കരമീൻ വിളവെടുത്തു; ഒന്നിന് 400 ഗ്രാം വരെ തൂക്കം: പ്രതിവർഷം ഉൽപാദിപ്പിക്കുന്നത് ഒരു ലക്ഷം കരിമീൻ
Mail This Article
കുലശേഖരമംഗലം ∙ കൂടുകളിൽ കരിമീൻ വളർത്തി നൂറുമേനി വിളവു നേടി കർഷകൻ. കുലശേഖരമംഗലത്തെ പത്തുപറയിൽ ജി.ശിവദാസന്റെ പത്തുപറ അക്വാ കൾചർ ഹൈടെക് ഫാമിലാണ് കരിമീൻ വിളവെടുത്തത്. നാലു കൂടുകളിലായി ഇവിടെ കരിമീൻ വളർത്തി. വിളവെടുത്ത ഒരു കരിമീനിന് 350 - 400 ഗ്രാം തൂക്കമുണ്ടായിരുന്നു. വിവിധ സ്ഥലങ്ങളിലെ റിസോർട്ട് ഉടമകളടക്കം കരിമീൻ വാങ്ങാനായി ഫാമിലെത്തി. കരിമീനിനു പുറമേ രോഹു, കട്‌ല, ഗിഫ്റ്റ് തിലാപ്പിയ, വാള, കാരി തുടങ്ങിയ മത്സ്യങ്ങളും ഇവിടെ വളർത്തുന്നുണ്ട്.
ഫിഷറീസിന്റെ അംഗീകൃത കരിമീൻ ഹാച്ചറിയാണ് പത്തുപറയിൽ അക്വാ കൾചർ ഫാം. പ്രതിവർഷം ഒരു ലക്ഷം കരിമീൻ കുഞ്ഞുങ്ങളെ ഇവിടെ ഉൽപാദിപ്പിച്ച് കർഷകർക്ക് നൽകണം. കരിമീനുകൾ മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിക്കാനുള്ള സൗകര്യം ഫാമിൽ ഒരുക്കിയിട്ടുണ്ട്. കായലും പുഴയുമായി ബന്ധപ്പെട്ട ജലാശയത്തോടു ചേർന്ന് ഫാം പ്രവർത്തിക്കുന്നതിനാൽ ഇവിടത്തെ കരിമീൻ കുഞ്ഞുങ്ങൾ മികവേറിയതാണ് എന്നാണ് കർഷകരുടെ അഭിപ്രായം.
വലുപ്പം അനുസരിച്ച് 6, 8, 10 രൂപ ക്രമത്തിൽ കരിമീൻ കുഞ്ഞുങ്ങളെ വിൽക്കും. ആറു വർഷമായി പ്രവർത്തിക്കുന്ന മത്സ്യ ഫാമിൽ പരിപാലനത്തിനായി ഉടമ ശിവദാസനൊപ്പം സഹായിയായി സുഹൃത്ത് ലക്ഷ്മണനും സജീവമാണ്.