ADVERTISEMENT

മണിമല ∙ ‘കാക്കിക്കുള്ളിൽ പൊലീസെങ്കിൽ........ അനിയനാണെങ്കിലും മാനിക്കണം.’ ഇത് പറയുന്നതു മണിമല പൊലീസ് സ്റ്റേഷനിലെ എസ്ഐമാർ അനിലും സുനിലും. മണിമല പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐമാരായ പി.എം.അനിൽകുമാറും പി.പി.സുനിലും സഹോദരങ്ങളാണ്. വീട്ടിൽ അനിൽകുമാറാണ് സീനിയർ എങ്കിലും സ്റ്റേഷനിൽ ദിവസങ്ങളുടെ വ്യത്യാസത്തിൽ അനിയൻ സുനിലാണു സീനിയർ. വിവിധ പൊലീസ് സ്റ്റേഷനുകളിലായിരുന്ന ഇരുവരും അടുത്തിടെ നടന്ന പൊതു സ്ഥലംമാറ്റത്തിലാണു മണിമല പൊലീസ് സ്റ്റേഷനിൽ എത്തിയത്.

ചിറക്കടവ് ഗ്രാമദീപം പുതുക്കാട്ട് റിട്ട.കെഎസ്ആർടിസി ഉദ്യോഗസ്ഥൻ മുരളീധരൻ നായരുടെയും പരേതയായ ഭവാനിയമ്മയുടെയും മക്കളാണ് ഇരുവരും. 1997 പൊലീസ് ട്രെയ്നിങ് ബാച്ചിലുള്ളവരാണു രണ്ടു പേരും. ഗ്രാജ്വേഷൻ കഴിഞ്ഞ് പരീക്ഷ പരിശീലനം നടത്തുന്നതിനിടയിലാണ് ഇരുവരും പിഎസ് സി പരീക്ഷയെഴുതിയത്. ഒരേ റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ച രണ്ടു പേരും ഒരേ ബാച്ചിൽ പരിശീലനം പൂർത്തിയാക്കി. 

സുനിലിന് 1997 ഡിസംബർ ഒന്നിന് നിയമനം ലഭിച്ചു. ഒന്നര മാസത്തോളം കഴിഞ്ഞ് 1998 ജനുവരി 27നാണ് അനിലിന് നിയമനം ലഭിച്ചത്. അനിൽ ഈരാറ്റുപേട്ട, പൊൻകുന്നം, മണിമല, തിടനാട് സ്റ്റേഷനുകളിലും സുനിൽ മണിമല, എരുമേലി, കാഞ്ഞിരപ്പള്ളി സ്റ്റേഷനുകളിലും ജോലി ചെയ്തിട്ടുണ്ട്. 

പൊലീസിൽ ജോലി ലഭിച്ച ശേഷം അനിലിന് അഗ്നിരക്ഷാ സേനയിലേക്കു നിയമന ഉത്തരവ് ലഭിച്ചെങ്കിലും സ്വീകരിച്ചില്ല. ഗ്രാമദീപത്തിലെ കുടുംബ വീട്ടിലാണ് അനിൽ താമസിക്കുന്നത്. ഇതിനോട് ചേർന്നാണു സുനിലും താമസിക്കുന്നത്. ജ്യോതിശ്രീയാണ് അനിൽ കുമാറിന്റെ ഭാര്യ. മക്കൾ പാർവതി, പവിത്ര, പ്രണവ്. ശാലിനിയാണ് സുനിലിന്റെ ഭാര്യ. മക്കൾ അശ്വിൻ, അമന്യു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com