രാത്രി പന്ത്രണ്ടരയോടെ വാവ സുരേഷെത്തി; 24 മൂർഖൻ പാമ്പുകൾ ‘പിടിയിൽ’
Mail This Article
കടുത്തുരുത്തി ∙ പുരയിടത്തിൽ കൃഷിക്കാർക്കും നാട്ടുകാർക്കും ഭീഷണിയായി മാറിയ മൂർഖനെയും 23 മൂർഖൻ കുഞ്ഞുങ്ങളെയും വാവ സുരേഷ് പിടികൂടി. കടുത്തുരുത്തി പഞ്ചായത്ത് ആറാം വാർഡ് മാവടി ഭാഗത്ത് തെക്കേടത്ത് പുരയിടത്തിൽ നിന്നാണ് 24 മൂർഖൻ പാമ്പുകളെ പിടികൂടിയത്. ആദ്യമായാണ് വാവ സുരേഷ് ഒന്നിച്ച് 24 മൂർഖൻ പാമ്പുകളെ പിടികൂടുന്നത്.
ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാണ് പുരയിടത്തിൽ വലിയ മൂർഖൻ പാമ്പിനെ കൃഷിക്കാരും പരിസരവാസികളും കണ്ടത്. തുടർന്നു വാവ സുരേഷിനെ വിവരമറിയിച്ചു. പാമ്പ് കയറിയ പൊത്ത് സുരേഷിന്റെ നിർദേശപ്രകാരം തുണികൊണ്ടു സുരക്ഷിതമായി അടച്ചു. രാത്രി പന്ത്രണ്ടരയോടെ സുരേഷെത്തി.
നാട്ടുകാരുടെ സഹായത്തോടെ മണ്ണുമാറ്റി. പാമ്പിന്റെ മുട്ടകൾ കണ്ടതോടെ നാട്ടുകാരെ മാറ്റി സുരേഷ് ഒറ്റയ്ക്ക് പാമ്പിന്റെ മാളം മാന്തി. തുടർന്നു മൂർഖൻ കുഞ്ഞുങ്ങളെ ഒന്നൊന്നായി പുറത്തെടുക്കുകയായിരുന്നു. അവസാനമാണു തള്ളമൂർഖനെ പിടികൂടിയത്. പുലർച്ചെ മൂന്നോടെയാണ് ‘ഓപ്പറേഷൻ’ സമാപിച്ചത്. പിടികൂടിയ പാമ്പുകളെ വനത്തിൽ തുറന്നുവിടുന്നതിനായി വാവ സുരേഷ് കൊണ്ടുപോയി.