ശരിക്കും ‘വിഘ്നേശ്വരി’: വെല്ലുവിളികളെ സധൈര്യം നേരിട്ട ആത്മവിശ്വാസത്തോടെ വി.വിഘ്നേശ്വരി കോട്ടയം കലക്ടർ
Mail This Article
കോട്ടയം ∙ വെല്ലുവിളികളെ നേരിടുകയെന്നതു വിഘ്നേശ്വരി വെള്ളൈച്ചാമി എന്ന വി.വിഘ്നേശ്വരിക്കു പുതുമയുള്ള കാര്യമല്ല. കലക്ടർ പദവിയിൽ ആദ്യമാണെങ്കിലും ഭംഗിയായി കൈകാര്യം ചെയ്യാമെന്ന വിശ്വാസമാണു പുതിയ കോട്ടയം കലക്ടർക്ക്. തന്നെക്കാൾ ഒരു വയസ്സ് ഇളപ്പമുള്ള എൻ.എസ്.കെ.ഉമേഷിനെ ഭർത്താവായി തിരഞ്ഞെടുത്തപ്പോഴും തമിഴ്നാട്ടിലെ ജാതിവെറി ഈ വിവാഹത്തിനു വെല്ലുവിളിയായി നിന്നപ്പോഴും സധൈര്യം തല ഉയർത്തിപ്പിടിച്ചു നിന്നു വിഘ്നേശ്വരി. ഉമേഷ് എറണാകുളത്തു കലക്ടറാണ്.
മധുര സ്വദേശിയായ ഇരുവരും 2015 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥരാണ്.ടിസിഎസിൽ സിസ്റ്റം എൻജിനീയറായി ജോലി നോക്കുന്നതിനിടെയാണു വിഘ്നേശ്വരിക്ക് സിവിൽ സർവീസ് ലഭിച്ചത്. ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക്സ് അഫയേഴ്സിൽ അസിസ്റ്റന്റ് സെക്രട്ടറിയായിട്ടായിരുന്നു ആദ്യ നിയമനം. തുടർന്നു കേരളത്തിലേക്ക്. സിവിൽ സർവീസ് അക്കാദമിയിലെ പരിശീലനത്തിനിടെയാണ് ഉമേഷിനെ പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും.
ഉമേഷ് വയനാട് സബ് കലക്ടറും വിഘ്നേശ്വരി കോഴിക്കോട് സബ് കലക്ടറുമായിരിക്കെ മധുരയിലായിരുന്നു വിവാഹം. തമിഴ്നാട്ടിലെ തീവ്രമായ ജാതി തർക്കങ്ങൾക്കെതിരായ സന്ദേശമായാണു വിവാഹത്തെ വിഘ്നേശ്വരി കാണുന്നത്.മധുരയിലാണു വളർന്നതെങ്കിലും ഗുജറാത്തിലെ സൗരാഷ്ട്ര മേഖലയിൽ നിന്നുള്ളയാളാണ് ഉമേഷ്. മധുരയിൽ നിന്ന് ഒരേ വർഷം രണ്ടു പേർക്കു സിവിൽ സർവീസ് ലഭിച്ചതു വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. കോട്ടയം ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കും തമിഴ്നാട് സ്വദേശിയാണ്.