തെരുവുനായശല്യം തടയൽ; 4 എബിസി കേന്ദ്രങ്ങൾ കൂടി
Mail This Article
കോട്ടയം ∙ തെരുവുനായശല്യം നേരിടാൻ കോടിമതയിലെ എബിസി സെന്റർ (നായ്ക്കളുടെ വന്ധ്യംകരണ കേന്ദ്രം) കൂടാതെ ജില്ലയിൽ 4 അത്യാധുനിക എബിസി സെന്റർ കൂടി ആരംഭിക്കും. 2 ബ്ലോക്കുകളുടെ പരിധിയിൽ ഒരു സെന്റർ എന്ന നിലയിലാണ് അനുമതിയുള്ളതെന്നു മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു. കഴിഞ്ഞ ജനുവരിയിൽ ആരംഭിച്ച കോടിമതയിലെ എബിസി സെന്ററിൽ ഇതുവരെ 567 നായ്ക്കളെ വന്ധ്യംകരിച്ചു.
കോടിമത എബിസി സെന്റർ സ്ഥാപിച്ച ശേഷം ഈ പരിസരങ്ങളിൽനിന്നു നായശല്യം സംബന്ധിച്ച പരാതികൾ ഗണ്യമായി കുറഞ്ഞതായി മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഡപ്യൂട്ടി ഡയറക്ടർ ഡോ. എൻ.ജയദേവൻ പറഞ്ഞു. നാട്ടുകാർക്കു ശല്യമാകുന്ന തെരുവുനായ്ക്കളെ പിടികൂടി സുരക്ഷിത ഇടങ്ങളിൽ പാർപ്പിക്കുന്നതു തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയാണ്. നായ്ക്കളുടെ വന്ധ്യംകരണം മാത്രമാണ് എബിസി സെന്ററിന്റെ ചുമതല. ജില്ലയിൽ പുതിയതായി അനുവദിച്ച സെന്ററുകൾക്കു തദ്ദേശസ്ഥാപനങ്ങൾ സ്ഥലം കണ്ടെത്തി നൽകിയാൽ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശല്യത്തിനു കുറവില്ല
അലഞ്ഞു തിരിയുന്ന നായ്ക്കൂട്ടം ജില്ലയിലെ എല്ലാ ഭാഗത്തും പതിവുകാഴ്ചയാണ്. നായ്ക്കളെ പേടിച്ചോടി വീണും മറ്റും പരുക്കേൽക്കുന്നതും നായ്ക്കൾ കുറുകെച്ചാടി ഇരുചക്രവാഹനങ്ങൾ മറിഞ്ഞുള്ള അപകടങ്ങളും മിക്കദിവസവും റിപ്പോർട്ട് ചെയ്യുന്നു. സ്കൂൾ തുറന്നതോടെ ഭീഷണി ഇരട്ടിച്ചു.
കുമരകത്തു കഴിഞ്ഞദിവസം തെരുവുനായ ചാടി ബൈക്ക് മറിഞ്ഞു യാത്രക്കാർക്കു പരുക്കേറ്റു. ബൈക്ക് ഓടിച്ച സാബു (40), പിന്നിൽ യാത്ര ചെയ്യുകയായിരുന്ന പ്രിയതമൻ (39) എന്നിവർക്കാണു പരുക്കേറ്റത്. കഴിഞ്ഞദിവസം കുറവിലങ്ങാട് പള്ളിക്കവലയിൽ സ്ത്രീയെ നായ കടിച്ചിരുന്നു. വൈക്കം നഗരസഭ 9–ാം വാർഡിൽ ചുടുകാട് റോഡിൽ 12 തെരുവുനായ്ക്കൾ അലയുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു.
നായ ആക്രമണത്തിന്റെ ഭീകരതയെപ്പറ്റി ഇരകൾ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്
''ഭാഗ്യം കൊണ്ടാണ് അന്ന് എന്റെ കുഞ്ഞ് രക്ഷപ്പെട്ടത്. 2022 ജൂൺ 28ന് ആണ് ഭാര്യ എൽസമ്മയെയും നാലര വയസ്സുകാരിയായ മകൾ എയ്ഞ്ചലിനെയും തെരുവുനായ ആക്രമിച്ചത്. സംസാരശേഷിയില്ലാത്ത എൽസമ്മയ്ക്കൊപ്പം ഇരവിമംഗലം ഖാദി സെന്ററിനു സമീപമുള്ള അങ്കണവാടിയിൽനിന്നു വീട്ടിലേക്കു മടങ്ങും വഴി പിന്നാലെ വന്ന നായ എയ്ഞ്ചലിനെ കടിച്ചു വലിച്ചിഴച്ചു. തടയാൻ ശ്രമിച്ച എൽസമ്മയ്ക്കും കടിയേറ്റു. എയ്ഞ്ചലിന്റെ വലതു കൈമുട്ടിൽ ആഴത്തിൽ കടിയേറ്റു. സംഭവത്തിൽ ജനപ്രതിനിധികളും അങ്കണവാടി അധികൃതരും ജസ്റ്റിസ് സിരിജഗൻ കമ്മിഷനു പരാതി നൽകിയെങ്കിലും നടപടികൾ ഒന്നുമായിട്ടില്ല.'' - ജോമോൻ കീരിമുകളേൽ ഇരവിമംഗലം, കുറുപ്പന്തറ
''കുറവിലങ്ങാട് മുട്ടുങ്കൽ ജംക്‌ഷനിലാണ് ഞാനും സുഹൃത്ത് തൂവനാട്ടുകുന്നേൽ രാധാകൃഷ്ണനും സഞ്ചരിച്ച ബൈക്കിനു കുറുകെ 3 നായ്ക്കൾ ചാടിവീണത്. ബൈക്ക് മറിഞ്ഞു ഞങ്ങൾ റോഡിൽ വീണു. ബൈക്കിൽ ഇടിച്ച ഒരു നായ ഓടിപ്പോയി. ബൈക്കിന് അടിയിലായിരുന്നു മറ്റൊരു നായ. അതു ഞങ്ങളെ കടിച്ചു. കാലിലെ മുറിവ് ഉണങ്ങാൻ മാസങ്ങൾ വേണ്ടി വന്നു.'' - തുളസീദാസ്, സ്ഥിരസമിതി അധ്യക്ഷൻ, മരങ്ങാട്ടുപിള്ളി പഞ്ചായത്ത്
''2 വർഷം മുൻപ്, അന്നു പ്ലസ്ടുവിനു പഠിക്കുന്ന മകൾ വീടിന്റെ പിന്നിൽ തുണി കഴുകി നിൽക്കുമ്പോഴാണു തെരുവുനായ ആക്രമിച്ചത്. കുട്ടിയെ ആക്രമിക്കുന്നതു കണ്ടു ഞാൻ ഓടിയെത്തി. കാലുകളിലാണു നായ കടിച്ചത്. എന്റെ കൈകളിലും കടിച്ചു. കയ്യിൽ കിട്ടിയ വടി ഉപയോഗിച്ച് അടിച്ചോടിച്ചു. ഓടിയ വഴിക്ക് 8 പേരെക്കൂടി ആ നായ ആക്രമിച്ചു. ഡിഗ്രിക്കു പഠിക്കുന്ന മകൾക്ക് ഇപ്പോഴും നായ്ക്കളെ കാണുമ്പോൾ ഭീതിയാണ്.'' - ഉദയഭാനു മലയിൽ, പുളിമൂട്, പാറത്തോട്.
ഒരു മാസത്തിനിടെ കടിയേറ്റത് 115 പേർക്ക്
ജില്ലയിൽ 6 മാസത്തിനിടെ 2388 പേർക്കു നായ്ക്കളുടെ കടിയേറ്റു. ജനുവരി ഒന്നു മുതൽ ഇന്നലെ വരെയുള്ള കണക്കാണിത്. ഇതിൽ വീട്ടിൽ വളർത്തുന്ന നായ്ക്കൾ കടിച്ചതും ഉൾപ്പെടും. ഈ മാസം ഇതുവരെ 115 പേർക്കു കടിയേറ്റിട്ടുണ്ട്. മരണങ്ങൾ സംഭവിച്ചിട്ടില്ല.
നായ്ക്കളെ പിടിക്കാൻ 31 പേർ
ജില്ലയിൽ നായ്ക്കളെ ശാസ്ത്രീയമായി പിടിക്കാൻ 31 പേർക്കു പരിശീലനം നൽകി. ഇവരുടെ വിവരങ്ങൾ എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും കൈമാറി. നായയെ പിടിക്കേണ്ട ആവശ്യം വന്നാൽ അതതു തദ്ദേശ സ്ഥാപനങ്ങളെ സമീപിച്ചാൽ സേവനം ലഭ്യമാകും. ചെലവു തദ്ദേശ സ്ഥാപനമോ വ്യക്തിയോ വഹിക്കണം.
∙ഇതുവരെ കുത്തിവയ്പെടുത്ത വളർത്തുനായ്ക്കൾ 28979
∙ഇതുവരെ കുത്തിവയ്പെടുത്ത തെരുവുനായ്ക്കൾ 886