അപകടക്കെണികൾ; സുരക്ഷയ്ക്ക് ‘ഒരു ചാക്ക്’, കണ്ണൊന്നു തെറ്റിയാൽ കാലൊടിയും
Mail This Article
പാമ്പാടി ∙ ‘ ആരെങ്കിലും ഇൗ കുഴിയിൽ വീണ് കാൽ ഒടിയണം, എങ്കിലേ ഇനി നടപടി ഉണ്ടാകൂ ’ ബസ് സ്റ്റാൻഡിന് സമീപം ദേശീയപാതയുടെ സമീപത്തെ മൂടിയില്ലാത്ത ഓടയിൽ നോക്കി മീനടം സ്വദേശി ജയിംസ് ജോർജ് പറയുന്നത് അമർഷത്തോടെയാണ് . ‘ ശരിയാണ്, അപകടം ഉണ്ടായാൽ പിന്നെ അന്വേഷണമായി ,പഴി പറച്ചിലായി, ചർച്ചയായി ,ഇതൊക്കെ ഒറ്റ ദിവസം കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നമല്ലേ ഉള്ളൂ ’ ഓട്ടോ ഡ്രൈവർ രാജേഷ് പറയുന്നു . ടൗണിൽ ജനത്തിരക്കുള്ള സ്ഥലത്ത് ഇത്തരത്തിൽ മൂന്ന് അപകട സ്ഥലങ്ങളാണ് കാൽനട യാത്രക്കാർക്ക് ഭീഷണിയായി വാ തുറന്ന് ഇരിക്കുന്നത്.
വെള്ളം നിറഞ്ഞ കുഴിയിൽ നടപടിയും ജലരേഖ
ബസ് സ്റ്റാൻഡിന് സമീപം ദേശീയപാതയിൽ നിന്നും കമ്യൂണിറ്റി ഹാൾ, പറചാമുണ്ടി ഭാഗം എന്നിവിടങ്ങളിലേക്കുള്ള വഴി തുടങ്ങുന്ന സ്ഥലത്താണ് സ്ലാബ് ഇല്ലാത്ത ഓടയിലെ കുഴി അപകട സാധ്യത വർധിപ്പിക്കുന്നത്. കാൽനടയാത്രക്കാർ പലരും കുഴിയിൽ വീഴുന്നത് പതിവായതോടെ പച്ചക്കറി കൊണ്ടുവരാൻ ഉപയോഗിക്കുന്ന ചുവന്ന പ്ലാസ്റ്റിക് ചാക്ക് കമ്പിൽ കുത്തി സ്ഥാപിച്ച് ആരോ അപകട മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇൗ ചാക്ക് മാത്രമാണ് ഇപ്പോൾ ഇവിടെ ഏക സുരക്ഷ. ഒരു സ്ലാബ് പൂർണമായും ഇളകി മാറിയ ഇവിടെ ഓടയിലൂടെ വെള്ളം ഒഴുകുന്നുണ്ട്. വശങ്ങളിലുള്ള ശേഷിച്ച കോൺക്രീറ്റ് ഭാഗത്ത് മഴ പെയ്താൽ പായൽ പിടിക്കുന്നത് ആളുകൾ തെന്നി വീഴാനുള്ള സാധ്യതയും വർധിപ്പിക്കുന്നു.
മങ്ങിയ ചുവപ്പ് തോരണം പറയും അനാസ്ഥയുടെ കാലപ്പഴക്കം
ബസ് സ്റ്റാൻഡിൽ ബസുകൾ ഇറങ്ങി വരുന്ന വഴിയുടെ വശത്ത് ഓടയുടെ സ്ലാബുകളിൽ ഒന്ന് ഒടിഞ്ഞ് താഴേക്ക് വീഴാറായ നിലയിലാണ്. ബസിന്റെ ടയറുകൾ അരിക് ചേർന്ന് ഉരുളുന്നതിന്റെ തൊട്ടടുത്തായി പ്ലാസ്റ്റിക് പൈപ്പിൽ ഏതോ രാഷ്ട്രീയ പാർട്ടിയുടെ ചുവപ്പും വെള്ളയും നിറമുള്ള തോരണം തൂക്കി ഇട്ടിരിക്കുന്നതു കാണാം.
ഇതാണ് ഇവിടത്തെ അപകട മുന്നറിയിപ്പ്. സൂക്ഷിച്ച് നോക്കിയാൽ ഇൗ അപകടകരമായ അവസ്ഥയ്ക്ക് എത്രകാലം പഴക്കം കാണും എന്ന് ഉൗഹിക്കാവുന്നതേയുള്ളൂ. ചുവപ്പ് തോരണങ്ങൾ നിറം മങ്ങി വെള്ള തോരണങ്ങൾക്കു സമാനമായി. നിരവധി ആളുകളാണ് ഇതുവഴി കാൽനടയായി സഞ്ചരിക്കുന്നത്. ഏതെങ്കിലും ബസുകൾ അറിയാതെ ഇൗ സ്ലാബിനു മുകളിലൂടെ കയറിയാലും അപകടം ഉറപ്പാണ്.
സൂക്ഷിച്ചോ! വാഹനം കയറിയാൽ ഒടിയുന്ന ഓടകളാണ്
ബസ് സ്റ്റാൻഡിൽ നിന്നിറങ്ങി കോട്ടയം റൂട്ടിൽ അൽപം മുൻപോട്ട് വരുമ്പോൾ വലതു വശത്ത് വ്യാപാര സ്ഥാപനത്തിനു മുൻപിൽ നാല് സ്ലാബുകൾ ഒരുമിച്ച് തകർന്ന സ്ഥലത്ത് വേലികെട്ടി ചുവപ്പ് കൊടി നാട്ടിയിട്ടുണ്ട്. രണ്ടാഴ്ച മുൻപാണ് ഇവിടെ ഓടയുടെ സ്ലാബുകൾ ഒടിഞ്ഞത്. പിന്നോട്ട് എടുത്ത ലോറിയുടെ ടയറുകൾ കയറി രണ്ട് സ്ലാബുകൾ വട്ടം ഒടിഞ്ഞു. വ്യാപാരത്തിന് തടസ്സം ഉണ്ടാകുന്നതിനാൽ ഇത് സ്വന്തം ചെലവിൽ പുനർ നിർമിക്കാൻ വരെ വ്യാപാരികൾ ആലോചിക്കുകയാണ്.
കാരണം അധികൃതരുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടാകണം എങ്കിൽ നാളുകൾ വേണമല്ലോ. ഇവിടെ അപകട സാധ്യതയെക്കാളും പ്രധാനം ലോറി കയറിയാൽ ഒടിയുന്ന ഓടകളുടെ ബലം സംബന്ധിച്ച ആശങ്കകളാണ്. 30 വർഷം മുൻപ് സ്ഥാപിച്ച സ്ലാബുകളാണു ഇവിടെ പല ഓടകൾക്കും ഉള്ളത്. അതുകൊണ്ട് തന്നെ ഇവയുടെ ബലക്ഷയവും പരിശോധിക്കേണ്ടതുണ്ട്.