വെല്ലുവിളികളെ അവഗണിച്ച് അവർ നാലുപേർ എത്തി, കുഞ്ഞൂഞ്ഞിനെ കാണാൻ...
Mail This Article
പുതുപ്പള്ളി ∙ ഇവരുടെ തളർന്ന കൈകൾക്കും കാലുകൾക്കും താങ്ങേകിയത് ഉമ്മൻ ചാണ്ടിയായിരുന്നു. അദ്ദേഹത്തിന്റെ കല്ലറയ്ക്ക് അരികിലെത്തി നന്ദി വാക്കു പറയാതിരിക്കാൻ അവർക്കായില്ല. ശാരീരിക വെല്ലുവിളികളെ അവഗണിച്ച് തൃശൂർ ജില്ലയിലെ ഒല്ലൂരിൽ നിന്ന് അങ്ങനെ അവർ നാലു പേരെത്തി. ഒല്ലൂർ പുനർജീവൻ ചാരിറ്റബിൾ ട്രസ്റ്റിലെ അന്തേവാസികളായ ഇവർക്കു വീൽചെയറും നിർധനരായ മറ്റു രോഗികൾക്ക് വീട് വച്ചു നൽകിയതും ഉമ്മൻ ചാണ്ടി മുന്നിട്ടായിരുന്നു. അതിനു നന്ദി പറയാനാണ് അവർ എത്തിയത്.
തിരക്ക് നിയന്ത്രിക്കാൻ പാടുപെട്ട് പള്ളിയധികാരികൾ
കോട്ടയം ∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിക്കാൻ എത്തിയ ജനത്തിന്റെ തിരക്ക് നിയന്ത്രിക്കാൻ പാടുപെട്ടു പള്ളിയധികാരികൾ. മറ്റു ജില്ലകളിൽ നിന്നും മറ്റും കുടുംബസമേതമായിരുന്നു ഇന്നലെ തങ്ങളുടെ പ്രിയ നേതാവിന്റെ കല്ലറ കാണാൻ പലരും എത്തിയത്. വിലാപയാത്രയിൽ പങ്കെടുക്കാനാവാത്തതിന്റെ സങ്കടമായിരുന്നു പലരുടെയും ഉള്ളിൽ. കണ്ണൂരിൽ നിന്നെത്തിയ ഒരു കുടുംബാംഗം പറഞ്ഞത് അവസാനമായി നേരിട്ടു കാണാൻ സാധിക്കാത്തതിനാലാണ് ഇന്നു തന്നെ കല്ലറ സന്ദർശിക്കാൻ എത്തിയതെന്ന്. മതം നോക്കാതെ മുഖം നോക്കാതെ എല്ലാവരെയും ഒരുപോലെ കണ്ടിരുന്ന ഉമ്മൻ ചാണ്ടിയെ കാണാൻ പല മതസ്ഥരും ഇന്നലെ എത്തി.
ആശ്വാസമേകാൻ മെത്രാന്മാർ വീട്ടിലെത്തി
കോട്ടയം ∙ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ യാക്കോബായ സഭയിലെ നാലു മെത്രാന്മാർ പുതുപ്പള്ളിയിലെ വീട്ടിലെത്തി. ജോസഫ് മാർ ഗ്രിഗോറിയോസ്, ഡോ.തോമസ് മാർ തിമോത്തിയോസ്, ഡോ.കുര്യാക്കോസ് മാർ തെയോഫിലോസ്, സക്കറിയാസ് മാർ പീലക്സിനോസ് എന്നിവരാണ് കഴിഞ്ഞദിവസം രാത്രി ഉമ്മൻ ചാണ്ടിയുടെ സഹോദരി അച്ചാമ്മ മാത്യുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടത്. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മെത്രാന്മാർ പ്രാർഥനയും നടത്തി.
English Summary : Kerala pays tribute to former Chief Minister Oommen Chandy