ADVERTISEMENT

കുറവിലങ്ങാട് ∙ ഏതാനും വർഷം മുൻപാണ്. പട്ടിത്താനം മുതൽ മൂവാറ്റുപുഴ വരെ എംസി റോഡ് നവീകരണം. വികസനത്തിന്റെ പേരിൽ വെട്ടിമാറ്റിയതു രണ്ടായിരത്തിലധികം മരങ്ങൾ. സാമൂഹ്യ വനവൽക്കരണ പരിപാടിയുടെ ഭാഗമായി വെമ്പള്ളി തെക്കേക്കവല, മോനിപ്പള്ളി ടൗൺ എന്നിവിടങ്ങളിൽ തണൽ വിരിച്ചു നിന്ന മരങ്ങളും കോഴാ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ നിന്ന വർഷങ്ങൾ പ്രായമുള്ള വൻമരങ്ങളും വെട്ടി നീക്കി. വെട്ടി നീക്കിയ രണ്ടായിരത്തിലധികം മരങ്ങൾക്കു പകരം വികസനം നടപ്പാക്കിയപ്പോൾ കെഎസ്ടിപിയും കരാറുകാരും ചേർന്നു നാലായിരത്തിലധികം വൃക്ഷത്തൈകൾ റോഡരികത്തു നട്ടു. 

വെട്ടിമാറ്റിയ തണൽമരം. വെമ്പള്ളി ഭാഗത്തെ കാഴ്ച.
വെട്ടിമാറ്റിയ തണൽമരം. വെമ്പള്ളി ഭാഗത്തെ കാഴ്ച.

വർഷങ്ങൾക്കു ശേഷം ഈ മരങ്ങളുടെ അവസ്ഥ എന്താണ്. 4000 വൃക്ഷത്തൈകളിൽ പകുതി എണ്ണം പോലും തണൽ മരമായി വളർന്നില്ല.  മിക്കവയും സംരക്ഷണം ഇല്ലാതെ നശിച്ചു. വളർച്ച മുരടിച്ചു പോയ മരങ്ങളും ഒട്ടേറെ. വർഷങ്ങൾക്കു ശേഷം അടുത്തിടെയാണ് എംസി റോഡരികിലെ കാട് വെട്ടിത്തെളിച്ചു തുടങ്ങിയത്. നിലനിൽക്കുന്ന മരങ്ങൾ‍ പോലും സംരക്ഷിക്കാൻ അധികൃതർ നടപടി എടുക്കുന്നില്ല.

പൂന്തോട്ടം ഒരുക്കിമുൻ പഞ്ചായത്തംഗം

റോഡുകളുടെ വശങ്ങളിൽ പൂന്തോട്ടം ഒരുക്കി മുൻ പഞ്ചായത്തംഗം. കോഴാ സെന്റ് ജോസഫ്സ് കപ്പേളയുടെ സമീപത്ത് എംസി റോഡ്–കോഴാ–മണ്ണയ്ക്കനാട് റോഡ് എന്നിവയുടെ ഒരു വശത്താണു മുൻ പഞ്ചായത്തംഗം ജോർജ്.ജി.ചേന്നേലിൽ വർണവസന്തം ഒരുക്കിയത്. രണ്ടു റോഡുകളുടെ വശത്തും ഏകദേശം 100 മീറ്ററോളം ദൂരത്തിലാണു പൂച്ചെടികൾ നട്ടിരിക്കുന്നത്. വാടാമുല്ല, കോളാമ്പി, മറ്റു ചെടികൾ തുടങ്ങിയവ ഉണ്ട്. കോഴാ മുതൽ കേരള സയൻസ് സിറ്റി വരെ റോഡിനു ഇരുവശങ്ങളിലും സൗന്ദര്യവൽക്കരണം നടപ്പാക്കുമെന്നു ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രഖ്യാപിച്ചിരുന്നു. പക്ഷേ ബജറ്റിൽ ഉൾപ്പെടുത്തി പദ്ധതിയുടെ തുക പിന്നീട് വകമാറ്റി ചെലവഴിച്ചു.

വഴിയോരം ആരാമം ഉദ്ഘാടനം ഇന്ന്

കുറിച്ചിത്താനം പി.ശിവരാമപ്പിള്ള സ്മാരക പീപ്പിൾസ് ലൈബ്രറിയുടെ നേതൃത്വത്തിൽ മരങ്ങാട്ടുപിള്ളി പഞ്ചായത്ത്, ശ്രീകൃഷ്ണ വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ, കെ.ആർ നാരായണൻ ഗവ എൽപി സ്കൂൾ എന്നിവയുമായി സഹകരിച്ചു ഇന്ന് വഴിയോരം ആരാമം പദ്ധതിക്കു തുടക്കം കുറിക്കും. ശ്രീധരി ജംക്‌ഷൻ മുതൽ ശ്രീകൃഷ്ണ സ്കൂൾ വരെ പൂച്ചെടികളും ഔഷധച്ചെടികളും നട്ടു വളർത്തും. ഇന്ന് 10ന് ഉദ്ഘാടനം.

പൈതൃക വൃക്ഷം പദ്ധതി ‌ഉദ്ഘാടനം

വെളിയന്നൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അര നൂറ്റാണ്ട് പഴക്കമുള്ള എല്ലാ വൃക്ഷങ്ങൾക്കും പൈതൃക വൃക്ഷ പദവി നൽകുന്ന പദ്ധതി ഉദ്ഘാടനം ഇന്ന് നടക്കും.പൊതുസ്ഥലങ്ങളിലെയും ഉഴവൂർ - കൂത്താട്ടുകുളം, രാമപുരം - കൂത്താട്ടുകുളം, പുതുവേലി - വൈക്കം റോഡിരികിലെ മാവ്, ആൽ, ആഞ്ഞിലി മരങ്ങളെയുമാണു പൈതൃക വൃക്ഷങ്ങളായി തിരഞ്ഞെടുക്കുക. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ നടപ്പിലാക്കുന്ന പൈതൃകമരം പദ്ധതിക്കു ഇന്ന് 10.30 ന് അരീക്കര- പാറത്തോട് വഴിയരികിലെ മാവിൽ ചുവട്ടിൽ തുടക്കമാവും ഈ പ്രദേശത്തെ മരങ്ങളുടെ തുടർ സംരക്ഷണം ഏറ്റെടുക്കുന്നത് അരീക്കര സെന്റ് റോക്കീസ് യുപി സ്കൂൾ വിദ്യാർഥികളാണ് . ജനപ്രതിനിധികൾ, ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ ജില്ല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

അനിയന്റെ കാനന ക്ഷേത്രം

വനതീർഥം എന്ന കുളം. ബോധി വൃക്ഷത്തിന്റെ ചുവട്ടിൽ ബുദ്ധ പ്രതിമ. അരികിലായി കാനന ക്ഷേത്രവും രാശിചക്രവനവും മനുഷ്യരൂപത്തി‍ൽ ‘ഹ്യൂമൻ ഗാർഡനും’. എഴുത്തുകാരൻ അനിയൻ തലയാറ്റുംപിള്ളി കുറിച്ചിത്താനത്തെ തന്റെ മനയുടെ സമീപം ഒരുക്കിയിരിക്കുന്ന ജൈവ വൈവിധ്യങ്ങളുടെ കാഴ്ചയാണു കാനന ക്ഷേത്രം. ജൈവ വൈവിധ്യ സംരക്ഷണത്തിനായി ലക്ഷങ്ങൾ മുടക്കി. പക്ഷേ കാനന ക്ഷേത്രത്തിലെ ധ്യാനം ഉൾപ്പെടെ എല്ലാം സൗജന്യം. പ്രകൃതിയോടു ചേർന്നു എഴുത്തുപുര, വള്ളിക്കുടിൽ, ഊഞ്ഞാൽ, കാനന പാത തുടങ്ങിയ പദ്ധതികളും ഇവിടെ നടപ്പാക്കുന്നു. ഇതൊരു വിനോദ സഞ്ചാര പദ്ധതി അല്ല എന്നു അനിയൻ ഉറപ്പിച്ചു പറയുന്നു.സൂര്യനമസ്കാരം ചെയ്യുന്നതിനു ആദിത്യ മണ്ഡപം ഒരുക്കും. ഇതിനൊപ്പം അതിന്ദ്രിയം എന്ന പേരിൽ ധ്യാനത്തിനു പർണശാലയും ഒരുക്കും.

വെട്ടിമാറ്റിയ മരങ്ങൾ

പരിസ്ഥിതിദിനത്തിനു ദിവസങ്ങൾക്കു മുൻപ് കുറവിലങ്ങാട് മേഖലയിലെ ഏറ്റവും ഹരിതാഭമായ സ്ഥലത്തെ കൂറ്റൻ മരങ്ങൾ വെട്ടിമാറ്റി. ബ്ലോക്ക് പഞ്ചായത്ത് ഓഫിസിനു സമീപം എൽഎസ്ജിഡി ഓഫിസിനു മുൻഭാഗത്തു കെ.എം.മാണി സ്മാരക വഴിയോര വിശ്രമ, വിനോദ കേന്ദ്രം നിർമാണത്തിനു വേണ്ടിയാണു തലമുറകൾക്കു തണലേകിയ ആൽമരങ്ങൾ ഉൾപ്പെടെ മുറിച്ചു മാറ്റിയത്.എൽഎസ്ജിഡി ഓഫിസിലേക്കു എംസി റോഡിൽ നിന്നു പടികൾ കയറി എത്തുന്നവർക്കു വർഷങ്ങളായി തണലേകിയത് ഈ മരങ്ങളായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com