ADVERTISEMENT

കുമരകം ∙ വെള്ളപ്പൊക്കത്തിൽ മുങ്ങിയ പടിഞ്ഞാറൻ മേഖല പൂർവ സ്ഥിതി പ്രാപിക്കുന്നു. മഴയിലും മീനച്ചിലാറിലൂടെ ഒഴുകി എത്തിയ കിഴക്കൻ വെള്ളത്തിന്റെയും പിടിയിലായ വീടുകൾക്കും പുരയിടങ്ങൾക്കും മോചനമായി. തിരുവാർപ്പ് പഞ്ചായത്തിലെ കിളിരൂർക്കുന്നും ചെങ്ങളം കുന്നുംപുറവും ഒഴിച്ചുള്ള പ്രദേശങ്ങൾ വെള്ളത്തിലായിരുന്നു. അയ്മനം പഞ്ചായത്തിന്റെ ഭൂരിഭാഗം സ്ഥലങ്ങളും വെള്ളത്തിലായിരുന്നു.കുമരകം പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിലാണ് വെള്ളം കയറിയത്. വിവിധ ദുരിതാശ്വാസ ക്യാംപുകളിൽ കഴിഞ്ഞിരുന്നവർ വീടുകളിലേക്കു മടങ്ങി. തിരുവാർപ്പ് പഞ്ചായത്തിൽ ഗവ. യുപി സ്കൂളിലെയും ചെങ്ങളം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെയും ക്യാംപുകൾ ഒഴികെ ബാക്കിയെല്ലാം പിരിച്ചു വിട്ടു.

വെള്ളം കയറിയ തിരുവാർപ്പ് പ‍ഞ്ചായത്തിലെ ഒൻപതാം വാർഡിൽ പ്രവർത്തിക്കുന്ന ലിറ്റിൽ സ്റ്റാർ നഴ്സറി സ്കൂൾ വൃത്തിയാക്കുന്നു.
വെള്ളം കയറിയ തിരുവാർപ്പ് പ‍ഞ്ചായത്തിലെ ഒൻപതാം വാർഡിൽ പ്രവർത്തിക്കുന്ന ലിറ്റിൽ സ്റ്റാർ നഴ്സറി സ്കൂൾ വൃത്തിയാക്കുന്നു.

മാധവശേരി, പാലത്തറ കോളനികളിലെ കുടുംബങ്ങളാണു ഈ രണ്ടു ക്യാംപുകളിലായി കഴിയുന്നത്. അയ്മനം പഞ്ചായത്തിലെ ക്യാംപുകളുടെ എല്ലാം പ്രവർത്തനം അവസാനിപ്പിച്ചു. ക്യാംപുകളിൽ നിന്നു എത്തിയവർ വീട് വൃത്തിയാക്കുന്ന തിരിക്കിലണ്. തിരുവാർപ്പ് പ‍ഞ്ചായത്തിലെ ഒൻപതാം വാർഡിലെ ലിറ്റിൽ സ്റ്റാർ നഴ്സറിയിലെ ചെളിയും മറ്റു മാലിന്യങ്ങളും അടിഞ്ഞു കിടന്നത് ഇന്നലെ നീക്കം ചെയ്തു. മഴ മാറി വെയിൽ എത്തിയത് വൃത്തിയാക്കൽ ജോലി ചെയ്യുന്നവർക്കു അനുഗ്രഹമായി. വീടുകളിലെ മോട്ടർ ഉൾപ്പെടെ ഉള്ള ഉപകരണങ്ങൾ വെള്ളം കയറി കേടായി. ശുദ്ധജല വിതരണം തടസ്സപ്പെടുന്നത് വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ ജനങ്ങളെ വലയ്ക്കുന്നു.

കിണറും കുളങ്ങളും വെള്ളപ്പൊക്കത്തെത്തുടർന്നു മാലിന്യം കലർന്നു. അതിനാൽ വീടുകളിൽ തിരിച്ചെത്തിയവർ ഉൾപ്പെടെ ഉള്ള വീട്ടുകാർക്കു പൈപ്പ് വെള്ളം മാത്രമാണു ആശ്രയം. ജല വിതരണം സുഗമമായി നടന്നില്ലെങ്കിൽ ആളുകൾ വെള്ളത്തിനായി അലയേണ്ടി വരും. പൊതു സ്ഥലങ്ങൾ ഉൾപ്പെടെ ഉള്ളയിടത്തെ ശുദ്ധീകരണ പ്രവർത്തനങ്ങൾക്കായി പഞ്ചായത്തും ആരോഗ്യ വകുപ്പും അടിയന്തരമായി രംഗത്തിറങ്ങണമെന്ന ആവശ്യം ഉയർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com