‘എങ്ങനെ കാണാൻ വരാതിരിക്കാൻ പറ്റും’, ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിക്കാൻ മഴപോലെ മുറിയാതെ സ്നേഹപ്രവാഹം
Mail This Article
കോട്ടയം ∙ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയിലേക്ക് ഇന്നലെയും ആളുകളുടെ പ്രവാഹം. രാവിലെ മുതൽ ഉച്ചവരെ ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മയും മൂത്തമകൾ മറിയ ഉമ്മനും കല്ലറയിൽ ഉണ്ടായിരുന്നു. രണ്ടു ദിവസമായി പെയ്ത ശക്തമായ മഴയിൽ, കല്ലറയ്ക്കടുത്ത് ക്രമീകരിച്ചിരുന്ന ഇരിപ്പിടങ്ങളും മറ്റും നനഞ്ഞതിനാൽ ഇവ മാറ്റി. കല്ലറയുടെ മുൻവശമൊഴിച്ച് ബാക്കി വശങ്ങളിലെല്ലാം ബാരിക്കേഡ് വച്ചിട്ടുണ്ട്. സന്ദർശനത്തിന് എത്തുന്നവർക്ക് മെഴുകുതിരി കത്തിക്കാൻ സൗകര്യത്തിനാണ് മുൻവശം തുറന്നിട്ടത്.
ഉച്ചയോടെ പല സ്കൂളുകളിൽ നിന്നും വിദ്യാർഥികൾ കൂട്ടമായി എത്തി. പുതുപ്പള്ളി പുമ്മറ്റം ദർശന സിഎംഐ ഇന്റർനാഷനൽ സ്കൂളിലെ എൽപി മുതൽ ഹൈസ്കൂൾ വരെയുള്ള വിദ്യാർഥികൾ ഡയറക്ടർ ഫാ.മിഥുൻ മാത്യു തടിയനാനിക്കൽ, പ്രിൻസിപ്പൽ പി.വി.ജോൺസൻ എന്നിവർക്കൊപ്പം കല്ലറയിൽ റീത്ത് സമർപ്പിച്ചു. തുടർന്ന് ഫാ.മിഥുന്റെ നേതൃത്വത്തിൽ പ്രാർഥനയും നടത്തി. ഉച്ചയ്ക്കുശേഷം മാർ തോമസ് ചക്യത്ത് കല്ലറയിലെത്തി പ്രാർഥന നടത്തി.
ഇവാൻജലിക്കൽ സഭാ നേതൃത്വം പുതുപ്പള്ളിയിൽ
കോട്ടയം ∙ സെന്റ് തോമസ് ഇവാൻജലിക്കൽ സഭാ നേതൃത്വം, അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വസതി സന്ദർശിച്ച് കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. ബിഷപ് ഡോ. ഏബ്രഹാം ചാക്കോ, സഭാ സെക്രട്ടറി റവ. ഏബ്രഹാം ജോർജ്, വൈദിക ട്രസ്റ്റി റവ. പി.ടി മാത്യു, റവ. അനീഷ് മാത്യു, റവ. കെ.ജി മാത്യു, സഖറിയ ജോർജ്, മോളി നൈനാൻ, മേരി സഖറിയ, സാം സൈമൺ, കെ.ടി തോമസ് എന്നിവരാണു പുതുപ്പള്ളിയിലെത്തിയത്.
ഒരു മീറ്റർ മെഴുകുതിരി കത്തിച്ച് ശിവപ്രസാദ്
പുതുപ്പള്ളി ∙ ‘‘എങ്ങനെ കാണാൻ വരാതിരിക്കാൻ പറ്റും, അദ്ദേഹം ഈ മനുഷ്യർക്ക് മുഴുവൻ ചെയ്തു കൊടുത്ത നന്മകളും നൽകിയ സ്നേഹവും ഓർത്താൽ എങ്ങനെ കാണാൻ വരാതിരിക്കും’’– ഒരു മീറ്ററിലധികം നീളമുള്ള മെഴുകുതിരി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയ്ക്കു മുന്നിൽ നാട്ടിക്കൊണ്ട് കൊട്ടാരക്കര പൂയപ്പള്ളി മൈലോട് സ്വദേശി ശിവപ്രസാദ് പറഞ്ഞു.
കല്ലറ സന്ദർശിക്കാൻ കുടുംബമായി എത്തിയതാണ് ശിവപ്രസാദ്. ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കൊട്ടാരക്കരയിൽ എത്തിയപ്പോൾ കാണാൻ പോയെങ്കിലും ജനത്തിരക്ക് മൂലം കാണാൻ സാധിച്ചില്ല. ശിവപ്രസാദിന്റെ മകനും ഭാര്യയും കൊച്ചുമക്കളായ ആദിദേവ്, അഥർവ് എന്നിവരുമാണ് എത്തിയത്.
അനുസ്മരണം
കോട്ടയം ∙ ഡിസിസിയുടെ ഉമ്മൻ ചാണ്ടി അനുസ്മരണം ഇന്ന് 3.30ന് മാമ്മൻ മാപ്പിള ഹാളിൽ നടക്കും. ‘ഹൃദയാഞ്ജലി’ എന്ന പേരിൽ നടക്കുന്ന സമ്മേളനം വി.എം.സുധീരൻ ഉദ്ഘാടനം ചെയ്യും.
സ്നേഹാദരങ്ങളുമായി ഓടിയെത്തി ബേബിയും കുടുംബവും
പുതുപ്പള്ളി ∙‘‘ഉമ്മൻ ചാണ്ടി സാറിനോട് വ്യക്തിപരമായ സ്നേഹവും സൗഹൃദവും കൊണ്ടാണ് മകനോടൊപ്പം എത്തിയത്’’- മകൻ ബിബിനൊപ്പം പൂഞ്ഞാറിൽ നിന്നെത്തിയ ബേബി അറയ്ക്കപ്പറമ്പിലിന്റെയും ഭാര്യ മേരിക്കുട്ടിയുടെയും വാക്കുകൾ. മകന് ഉമ്മൻ ചാണ്ടി സാറിനെ വലിയ ഇഷ്ടമായിരുന്നെന്ന് ബേബി പറയുന്നു.
വിലാപയാത്ര കോട്ടയത്തെത്തിയപ്പോൾ കാണാൻ ആഗ്രഹിച്ചിരുന്നെങ്കിലും തിരക്കിലൂടെ മകനൊപ്പം പോയി കാണുക പ്രയാസമായതിനാൽ പോകാനായില്ല. പൂഞ്ഞാറിലെ സജീവ രാഷ്ട്രീയ പ്രവർത്തകരായിരുന്ന ബേബിയും ഭാര്യ മേരിയും പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമാരായിരുന്നു. പൂഞ്ഞാർ സഹകരണ ബാങ്കിന്റെ മുൻ പ്രസിഡന്റുമായിരുന്നു ബേബി.
ഒൻപതാം ഓർമദിനംനാളെ
പുതുപ്പള്ളി ∙ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ 9–ാം ഓർമദിനം നാളെ ആചരിക്കും. രാവിലെ 7.30ന് സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ ചടങ്ങുകൾ ആരംഭിക്കുമെന്നു മകൻ ചാണ്ടി ഉമ്മൻ അറിയിച്ചു.
English Summary: Many visitors at the burial site of former Chief Minister Oommen Chandy at St. George Orthodox Church, Puthuppally