ശരത്തിനും ഇവാനും കണ്ണീർയാത്രമൊഴി, സുഹൃത്തുക്കളുടെ നൻപന് വിട, കരിയാറിൽ വള്ളം മറിഞ്ഞ് മരിച്ചവരുടെ സംസ്കാരം നടത്തി
Mail This Article
വൈക്കം ∙ കരിയാറിന്റെ ആഴങ്ങൾ കവർന്ന ശരത്തിനും ഇവാനും കണ്ണീർ യാത്രാമൊഴി. വള്ളം മറിഞ്ഞു മരിച്ച ചെട്ടിമംഗലം പുത്തൻതറയിൽ ശരത്തിനും ശരത്തിന്റെയും സഹോദരി ശാരിയുടെ പുത്രൻ ഇവാന്റെയും വേർപാട് നാടിന്റെ നൊമ്പരമായി. ശരത്തിന്റെ പിതാവിന്റെ അച്ഛൻ മാധവന്റെ മരണവാർത്തയറിഞ്ഞു വൈക്കം ചെട്ടിമംഗലത്തു നിന്നു കരിയാറിലൂടെ തലയാഴം പഞ്ചായത്തിലെ ചെട്ടിക്കരയിലുള്ള വീട്ടിലേക്കു കുടുംബത്തിലെ ആറുപേർ വള്ളത്തിൽ പോകുന്നതിനിടെയായിരുന്നു അപകടം. മുത്തച്ഛന്റെ ചിതയണയും മുൻപ് ശരത്തിന്റെ ചിതയും അഗ്നിയിലമർന്നു. ഇതിനു സമീപമാണ് ഇവാനെയും അടക്കിയത്.
ഉദയനാപുരം പഞ്ചായത്തംഗം കെ.ദീപേഷിന്റെ മകനായ ഇവാന്റെ മൃതദേഹം സംസ്കരിക്കുന്നതിനായി തയാറാക്കിയ കുഴിയിൽ വെള്ളം നിറഞ്ഞതിനെ തുടർന്നു മോട്ടർ ഉപയോഗിച്ചു വെള്ളം വറ്റിക്കേണ്ടി വന്നു.ഉച്ചയ്ക്കു പന്ത്രണ്ടോടെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ ചെട്ടിമംഗലത്തെ ശരത്തിന്റെ വീട്ടുവളപ്പിൽ എത്തിച്ചത്. അന്തിമോചചാരം അർപ്പിക്കാൻ നാട് ഒന്നടങ്കമെത്തി.
സുഹൃത്തുക്കളുടെ നൻപന് വിട
ഓട്ടോ ഡ്രൈവറായിരുന്ന ശരത്തിനെ സുഹൃത്തുക്കൾ ‘നൻപൻ’ എന്നാണു വിളിച്ചിരുന്നത്. ‘നൻപനെ’ അവസാനമായി കാണാനെത്തിയ സുഹൃത്തുക്കൾ പൊട്ടിക്കരഞ്ഞു. സഹോദരി ശാരിയുടെ മകൾ ഇതികയെ മുങ്ങിയെടുത്തശേഷം ഇവാനെ രക്ഷപ്പെടുത്തി കരയ്ക്കെത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണു ശരത് വെള്ളത്തിൽ താണുപോയത്.