ഷൂട്ടിങ്ങിന് അങ്ങുദൂരെ പോയപോലെ; കൊല്ലം സുധിയുടെ കുടുംബം പറയുന്നു...
Mail This Article
ജീവിതം പച്ചപിടിച്ചു വരുമ്പോഴാണ് കൊല്ലം സുധി അപകടത്തിൽ പൊലിഞ്ഞത്. നീറുന്ന ഓർമകളിൽനിന്ന് കുടുംബം ഇതുവരെ മോചിതരായിട്ടില്ല...
ഒരു ദിവസത്തെ പരിപാടിയല്ലേ ഉള്ളൂ, നാളെ രാവിലെ ഇങ്ങെത്താം... വീട്ടുകാരോട് ഇങ്ങനെ പറഞ്ഞ് വാകത്താനം പൊങ്ങന്താനം പന്തിരുപറ കോളനിയിലെ വാടകവീട്ടിൽ നിന്നു കൊല്ലം സുധി യാത്രയായിട്ട് ഇന്ന് 41 ദിവസം. പ്ലസ്ടു വിദ്യാർഥിയായ മൂത്തമകൻ രാഹുൽ കഴിഞ്ഞദിവസം വലതു കയ്യിൽ അച്ഛന്റെ ചിരിക്കുന്ന മുഖം പച്ചകുത്തി. ഒപ്പം ഇതുകൂടി ചേർത്തു.– now and forever !.
അതെ, ഒരുമിച്ചു കണ്ട സ്വപ്നങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ചു കൊല്ലം സുധി ജീവിതവേദിയോടു വിടപറഞ്ഞു എന്ന യാഥാർഥ്യത്തോടു പൊരുത്തപ്പെടാനുള്ള വൃഥാശ്രമത്തിലാണ് ഭാര്യ രേഷ്മയും (രേണു) മൂത്ത മകൻ രാഹുലും ഇളയമകൻ ഋതുലും.
എവിടെയും പോയിട്ടില്ല, ഇവിടെയുണ്ട്
കുറച്ചു വർഷങ്ങളായി കൊല്ലം സുധിയുടെ ലോകവും ജീവിതവും പന്തിരുപറ കോളനിയിലെ പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള വാടകവീടിനെ ചുറ്റിപ്പറ്റിയായിരുന്നു. രേണുവുമായുള്ള വിവാഹശേഷമാണ് ഇവിടേക്ക് എത്തിയത്. നാട്ടുകാരുമായും ഏറെ സൗഹൃദം പുലർത്തി. ഷൂട്ടില്ലാത്ത ദിവസങ്ങളിൽ ഗ്രാമീണ വഴികളിലൂടെയെല്ലാം നടക്കാൻ പോകും. കൊല്ലം സുധി ദൂരെ എവിടെയോ ഷൂട്ടിനു പോയെന്ന് വിശ്വസിക്കാനാണ് എല്ലാവർക്കും ഇഷ്ടം. പാത്രങ്ങളും ചെറിയ വീട്ടുപകരണങ്ങളും കറിപൗഡറുകളും ഉൾപ്പെടെ വിൽക്കാൻ വരുന്ന ചെറുപ്പക്കാരെ വഴിയിൽ കണ്ടാൽ അവരെ സുധി വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരും.
ഉച്ചസമയമാണെങ്കിൽ നിർബന്ധിപ്പിച്ച് ഭക്ഷണം കഴിപ്പിക്കും. കുറച്ചുസമയം വിശ്രമിക്കാൻ പറയും. വിൽക്കാൻ കൊണ്ടുവന്ന മുഴുവൻ സാധനങ്ങളും മിക്കവാറും സുധി വാങ്ങുകയും ചെയ്യും. ഇത്തരത്തിൽ വാങ്ങിയ കുറെ പാത്രങ്ങളും മറ്റും ഇപ്പോഴും വീട്ടിൽ കിടക്കുന്നുണ്ട്. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്നു വീട്ടുകാർ സുധിയോടു ചോദിച്ചിട്ടുണ്ട്. ‘അവരും കുഞ്ഞുങ്ങളല്ലേ, നമുക്കുമില്ലേ കുഞ്ഞുങ്ങൾ. വെയിലത്തു തളർന്നു നടക്കുന്നത് കാണാൻ കഴിയില്ല’ എന്നായിരുന്നു മറുപടി.
ടിവി ഷോകൾ, സിനിമകൾ, വിദേശപര്യടനം... ജീവിതം പച്ചപിടിച്ചു വരുമ്പോഴാണ് ഈ വേർപാട്. മരണവിവരം ഋതുലിനോടു പറഞ്ഞിട്ടില്ല. പക്ഷേ കഴിഞ്ഞദിവസം അവൻ എന്നോടു പറഞ്ഞു. ‘കുല്ലം സുധി അച്ച മരിച്ചുപോയി’ എന്ന്. സുധിയുടെ ഓർമ നിലനിർത്താൻ കഴിയുന്ന എന്തെങ്കിലും സ്മാരകം ഉണ്ടാകണമെന്ന് ആഗ്രഹമുണ്ട്– രേണു പറഞ്ഞു.