കുപ്പക്കയം ഭാഗത്ത് വീണ്ടും പശുവിനെ കടിച്ചുകൊന്നു ; പുലിയെ കണ്ടെത്താൻ ക്യാമറ സ്ഥാപിച്ച് വനംവകുപ്പ്
Mail This Article
മുണ്ടക്കയം ഇൗസ്റ്റ് ∙ ടിആർ ആൻഡ് ടി എസ്റ്റേറ്റിൽ വീണ്ടും പശുവിനെ കടിച്ചുകീറി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പുലിഭീതിയിൽ ജനങ്ങൾ. കുപ്പക്കയം ഇൗസ്റ്റ് 2002 ആർപി ഭാഗത്താണ് സംഭവം. ഉടലും തലയും വേർപെട്ട നിലയിലാണ് പശുവിന്റെ ശരീരം കിടന്നത്. എസ്റ്റേറ്റിനുള്ളിൽ ഇത്തരത്തിൽ ചത്ത പശുക്കളുടെ എണ്ണം ഇരുപത്തഞ്ചോളമായി. പുലിയാണെങ്കിൽ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ വനം വകുപ്പ് ക്യാമറ സ്ഥാപിച്ചു. എസ്റ്റേറ്റിന്റെ വിവിധ പ്രദേശങ്ങൾ കഴിഞ്ഞ ഒരു വർഷമായി പുലി ഭീതിയിലാണ്.
പല തവണ തൊഴിലാളികൾ പുലിയെ കണ്ടതായി വെളിപ്പെടുത്തി. ഇഡികെ ഡിവിഷനിൽ തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശുക്കിടാവ് ചത്ത സംഭവത്തിൽ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ പുലിയുടെ ആക്രമണം തന്നെയാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതെത്തുടർന്ന് ഇവിടെ ക്യാമറയും പുലിയെ പിടിക്കാൻ വിവിധ സ്ഥലങ്ങളിൽ കൂടും സ്ഥാപിച്ചെങ്കിലും ഫലമുണ്ടായില്ല.
കഴിഞ്ഞ ദിവസം പുലിക്കുന്നിൽ ജനവാസ മേഖലയിൽ ആടുകളെ കടിച്ചുകീറി കൊന്ന സംഭവത്തെ തുടർന്ന് വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യം പതിയുകയും കൂട് സ്ഥാപിച്ച് പുലിയെ പിടികൂടുകയും ചെയ്തിരുന്നു. എന്നാൽ ടിആർ ആൻഡ് ടി എസ്റ്റേറ്റിലെ ജനങ്ങളുടെ ഭീതിയകറ്റാൻ ഇതുവരെ നടപടികളില്ല.