മാർമലയിൽ പാറയിൽ കുടുങ്ങിയ യുവാക്കളെ രക്ഷപ്പെടുത്തി
Mail This Article
തീക്കോയി ∙ മാർമല അരുവിക്കു താഴെ പാറയിൽ കുടുങ്ങിയ 6 പേരെ അഗ്നിരക്ഷാസേനയും ഈരാറ്റുപേട്ട നന്മക്കൂട്ടവും സന്നദ്ധസംഘടനകളും നാട്ടുകാരും ചേർന്നു രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചയോടെ മാർമല അരുവി കാണാനെത്തിയ വൈക്കം സ്വദേശികളായ സിജിൽ (25), ബെനിറ്റ് (27), മിജിൽ (24), ടോമി (26), അജ്മൽ (27), ജെറിൻ (20) എന്നിവരാണു വെള്ളത്തിനു നടുവിലെ പാറയ്ക്കു മുകളിൽ കുടുങ്ങിയത്. അരുവി കണ്ടതിനു ശേഷം ഇവർ താഴെയുള്ള ഉയരം കൂടിയ പാറയിൽ കയറുകയായിരുന്നു. ഇതിനിടെ അരുവിയിൽ ജലനിരപ്പുയർന്ന് പാറയ്ക്കു ചുറ്റും വെള്ളം കയറിയതാണു പ്രശ്നമായത്.
കഴിഞ്ഞ ദിവസം അരുവിയിൽ അപകടം ഉണ്ടായതിനാൽ നന്മക്കൂട്ടം പ്രവർത്തകർ സ്ഥലത്തുണ്ടായിരുന്നു. വെള്ളം ഉയരുന്നതു കണ്ടപ്പോൾത്തന്നെ മറ്റു സഞ്ചാരികളെ അരുവിയിൽ നിന്ന് ഇവർ ഒഴിപ്പിച്ചതിനാൽ വലിയ ദുരന്തം ഒഴിവായി.വാഗമൺ മലനിരകളിലുണ്ടായ ശക്തമായ മഴയെത്തുടർന്നാണ് അരുവിയിൽ പെട്ടെന്നു ജലനിരപ്പുയർന്നത്. തീക്കോയിയിൽ തെളിഞ്ഞ കാലാവസ്ഥ ആയിരുന്നതിനാൽ സഞ്ചാരികൾ ജലനിരപ്പുയർന്നതു മനസ്സിലാക്കാൻ വൈകി.
ഷോൺ ജോർജ്, ജില്ലാ പഞ്ചായത്തംഗം
മാർമലയിൽ സുരക്ഷ ഒരുക്കുന്നതിനും അടിസ്ഥാനസൗകര്യ വികസനത്തിനുമായി 10 ലക്ഷം രൂപ അനുവദിക്കും.