മൂത്തേടത്തുകാവ് ക്ഷേത്രത്തിലെ നടതുറപ്പ് ഉത്സവം ഇന്ന്
Mail This Article
വൈക്കം ∙ മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ നടതുറപ്പ് ഉത്സവം ഇന്ന് ആഘോഷിക്കും. പൗരാണികമായി ചിലപ്പതികാരത്തിൽ കണ്ണകി ദേവിയായും വൈദികപരമായി ശ്രീ പരമേശ്വരന്റെ പുത്രി ഭാവത്തിലുമാണ് മൂത്തേടത്ത് കാവിലെ പ്രതിഷ്ഠ സങ്കൽപം.മേടം ഒന്നിന് വിഷു നാളിൽ എരിതേങ്ങ സമർപ്പണത്തിനും അരിയേറിനും ശേഷം ദേവി ഭർത്താവായ കോവിലന്റെ സമീപം മധുരാപുരിയിലേക്കു പോകുന്നതായി വിശ്വാസം. മൂന്നു മാസങ്ങൾക്ക് ശേഷം കർക്കിടകം ഒന്നിനാണ് ദേവി ക്ഷേത്രത്തിലേക്കു തിരിച്ച് എഴുന്നള്ളുന്നത്. ഇക്കാലയളവിൽ ക്ഷേത്ര നട തുറന്നു പൂജയും ഭക്തർ ദർശനം നടത്തുകയോ പതിവില്ല. ദേവി തിരിച്ച് എഴുന്നള്ളുന്ന ഇന്ന്
പുലർച്ചെ 4ന് ഗോപുര നടയിൽ നിന്നും ദേവിയെ എതിരേറ്റ് ക്ഷേത്രത്തിലേക്ക് ആനയിക്കും. തന്ത്രി മോനാട്ട് കൃഷ്ണൻ നമ്പൂതിരി, മേൽശാന്തി എം.അച്യുതൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ കുടിയിരുത്തു പൂജ നടത്തി നിത്യ പൂജകൾ ആരംഭിക്കും. വിവിധ വാദ്യമേളങ്ങൾ അകമ്പടിയേകും.
ഊരാണ്മക്കാരായ ആനത്താനത്ത് ഇല്ലത്ത് എ.ജി.വാസുദേവൻ നമ്പൂതിരി, ഇണ്ടംതുരുത്തി മന നീലകണ്ഠൻ നമ്പൂതിരി, മുരിങ്ങൂർ മന വിഷ്ണു നമ്പൂതിരി എന്നിവർ നേതൃത്വം നൽകും. തോട്ടയ്ക്കാട്ട് കുടുംബത്തിന്റെ കുടിയിരുത്തു പാട്ടും ഉണ്ടാവും. കലശ പൂജയോടെ ഉച്ചപ്പൂജയും നടത്തും.നാലമ്പലത്തിനകത്ത് മണ്ഡപത്തിൽ പഞ്ചവർണ പൊടികളാൽ ദേവിയുടെ കളമെഴുത്തുപാട്ടും നടത്തും. തലയാഴം തെക്കേടത്ത് ശശിധര ശർമ ആചാര്യനാകും.
വൈകിട്ട് 5ന് വണിക വൈശ്യ സംഘത്തിന്റെ വിൽപാട്ടും, വിശേഷാൽ ദീപാരാധനയും തെക്കു പുറത്തു വലിയ ഗുരുതിയും വലിയ തീയാട്ടും നടത്തും.ഇന്ന് രാവിലെ 10ന് രാമായണ മാസാചരണത്തിന്റെ ദീപ പ്രകാശനം സി.കെ.ആശ എംഎൽഎ നിർവഹിക്കും. വൈക്കം മേൽശാന്തി ടി.ഡി.നാരായണൻ നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തും. ഗ്രാമ ദേവതയായ മൂത്തേടത്ത് കാവ് ഭഗവതിയുടെ വരവ് വലിയ ആഘോഷമായാണ് കൊണ്ടാടുക.നടതുറപ്പ് ദിനമായ ഇന്ന് സർവാഭരണ വിഭൂഷിതയായ ദേവിയെ ദർശിച്ച് അനുഗ്രഹം വാങ്ങാൻ ആയിരങ്ങൾ ക്ഷേത്രത്തിൽ എത്തും.