ജനങ്ങൾക്ക് കലക്ടറുടെ വാഗ്ദാനം: തട്ടിപ്പുകൾ ചൂണ്ടിക്കാട്ടൂ; നടപടി ഉറപ്പ്
Mail This Article
കോട്ടയം ∙ ജില്ലയിൽ അറുനൂറിലധികം കടകളിൽ പരിശോധന നടത്തി രണ്ടേകാൽ ലക്ഷത്തിലധികം രൂപ പിഴയിട്ടിരിക്കുകയാണു കലക്ടർ വി.വിഘ്നേശ്വരിയുടെ നേതൃത്വത്തിലുള്ള സ്ക്വാഡ്. വിലവിവരം പ്രദർശിപ്പിക്കാതിരിക്കുക, കാലാവധി കഴിഞ്ഞ ഉൽപന്നങ്ങൾ വിൽക്കുക തുടങ്ങി പലവിധ കുറ്റങ്ങൾക്കാണു പിഴ. ഇതിനൊപ്പം കോടതിനടപടികളും തുടങ്ങി.
ജനങ്ങളിൽ നിന്നു നല്ല പ്രതികരണമാണ് ഈ മിന്നൽപരിശോധനയ്ക്കു ലഭിക്കുന്നത്. പരിശോധനകൾ തുടരാനാണു കലക്ടറുടെ തീരുമാനം. ചുമതലയേറ്റതിനു തൊട്ടുപിന്നാലെ ഈ നടപടിയിലേക്കു വരാനുള്ള കാരണങ്ങളെപ്പറ്റിയും മറ്റും കലക്ടർ സംസാരിക്കുന്നു.
എന്തുകൊണ്ട് റെയ്ഡ്?
അനിയന്ത്രിതമായി വില ഉയരുന്നതിനെതിരെ നടപടിയെടുക്കണമെന്നു മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നു നിർദേശമുണ്ടായി. കടകളിൽ നിർബന്ധമായും വിലവിവരപ്പട്ടിക പ്രദർശിപ്പിച്ചിരിക്കണം എന്നുണ്ട്. ഇക്കാര്യം വ്യക്തമായി പരിശോധിക്കാനായിരുന്നു നിർദേശം.
എന്നാൽ ഇങ്ങനെ വിലവിവരം പ്രദർശിപ്പിച്ചില്ലെങ്കിൽ കടയ്ക്കു നോട്ടിസ് നൽകാൻ മാത്രമേ സിവിൽ സപ്ലൈസ് വകുപ്പിന് അധികാരമുള്ളൂ. അതുകൊണ്ട് അളവുതൂക്ക വിഭാഗം, ഭക്ഷ്യസുരക്ഷ, പൊലീസ്, തദ്ദേശഭരണം, ആരോഗ്യം, റവന്യു എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ചേർത്തു സ്ക്വാഡ് രൂപീകരിക്കുകയായിരുന്നു.
എന്തൊക്കെ തരം കുറ്റകൃത്യങ്ങളാണ് കണ്ടെത്തിയത്?
പഴകിയ സാധനങ്ങൾ, കാലാവധി കഴിഞ്ഞ ഉൽപന്നങ്ങൾ, വിലവിവരം പ്രദർശിപ്പിക്കാതിരിക്കൽ, തൂക്കത്തിലെ കുറവ് തുടങ്ങി ധാരാളം കുറ്റങ്ങളാണു കണ്ടെത്തിയത്.
എന്താണു ജനങ്ങളോട് പറയാനുള്ളത്?
റെയ്ഡ് നടത്തി നടപടികൾ കൈക്കൊള്ളാം. എന്നാൽ ഉത്തരവാദിത്ത ഷോപ്പിങ് എന്ന രീതി ജനങ്ങൾ ശീലിക്കണം. വാങ്ങുന്ന സാധനത്തിന്റെ കാലാവധി കഴിഞ്ഞതാണോ അളവു കൃത്യമാണോ എന്നെല്ലാം ശ്രദ്ധിക്കണം. എന്നാലേ ഇതിനെല്ലാം നല്ല മാറ്റം വരുത്താൻ സാധിക്കൂ. ജനങ്ങൾ ഫെയ്സ്ബുക്കിലൂടെ ശ്രദ്ധയിൽപെടുത്തിയ സ്ഥലത്തും റെയ്ഡ് നടത്തിയിട്ടുണ്ട്. ഇനിയും ചൂണ്ടിക്കാട്ടണം. റെയ്ഡ് തുടരും.
ഏതു രംഗത്തിനാകും ഇനി അടിയന്തര പ്രാധാന്യം നൽകുക?
അങ്ങനെ മുൻഗണന നിശ്ചയിച്ചിട്ടില്ല. ജനങ്ങളുടെ പ്രതികരണവും സാഹചര്യങ്ങളും നോക്കി ഏതു മേഖലയ്ക്കും പ്രാധാന്യം നൽകും.