സാമുവൽ സാർ യാത്രയാവുന്നു; ഉയർത്തിയ ചോദ്യങ്ങൾ തന്നെ വലിയ സ്മാരകം
Mail This Article
കോട്ടയം ∙ പൊതുസ്ഥലത്തു സമരം നടത്തിയെന്ന കേസിൽ 5 വർഷത്തെ വിചാരണയ്ക്കു ശേഷം കോടതി വിധിച്ചു: ‘പ്രതി, ഗാന്ധിയനും മനുഷ്യ സ്നേഹിയുമാണെന്നു കോടതിക്കു ബോധ്യപ്പെട്ടു. ഈ കേസിൽ അദ്ദേഹം കുറ്റക്കാരനല്ല. വേണ്ടത്ര അന്വേഷണം നടത്താതെയാണ് പൊലീസ് കേസെടുത്തതെന്നു വേണം കരുതാൻ. പ്രതിയെ വിട്ടയയ്ക്കുന്നു.’ ഇന്നലെ അന്തരിച്ച മുള്ളൻകുഴി തെക്കേവിളയിൽ ടി.ജി.സാമുവലിനെപ്പറ്റി (79) ഇത്തരം അസാധാരണ സംഭവങ്ങളുടെ കഥക്കൂട്ടുകളുണ്ട്. ഈ സംഭവം നടക്കുന്നത് 2007ലാണ്.
ഹൈക്കോടതി വിധി ലംഘിച്ച് പൊതുനിരത്തിൽ ഗതാഗത തടസ്സം സൃഷ്‌ടിച്ചെന്നായിരുന്നു സാമുവൽ സാറെന്ന ഗാന്ധിയനെതിരായ കേസ്. മദ്യ വിരുദ്ധ മുന്നണി തിരുനക്കര ഗാന്ധിസ്ക്വയറിൽ നടത്തിയ പ്രതിഷേധ സമരത്തിലാണ് കോട്ടയം വെസ്റ്റ് പോലീസ് സാമുവലിനെ ഏഴാം പ്രതിയാക്കിയത്. മദ്യത്തിനും അഴിമതിക്കുമെതിരെ പ്ലക്കാർഡുമായി ഗാന്ധിസ്ക്വയറിൽ മിക്കപ്പോഴും ഒറ്റയാൾ പോരാട്ടം നടത്താറുള്ള സാമുവലിന്റെ പേരുകൂടി പൊലീസ് എഴുതിച്ചേർക്കുകയായിരുന്നു. അന്ന് ആ സ്ഥലത്ത് സാമുവൽ എത്തിയിരുന്നില്ല.
കോടതിയിൽ പ്രതിക്കൂട്ടിൽ നിന്നു സാമുവൽ പറഞ്ഞു: ‘പങ്കെടുക്കാത്ത സമരത്തിന്റെ പേരിലാണ് എനിക്കെതിരെ കേസെടുത്തത്. ഞാൻ നിരപരാധിയാണ്.’ ജാമ്യത്തിൽ വിട്ടയയ്ക്കാമെന്നു കോടതി. താൻ തനിച്ചാണ് വന്നതെന്നും വക്കീലും ജാമ്യക്കാരും ഇല്ലെന്നുമായിരുന്നു മറുപടി. ഇതോടെ കോടതി നിലപാടു കർക്കശമാക്കി. ഒന്നുകിൽ കുറ്റം സമ്മതിച്ച് റിമാൻഡിൽ പോവുക. അല്ലെങ്കിൽ കേസിൽ അഭിഭാഷകനെയോ ജാമ്യക്കാരെയോ ഹാജരാക്കുക. അന്ന് കോടതിയിൽ മറ്റൊരു കേസിൽ ഹാജരായിരുന്ന അഭിഭാഷകനും അന്നത്തെ ഡിസിസി വൈസ് പ്രസിഡന്റുമായ ജി.ഗോപകുമാർ ഇതോടെ കേസ് ഏറ്റെടുക്കാൻ തയാറായി.
കോട്ടയം നഗരസഭയിൽ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനായിരുന്നപ്പോൾ രണ്ടുതവണ സംസ്ഥാനത്തെ മികച്ച ശുചിത്വ നഗരമെന്ന ശുചിത്വമിഷൻ അവാർഡ് നഗരസഭയ്ക്കു ലഭിച്ചിരുന്നു. പുലർച്ചെ ചൂലുമായി നഗരം വൃത്തിയാക്കാൻ സാമുവൽ നേരിട്ടിറങ്ങുമായിരുന്നു. കോട്ടയം റെയിൽവേ സ്റ്റേഷന്റെയും ബസ് സ്റ്റാൻഡുകളുടെയും ഗാന്ധി പ്രതിമയുടെയും പരിസരം അടിച്ചുവാരി വൃത്തിയാക്കും.
താറുമാറായ ഗതാഗതം, പെൺവാണിഭം, ലഹരി മാഫിയ, പൊലീസിന്റെ നിഷ്ക്രിയത്വം, സ്കൂൾ – കോളജ് സിലബസ്, അഴിമതി എന്നിവയ്ക്കെതിരെ നിരന്തരം പത്രങ്ങളിൽ കത്തുകളെഴുതി. സൈക്കിളായിരുന്നു ഇഷ്ടവാഹനം. വെറ്ററൻസ് ചാംപ്യൻഷിപ്പിൽ സ്വർണം നേടിയിട്ടുണ്ട്. 10,000, 5000 മീറ്ററിലും 42കി.മീ മാരത്തണിലും പങ്കെടുക്കുമായിരുന്നു.