ദിവാകരന്റെ വെളിപ്പെടുത്തൽ ഗൗരവമുള്ളത്; നിസ്സാരമാക്കരുതെന്ന് കെ.സി. ജോസഫ്
Mail This Article
കോട്ടയം ∙ സോളർ കമ്മിഷൻ റിപ്പോർട്ടിൽ ഉമ്മൻ ചാണ്ടിയെ കുറ്റവാളിയാക്കാൻ നടന്ന ശ്രമങ്ങൾക്കു പിന്നിലെ ഗൂഢാലോചനയും അഴിമതിയും സംബന്ധിച്ച് സിപിഐ നേതാവ് സി. ദിവാകരന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളതാണെന്നും അതിനെ നിസ്സാരമാക്കാൻ ആരു ശ്രമിച്ചാലും അംഗീകരിക്കാൻ കഴിയില്ലെന്നും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും മുൻ മന്ത്രിയുമായ കെ.സി. ജോസഫ്. ഉമ്മൻ ചാണ്ടിയെച്ചൊല്ലി കോൺഗ്രസിൽ ഒരു തർക്കവുമില്ല. ടെനി ജോപ്പന്റെ അറസ്റ്റ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിഞ്ഞില്ലെന്ന് താനും അറസ്റ്റ് സംബന്ധിച്ച് അറിവുണ്ടായിരുന്നില്ലെന്ന് അന്നത്തെ ആഭ്യന്തര മന്ത്രിയായ തിരുവഞ്ചൂർ രാധാകൃഷ്ണനും പറഞ്ഞതിൽ അഭിപ്രായവ്യത്യാസം ഒന്നുമില്ല. അറസ്റ്റിന് നിർദേശം കൊടുത്ത അന്നത്തെ ഐജി എ. ഹേമചന്ദ്രനോ അന്നത്തെ ഡിജിപിയോ ഇക്കാര്യം മുഖ്യമന്ത്രിയെയോ ആഭ്യന്തരമന്ത്രിയെയോ അറിയിക്കാതിരുന്നതു പല സംശയങ്ങൾക്കും വഴിവയ്ക്കുന്നു.
ഉമ്മൻ ചാണ്ടിയുടെ ഓഫിസിനെ സോളർ കേസിലേക്കു വലിച്ചിഴയ്ക്കാൻ ഗൂഢാലോചനയുണ്ടായോ എന്ന കാര്യം അന്വേഷിക്കണമെന്നും കെ.സി. ജോസഫ് പറഞ്ഞു. സിപിഎമ്മിന്റെ നിന്ദ്യമായ പ്രവൃത്തികൾ തുറന്നു കാണിക്കാനും പൊതുപ്രവർത്തനത്തിൽ സത്യസന്ധതയും സംശുദ്ധിയും പുലർത്തിയ ഉമ്മൻ ചാണ്ടിയെ വ്യക്തിഹത്യ നടത്തുന്നതിനുള്ള നീക്കങ്ങൾ പൊളിച്ചു കാണിക്കാനും കോൺഗ്രസിനു ലഭിച്ച അവസരം വേണ്ടത്ര പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ലെന്ന അഭിപ്രായം പൊതുസമൂഹത്തിൽ ഉണ്ട്. എന്നാൽ ഇക്കാര്യത്തിൽ ആരെയും കുറ്റപ്പെടുത്താനില്ലെന്നും കെ.സി. ജോസഫ് പറഞ്ഞു.