കാടുമൂടി കടുത്തുരുത്തി റെയിൽവേ സ്റ്റേഷൻ
Mail This Article
കടുത്തുരുത്തി ∙ കടുത്തുരുത്തി (വാലാച്ചിറ) റെയിൽവേ സ്റ്റേഷനും പരിസരവും കാടുമൂടി. പാമ്പുകടി ഏൽക്കാതിരിക്കാൻ യാത്രക്കാർ വടി കയ്യിൽ കരുതണം. പ്ലാറ്റ്ഫോമിന്റെ പരിസരവും ബെഞ്ചുകളും കാടുകയറിയ നിലയിലാണ്. ഇഴജന്തുക്കളുടെയും തെരുവു നായ്ക്കളുടെയും ശല്യവും രൂക്ഷമാണ്. പൊന്തക്കാടുകൾക്കുള്ളിൽ തെരുവു നായ്ക്കൾ തമ്പടിച്ചിട്ടുണ്ട്. പാസഞ്ചർ ട്രെയിനുകൾ മാത്രമാണ് ഇവിടെ നിർത്തുന്നത്. ഒട്ടേറെ യാത്രക്കാർ ഇവിടെ ട്രെയിൻ ഇറങ്ങുകയും കയറുകയും ചെയ്യുന്നുണ്ട്.
ഏതാനും വർഷം മുൻപ് ലക്ഷക്കണക്കിനു രൂപയുടെ വികസന പദ്ധതികൾ തോമസ് ചാഴികാടൻ എംപി ഇടപെട്ട് നടത്തിയിരുന്നു. യാത്രക്കാർക്ക് വിശ്രമിക്കാനായി പ്ലാറ്റ്ഫോമിൽ ചാരു ബെഞ്ചുകളും സ്ഥാപിച്ചിരുന്നു. ഈ ബെഞ്ചുകളിൽ ഉൾപ്പെടെ കാടുവളർന്ന നിലയിലാണ്,. രാത്രിയിൽ ആവശ്യത്തിന് വെളിച്ചവും ഇവിടെയില്ലെന്നു യാത്രക്കാർ പരാതിപ്പെടുന്നു.
സ്ത്രീകൾ അടക്കമുള്ള യാത്രക്കാർ ഏറെ ഭയപ്പെട്ടാണ് ഇവിടെ ട്രെയിൻ ഇറങ്ങുകയും കയറുകയും ചെയ്യുന്നത്. അധികൃതർ ഇടപെട്ട് സ്റ്റേഷനും പരിസരവും വൃത്തിയാക്കണമെന്നു യാത്രക്കാരും പരിസരവാസികളും ആവശ്യപ്പെടുന്നു.