേറ്റു കൊല്ലപ്പെട്ടത്. പ്രതിയെന്നു സംശയിച്ചു പൊലീസ് തിരയുന്ന ഭർത്താവ് ഷിനോ മാത്യുവിനെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സമൂഹമാധ്യമങ്ങൾ വഴി പങ്കാളികളെ കൈമാറ്റം നടത്തിയെന്ന കേസിൽ പ്രധാന പ്രതിയാണ് ഷിനോ മാത്യു. കറുകച്ചാലിൽ 6 പേർ ഈ കേസിൽ നേരത്തേ അറസ്റ്റിലായിരുന്നു. ഈ സംഭവത്തിൽ പരാതിക്കാരിയായ ജൂബി ഒരു വർഷമായി ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിൽ കുട്ടികൾക്കൊപ്പം കഴിയുകയായിരുന്നു. ഇന്നലെ രാവിലെ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണു സംഭവം.
വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി ശുചിമുറിയിൽ വച്ചു കൊല നടത്തിയെന്നാണു പൊലീസ് നിഗമനം. വീടിന്റെ സിറ്റൗട്ടിലാണു മൃതദേഹം കിടന്നിരുന്നത്. പ്രാണരക്ഷാർഥം ജൂബി ഓടി ഇവിടേക്കു വന്നതാകാമെന്നു പൊലീസ് പറയുന്നു.വീടിനു പിന്നിൽ കളിച്ചിരുന്ന ഏഴും നാലും വയസ്സുള്ള കുട്ടികൾ കളി കഴിഞ്ഞ് എത്തുമ്പോഴാണ് അമ്മ രക്തംവാർന്നു കിടക്കുന്നതു കണ്ടത്. ഇവർ കരഞ്ഞപ്പോൾ നാട്ടുകാരെത്തിയാണു മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയത്.
ഷിനോ മാത്യു കഴിഞ്ഞ ദിവസങ്ങളിൽ വീടിനു സമീപത്ത് എത്തിയിരുന്നതായി ജൂബിയുടെ സഹോദരൻ മൊഴി നൽകി. പിതാവ് ജേക്കബ്, മാതാവ് മോളി, സഹോദരങ്ങളായ റോബിൻ, ജോബിൻ എന്നിവർക്കൊപ്പമാണ് ജൂബി താമസിച്ചിരുന്നത്. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് സ്ഥലത്തെത്തി.