മഴയോടൊപ്പം കിഴക്കൻ വെള്ളവും; അഞ്ഞൂറിലേറെ വീടുകൾ വെള്ളത്തിൽ
Mail This Article
വൈക്കം ∙ മഴയോടൊപ്പം കിഴക്കൻ വെള്ളത്തിന്റെ വരവും ശക്തമായതോടെ താലൂക്കിന്റെ വിവിധ മേഖലയിലുള്ള അഞ്ഞൂറിലേറെ വീടുകൾ വെള്ളത്തിലായി. തലയോലപ്പറമ്പ് എ.ജെ.ജോൺ മെമ്മോറിയൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ദുരിതാശ്വാസ ക്യാംപ് തുടങ്ങി. 12 കുടുംബങ്ങളിൽ നിന്നായി 33 പേരാണു ക്യാംപിൽ കഴിയുന്നത്. മറ്റു കുടുംബങ്ങൾ ബന്ധുവീടുകളിലും മറ്റുമായി അഭയം തേടി.
തലയോലപ്പറമ്പ് പുത്തൻതോട്ടിൽ പോള അടിഞ്ഞു തടസ്സപ്പെട്ട നീരൊഴുക്കു പുനഃസ്ഥാപിച്ചു. മറവൻതുരുത്ത് പഞ്ചായത്തിലെ 4–ാം വാർഡ്, കുളങ്ങര കോളനി, മണലേൽ കോളനി, പഞ്ഞിപ്പാലം, മുതലക്കുഴി മേഖലയിലെ ഒട്ടേറെ വീടുകൾ വെള്ളത്തിലാണ്. ഇടവട്ടം തോട്ടുവേലിൽ സനീഷിന്റെ 400 ഏത്തവാഴകൾ വെള്ളം കയറി നശിച്ചു. ഓണവിപണി ലക്ഷ്യമിട്ടു വളർത്തിയ വാഴയാണു നശിച്ചത്.
തലയാഴം പഞ്ചായത്തിലെ 3 കോളനികളിൽ ഉൾപ്പെടെ ഇരുനൂറിലേറെ വീടുകൾ വെള്ളത്തിലാണ്. കൃഷിയും നശിച്ചു. വെച്ചൂർ പഞ്ചായത്തിലെ വലിയ പാടശേഖരങ്ങളിൽ ഒന്നായ 480 ഏക്കറുള്ള വലിയ പുതുക്കരി പാടശേഖരത്തിൽ തൂമ്പ് തള്ളി മടവീഴ്ച ഉണ്ടായി. ഇന്നലെ പുലർച്ചെ ആറോടെയാണു സംഭവം. ഇതോടെ ഒരേക്കറിലധികം സ്ഥലത്തു വെള്ളം കയറി. ഏതാനും ദിവസം മുൻപു പറിച്ചുനട്ട ഞാറുകൾ വെള്ളത്തിലായി. ഇതു നശിക്കുമെന്ന ആശങ്കയിലാണു കർഷകർ.
തോട്ടിൽ പോള നിറഞ്ഞ് ഒഴുക്കു തടസ്സപ്പെട്ട് ജലനിരപ്പ് ഉയർന്നതാണു കാരണമെന്നു കർഷകർ പറഞ്ഞു. വൈദ്യുതി തടസ്സം ഉണ്ടായാൽ പമ്പിങ് മുടങ്ങുമോ എന്ന ഭീതിയും കർഷകർക്കുണ്ട്. ഇന്നലെ ഉച്ചയോടെ മഴ അൽപം കുറഞ്ഞതു ജനങ്ങൾക്ക് ആശ്വാസമേകുന്നുണ്ടെങ്കിലും കിഴക്കൻ വെള്ളത്തിന്റെ വരവിൽ കാര്യമായ കുറവില്ലാത്തത് ആശങ്കപ്പെടുത്തുന്നുണ്ട്.