ADVERTISEMENT

കോട്ടയം ∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ 9–ാം ഓർമദിനം പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ ആചരിച്ചു. കുർബാനയ്ക്കും ധൂപപ്രാർഥനയ്ക്കും ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് മുഖ്യകാർമികത്വം വഹിച്ചു. ഡോ. ഗീവർഗീസ് മാർ യൂലിയോസ്, വികാരി ഫാ. ഡോ. വർഗീസ് വർഗീസ്, ഫാ. കുര്യാക്കോസ് ഈപ്പൻ, ഫാ. വർഗീസ് പി.വർഗീസ്, ഫാ. ബ്ലെസൻ മാത്യു വർഗീസ്, ഫാ. കുര്യാക്കോസ് പണ്ടാരക്കുന്നേൽ, ഫാ.സഖറിയ പെരിയോർമറ്റം എന്നിവർ പങ്കെടുത്തു.പ്രിയനേതാവിന്റെ കല്ലറ കാണാനും പ്രാർഥിക്കാനുമായി നൂറുകണക്കിനുപേർ ഇന്നലെയും പള്ളിയിലെത്തി. ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ, മക്കളായ മറിയ ഉമ്മൻ, ചാണ്ടി ഉമ്മൻ, അച്ചു ഉമ്മൻ എന്നിവരും ‌ചടങ്ങുകളിൽ പങ്കുചേർന്നു.

നടൻ ജയറാം, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഉമ തോമസ്, പി.സി.വിഷ്ണുനാഥ്, ഉമ തോമസ്, സനീഷ് കുമാർ ജോസഫ്, ആർഎസ്പി സംസ്ഥാന ജനറൽ സെക്രട്ടറി ഷിബു ബേബി ജോൺ, കേരള കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് പി.സി.തോമസ്, കെ.സി. ജോസഫ്, കെ.എസ്.ശബരീനാഥൻ, പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ, എസ്‌വൈഎസ് സംസ്ഥാന വർക്കിങ് സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് തുടങ്ങിയവർ ഇന്നലെ പുതുപ്പള്ളിയിലെത്തി.

ആ ഓർമയ്ക്ക് ‘ചാന്ദ്രമൂട്ടി’ ഉമ്മൻ ചാണ്ടി കോളനി; ഉമ്മൻ ചാണ്ടിക്ക്ശേഷക്രിയ ചെയ്ത് ആദിവാസി വിഭാഗക്കാർ

ചെറുതോണി∙ ഇലയിട്ട് സദ്യ ഒരുക്കി ‘ചാന്ദ്രം’ ആചരിച്ചപ്പോൾ മഴുവടി ഉമ്മൻ ചാണ്ടി കോളനിയിലെ ആദിവാസികളുടെ ഉള്ളം പിടഞ്ഞു. പൂമാല അണിയിച്ച ഛായാചിത്രത്തിനു മുന്നിലെ കെടാവിളക്കിനു സമീപം വിരിച്ച തൂശനിലയിൽ മൺമറഞ്ഞു പോയയാൾക്ക് സദ്യ വിളമ്പിയപ്പോൾ കോളനിയിലെ 95 കുടുംബങ്ങളിലെ ഓരോരുത്തരും ഒത്തുകൂടി. ഉമ്മൻ ചാണ്ടി കോളനിയിലെ കമ്യൂണിറ്റി ഹാളിലായിരുന്നു ഇന്നലെ ഉമ്മൻ ചാണ്ടിയുടെ ശേഷക്രിയകൾ നടന്നത്.


കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

കുടുംബത്തിലെ ഒരംഗം മരിച്ചാൽ ഏഴു ദിവസം മത്സ്യ മാംസാദികൾ ഉപേക്ഷിച്ച് വ്രതം അനുഷ്ഠിച്ച ശേഷമാണ് ആദിവാസി വിഭാഗത്തിലെ മന്നാൻ സമുദായക്കാർ ചാന്ദ്രം നടത്തുക. എല്ലാ വർഷവും ജനുവരി 16നും 17നും ആണ് ഈ ആചാരം. വരുന്ന മൂന്നു വർഷവും ഈ ദിവസങ്ങളിൽ ഉമ്മൻ ചാണ്ടിക്കായി പ്രത്യേക പ്രാർഥനകളും വഴിപാടുകളും ഉണ്ടായിരിക്കും.

ആശ്വാസ വചനങ്ങളുമായി ശ്രേഷ്ഠ ബാവാ എത്തി

പുതുപ്പള്ളി ∙ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ പുതുപ്പള്ളിയിലെത്തി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. ഉമ്മൻ ചാണ്ടിയുടെ സഹോദരി അച്ചാമ്മയുടെ പുതുപ്പള്ളി മണലുംഭാഗത്തെ വീട്ടിലാണു ശ്രേഷ്ഠ ബാവാ എത്തിയത്.

ഡോ. ഏബ്രഹാം മാർ സേവേറിയോസ്, ഡോ. മാത്യൂസ് മാർ‌ ഇവാനിയോസ്, ഡോ. ഏലിയാസ് മാർ അത്തനാസിയോസ്, ഏലിയാസ് മാർ യൂലിയോസ്, ഡോ. മാത്യൂസ് മാർ അന്തീമോസ് എന്നിവർ ശ്രേഷ്ഠ ബാവായ്ക്ക് ഒപ്പമുണ്ടായിരുന്നു. തുടർന്നു വീട്ടിൽ പ്രാർഥന നടത്തി. സഭാ മുൻ ട്രസ്റ്റി തമ്പു ജോർജ് തുകലൻ, സഭ വർക്കിങ് കമ്മിറ്റി അംഗങ്ങളായ എൽദോസ് മേനോത്ത്മാലി, ജെയിൻ മാത്യു, അനിൽ കുര്യൻ നെച്ചിക്കാട്ട്, ബാവായുടെ സെക്രട്ടറി ഫാ. ബെസി എന്നിവരും പങ്കെടുത്തു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com