പുതുപ്പള്ളിയിൽ ഹരിത സേനയ്ക്ക് ഒരു സല്യൂട്ട്; ചടങ്ങുകൾക്ക് പിന്നാലെ പ്ലാസ്റ്റിക് മാലിന്യമെല്ലാം നീക്കി
Mail This Article
കോട്ടയം ∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്കാരച്ചടങ്ങിനോടനുബന്ധിച്ച് വേറിട്ട പ്രവർത്തനവുമായി ഹരിതകർമ സേന. പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചിത്വമിഷൻ, ആർജിഎസ്എ എന്നിവയുടെ സംയുക്ത സംഘാടനത്തിലൂടെയാണു ഹരിതകർമ സേനയുടെ പ്രവർത്തനം ഏകോപിപ്പിച്ചത്. തിരക്കു നിയന്ത്രിക്കാനും നിർദേശങ്ങൾ നൽകാനുമായി പൊലീസുകാർക്കൊപ്പം ഹരിത കർമസേനയും ചേർന്നു. പുതുപ്പള്ളി, കുറിച്ചി, പനച്ചിക്കാട്, വിജയപുരം, മണർകാട് തുടങ്ങിയ പഞ്ചായത്തുകളിലെ ഹരിതകർമ സേനാംഗങ്ങളാണ് സേവനരംഗത്ത് മാതൃകാപരമായ പ്രവർത്തനം നടത്തിയത്.
5 പഞ്ചായത്തുകളിൽ നിന്നായി 175 സേനാംഗങ്ങളാണ് പുതുപ്പള്ളിയിൽ എത്തിയത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീട്, ബസ് സ്റ്റാൻഡ്, പള്ളി, പുതുപ്പള്ളി ടൗൺ തുടങ്ങിയ വിവിധ പ്രദേശങ്ങൾ വൃത്തിയാക്കുന്നതിൽ സേന മുന്നിൽ നിന്നു. ഉമ്മൻ ചാണ്ടിയെ അവസാനമായി ഒരു നോക്കുകാണാനെത്തിയവർക്കു ശുദ്ധജല വിതരണം ചെയ്യാനും ഇവർ മുന്നിലുണ്ടായിരുന്നു. ചടങ്ങുകൾക്ക് പിന്നാലെ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യവും കുപ്പികളും പുതുപ്പള്ളിയിലെ പഞ്ചായത്ത് എംസിഎഫിലേക്ക് മാറ്റി.
English Summary : Harithakarama Sena excellent work on the occasion of former Chief Minister Oommen Chandy's funeral