ADVERTISEMENT

കോട്ടയം ∙ വേർപാടിനു ശേഷമുള്ള ആദ്യ ഞായറാഴ്ചയിൽ പുതുപ്പള്ളി പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലേക്ക് ഇന്നലെ ജനം പുഴപോലെ ഒഴുകിയെത്തി. വേർപാടിന്റെ വേദന പോലെ ആകാശം അപ്പോൾ നിന്നു പെയ്യുകയായിരുന്നു. കല്ലറയിലെത്തി മെഴുകുതിരി കത്തിച്ച് അദ്ദേഹത്തിനു നിത്യശാന്തിക്കായി പ്രാർഥിച്ചവർ കണ്ണീർ മഴ പൊഴിച്ചു. പല നാടുകളിൽ നിന്നായിരുന്നു ജനത്തിന്റെ വരവ്. വാഹനങ്ങളിലും നടന്നും  അവർ പ്രിയ നേതാവിന്റെ കല്ലറ ലക്ഷ്യമിട്ടെത്തി. പുതുപ്പള്ളി പള്ളിയിൽ കുർബാനയ്ക്കെത്തിയവർ കൂടി കല്ലറയുടെ ഭാഗത്തെത്തിയതോടെ വൻ ജനത്തിരക്കായി. പൂക്കളർപ്പിച്ചും പ്രാർഥിച്ചും അവർ ഉമ്മൻ ചാണ്ടിയുടെ ഓർമകൾ അയവിറക്കി.

അൽപമെങ്കിലും ആരോഗ്യമുണ്ടെങ്കിൽ ഞായറാഴ്ച പുതുപ്പള്ളി പള്ളിയിൽ എത്തുന്നത് ഉമ്മൻ ചാണ്ടി മുടക്കിയിട്ടില്ല. ഇനി വരുന്ന ഞായറാഴ്ചകളിൽ ഉമ്മൻ ചാണ്ടി ഭൗതിക സാന്നിധ്യമായി പുതുപ്പള്ളി പള്ളിയിൽ ഉണ്ടാകില്ലെങ്കിലും അദൃശ്യസാന്നിധ്യമായി ഇവിടെത്തന്നെയുണ്ടാകുമെന്നു വിശ്വസിക്കാനാണു പുതുപ്പള്ളിക്കാർക്കിഷ്ടം. കാരണം പുതുപ്പള്ളിയെയും പുതുപ്പള്ളി പള്ളിയെയും ഇത്രമേൽ വിശ്വസിച്ചിരുന്നൊരാൾക്ക് ഇവിടം വിട്ടുപോകാൻ കഴിയുന്നതെങ്ങനെ എന്നവർ  ചോദിക്കുന്നു. ഞായറാഴ്ചകളിൽ രാവിലെ 5.15ന് നടക്കുന്ന ‌കുർബാനയ്ക്കായിരുന്നു സാധാരണ അദ്ദേഹം എത്തിയിരുന്നത്. 

പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിക്കാനെത്തിയവരുടെ തിരക്ക്. സന്ദർശകരിൽ ചിലർ ആദരസൂചകമായി കല്ലറയിൽ വച്ചിരിക്കുന്ന കുറിപ്പുകളും കാണാം.

ഓർമവച്ച നാൾ മുതൽ എല്ലാ ഞായറാഴ്ചയും പുതുപ്പള്ളി പള്ളിയിൽ പ്രാർഥനയ്ക്ക് എത്തിയിരുന്ന ഉമ്മൻ ചാണ്ടി ചികിത്സയിലായതോടെയാണു വരാതായത്. ഇക്കഴിഞ്ഞ നവംബർ രണ്ട് ബുധനാഴ്ചയാണ് അദ്ദേഹം അവസാനമായെത്തിയത്. ജർമനിയിലേക്കു ചികിത്സയ്ക്കു പോകുന്നതിനു മുൻപ് പള്ളിയിൽ പ്രാർഥിക്കുന്നതിനും പിറന്നാൾ ദിനമായ ഒക്ടോബർ 31 നു പള്ളിയിലെത്താൻ കഴിയാതിരുന്നതിനാലുമായിരുന്നു നവംബർ രണ്ടിന് എത്തിയത്. ഇന്നലെ പള്ളിയിൽ നടന്ന മൂന്നിന്മേൽ കുർബാനയ്ക്ക് ഫാ.വർഗീസ് പി.വർഗീസ് ആനുവേലിൽ മുഖ്യകാർമികത്വം വഹിച്ചു. തുടർന്നു നടത്തിയ പ്രസംഗത്തിൽ, ഉമ്മൻ ചാണ്ടി മലയാളക്കരയ്ക്കും ഓർത്തഡോക്സ് സമൂഹത്തിനും പുതുപ്പള്ളിക്കും ചെയ്ത നന്മകളും അദ്ദേഹം സ്മരിച്ചു.

നല്ലനിലത്ത് വീണ വിത്താണ് ഉമ്മൻ ചാണ്ടിയെന്നും ഈ വിത്തു വളർന്നു നാടിനും സഭയ്ക്കും വേണ്ടി നല്ല ഫലം നൽകിയെന്നും തുടർന്ന് നടന്ന പ്രസംഗത്തിൽ പള്ളി വികാരി ഫാ.ഡോ.വർഗീസ് വർഗീസും പറഞ്ഞു.  തുടർന്ന് ഉമ്മൻ ചാണ്ടിയുടെ വിലാപയാത്രയും സംസ്കാരച്ചടങ്ങും ഏറ്റവും മാന്യമായും ലോകത്തിനു മുന്നിൽ മാതൃകാപരമായി നടത്തിയ ഓർത്തഡോക്സ് സഭാ സമൂഹത്തിനും പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയംഗങ്ങൾക്കും നന്ദി രേഖപ്പെടുത്തി ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ദിയസ്കോറസ് പുറപ്പെടുവിച്ച കൽപന വികാരി വായിച്ചു. തുടർന്നു വൈദികർ കല്ലറയിൽ എത്തി  ധൂപപ്രാർഥന നടത്തി. ഫാ.സഖറിയ പെരിയോർമറ്റത്തിൽ ധൂപപ്രാർഥനയ്ക്ക് നേതൃത്വം നൽകി. റമ്പാൻ കെ.വി.ജോസഫ് കളപ്പുരയ്ക്കൽ, ഫാ.ഏബ്രഹാം ജോൺ കളങ്ങര, ഫാ. വർഗീസ് പി.വർഗീസ്, ഫാ.കുര്യാക്കോസ് ഈപ്പൻ, ഫാ. ബ്ലസൻ മാത്യു വർഗീസ്, വികാരി ഫാ.ഡോ.വർഗീസ് വർഗീസ് എന്നിവർ കാർമികത്വം  വഹിച്ചു.

ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിക്കാനെത്തിയ മന്ത്രി ജി.ആർ.അനിൽ, ചാണ്ടി ഉമ്മനെ ആശ്വസിപ്പിക്കുന്നു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.കെ.ശശിധരൻ, സിപിഐ ജില്ലാ സെക്രട്ടറി വി.ബി.ബിനു എന്നിവർ സമീപം.

ഉമ്മൻ ചാണ്ടിയുടെ നിര്യാണം വലിയ ശൂന്യത: പി.കെ.കുഞ്ഞാലിക്കുട്ടി

പുതുപ്പള്ളി ∙ ‘ഉമ്മൻ ചാണ്ടി ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. വലിയ ശൂന്യതയാണ് ഉമ്മൻ ചാണ്ടിയുടെ നിര്യാണം കേരള രാഷ്ട്രീയത്തിലുണ്ടാക്കിയത്’ ഉമ്മൻ ചാണ്ടിയുടെ കല്ലറ കുടുംബത്തോടൊപ്പം സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. തിരുവനന്തപുരത്ത് നാളുകളോളം നല്ല അയൽക്കാരായി താമസിച്ചതിനാൽ കുടുംബാംഗങ്ങൾ തമ്മിലും വലിയ സ്നേഹമുണ്ടായിരുന്നുവെന്നും കുടുംബം ഓർമിച്ചു. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെ കുഞ്ഞാലിക്കുട്ടി ആശ്വസിപ്പിച്ചു.

ലാളിത്യം ഉമ്മൻ ചാണ്ടിയുടെ വിജയം: കേന്ദ്ര മന്ത്രി വി. മുരളീധരൻ

പുതുപ്പള്ളി ∙ വലിയ അധികാര സ്ഥാനങ്ങളിരുന്നിട്ടും ജനങ്ങൾക്ക് ഉമ്മൻ ചാണ്ടിയുടെ അടുത്തെത്താനും സംസാരിക്കാനും പ്രശ്നങ്ങൾ പങ്കുവയ്ക്കാനും  തടസ്സങ്ങളുമുണ്ടായിരുന്നില്ലെന്നു കേന്ദ്ര മന്ത്രി വി. മുരളീധരൻ അഭിപ്രായപ്പെട്ടു. ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. ലാളിത്യമായിരുന്നു അദ്ദേഹത്തിന്റെ വിജയം. ജനങ്ങൾ അദ്ദേഹത്തിന് പാഠപുസ്തകമായിരുന്നു. ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം മാത്രമേ വിട്ടുപോയിട്ടുള്ളു. ആ ചിരിയും അദ്ദേഹത്തിന്റെ സാന്നിധ്യവും എന്നുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ മക്കളായ ചാണ്ടി ഉമ്മനെയും മറിയം ഉമ്മനെയും അദ്ദേഹം ആശ്വസിപ്പിച്ചു.

ഉമ്മൻ ചാണ്ടിയുടെ ജീവിതം മാതൃകയാക്കി ജീവിക്കണം: ഡോ.യൂഹാനോൻ മാർ ദിയസ്കോറസ്

കേന്ദ്രമന്ത്രി വി. മുരളീധരൻ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിക്കാനെത്തിയപ്പോൾ. ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, ചാണ്ടി ഉമ്മൻ എന്നിവർ സമീപം. ചിത്രങ്ങൾ: മനോരമ

കോട്ടയം ∙ ഓർത്തഡോക്സ് സഭയുടെ ചരിത്രത്തിലാദ്യമായാണ് പരമ്പരാഗത ശൈലിയിൽ നിന്ന് വ്യത്യസ്തമായി ഒരു വിശ്വാസിയുടെ ജീവിതസാക്ഷ്യം ഇത്ര വലുതായി പ്രകീർത്തിക്കുന്നത്. ഓർത്തഡോക്സ് സഭയോടും വിശ്വാസികളോടും വൈദികരോടും എന്നുവേണ്ട തന്നെ സമീപിക്കുന്ന ഏതൊരാളോടും ഏറ്റവും സ്നേഹത്തോടെയും സൗമ്യതയോടെയും പെരുമാറിയിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജീവിതം മാതൃകയാക്കി വേണം നാമോരോത്തരും ജീവിക്കേണ്ടതെന്ന് ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ദിയസ്കോറസ് പുറപ്പെടുവിച്ച കൽപനയിൽ പറയുന്നു.

English Summary: Many Visitors at the burial site of former Chief Minister Oommen Chandy at St. George Orthodox Church, Puthuppally, on Sunday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com