ADVERTISEMENT

കോട്ടയം ∙ കെട്ടിടത്തിന്റെ ജീർണാവസ്ഥ കാരണം ജനറൽ ആശുപത്രിയിലെ പ്രസവാനന്തര ശുശ്രൂഷയ്ക്കുള്ള 5–ാം വാർഡ് പൂട്ടി. അമ്മയെയും നവജാത ശിശുവിനെയും കിടത്തിച്ചികിത്സിച്ചിരുന്ന വാർഡാണിത്. 42 കിടക്കകളാണ് ഉണ്ടായിരുന്നത്. മേൽക്കൂരയുടെ കോൺക്രീറ്റ് അടർന്നും തറയിലെ ടൈലുകൾ ഇളകിയും കെട്ടിടം അപകടനിലയിലാണ്. ഇവിടെ പ്രവേശിപ്പിച്ചിരുന്നവരെ താൽക്കാലികമായി പ്രസവ വാർഡിലേക്ക് മാറ്റി. ഇതോടെ ഈ വാർഡിൽ ഇരട്ടി ദുരിതമായി. ഇതേസമയം കിഫ്ബി വഴി 110.08 കോടി രൂപ ചെലവഴിച്ച് പണിയുമെന്നു പ്രഖ്യാപിച്ച 10 നില കെട്ടിട സമുച്ചയത്തിന്റെ നിർമാണം ആരംഭിക്കാനും കഴിഞ്ഞില്ല. 

ആശുപത്രി വളപ്പിൽ എത്തിയാൽ കാലപ്പഴക്കം കൊണ്ടു പൊളിച്ചു മാറ്റിയ 6 വാർഡുകളുടെ അവശിഷ്ടങ്ങളാണ് കാണാൻ കഴിയുക. പുതിയ കെട്ടിടം പണിയുന്നതിനാണ് ഇത്രയും വാർഡുകൾ ഒന്നിച്ചു പൊളിച്ചത്. 7,8,9,10,11,12 വാർഡുകൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങളാണ് ഇല്ലാതായത്. ഇവിടെ പ്രവർത്തിച്ചിരുന്ന സംവിധാനങ്ങൾ ബാക്കിയുള്ള 5 വാർഡുകളിലേക്ക് കൂട്ടിച്ചേർക്കുകയാണു ചെയ്തത്. നേത്ര രോഗ വിഭാഗത്തിന്റെ  ഓപ്പറേഷൻ തിയറ്ററിന്റെ കെട്ടിടവും ഭാഗികമായി പൊളിച്ചു. ഈ വിഭാഗത്തിൽ കൂടുതൽ രോഗികൾ ഉള്ളതിനാൽ പരിമിതിക്കിടയിലും തിയറ്റർ ഇവിടെ തുടരുകയാണ്.

കഴിഞ്ഞ ദിവസം ചേർന്ന ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയിലും 5–ാം വാർഡ് അറ്റകുറ്റ പണികൾ നടത്തി നവീകരിക്കണമെന്നു ആവശ്യമുയർന്നിരുന്നു. ജനറൽ ആശുപത്രിയെ മിനി മെഡിക്കൽ കോളജ് ആശുപത്രിയാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതികളുടെ അടിസ്ഥാന ഫയലുകൾ ഇപ്പോഴും ഇഴഞ്ഞു നീങ്ങുകയാണെന്നു പരാതിയുണ്ട്. 

ജീവനക്കാർ, കരാറുകാർ, മരുന്നു കമ്പനികൾ, മാനേജ്മെന്റ് കമ്മിറ്റി എന്നിവരെല്ലാം പലപ്പോഴായി ഉന്നയിച്ച പരാതികൾക്കു തീർപ്പായിട്ടില്ല. ലീഗൽ സർവീസസ് അതോറിറ്റിയുടെ ഇടപെടൽ മൂലമാണ് പല ഫയലുകളിലും ബന്ധപ്പെട്ട സെക്​ഷനുകളിൽ നിന്നു തീർപ്പാക്കാൻ കഴിഞ്ഞത്. അതോറിറ്റിയുടെയും വിജിലൻസിന്റെയും പക്കലുള്ള പരാതികൾ സംബന്ധിച്ച് വീണ്ടും അന്വേഷണം ആരംഭിച്ചു. 

''നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടമാണ് ഇവിടെയുള്ളത്. അഞ്ചാം വാർഡ് നവീകരിക്കുന്നതിനു ജില്ലാ പഞ്ചായത്തിനോടു ആവശ്യപ്പെട്ടിട്ടുണ്ട്. കാലപ്പഴക്കമുള്ള കെട്ടിടങ്ങൾ മുഴുവൻ മാറ്റി പുതിയ കെട്ടിട സമുച്ചയം വരുന്നതോടെ ആശുപത്രിയുടെ ശോചനീയാവസ്ഥ മാറും. എംപിമാരുടെയും എംഎൽഎയുടെയും ഫണ്ട് ഉപയോഗിച്ചു വികസനപ്രവർത്തനങ്ങൾ പലതും നടന്നിട്ടുണ്ട്. എന്നാൽ അതിലേറെ പൂർത്തിയാകാനുണ്ട്. ഇതിനായി തീവ്രമായ ശ്രമം നടത്തുന്നുണ്ട്. '' -ഡോ. ആർ.ബിന്ദുകുമാരി, സൂപ്രണ്ട്, ജനറൽ ആശുപത്രി

''ജില്ലാ പഞ്ചായത്തിന്റെ അനുമതിയോടെ പൊതുമരാമത്ത് വകുപ്പിനെ കൊണ്ട് അഞ്ചാം വാർഡ് പുനർനിർമിക്കണം. കിഫ്ബിയുടേത് ഉൾപ്പെടെയുള്ള പദ്ധതികൾ വേഗം ആരംഭിക്കണം. ഇവയുടെ നിർമാണഘട്ടങ്ങളിലും പ്രധാനപ്പെട്ട വകുപ്പുകളും ചികിത്സകളും ഇവിടെ തന്നെ തുടരണം. '' -പി.കെ.ആനന്ദക്കുട്ടൻ, ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയംഗം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com