ഡോക്ടർ ബിരുദം ഇനി എന്തിന്, എന്തൊക്കെ ലഭിച്ചാലും അതു പകരമാകുമോ....? കണ്ണീരോടെ വന്ദനയുടെ പിതാവ്
Mail This Article
കടുത്തുരുത്തി ∙ ഡോക്ടർ ബിരുദം ഇനി എന്തിനാണ്? മകളുടെ പേരിൽ ഇനി എന്തൊക്കെ ലഭിച്ചാലും അതു മകൾക്കു പകരമാകുമോ....? മുട്ടുചിറ നമ്പിച്ചിറക്കാലായിൽ മോഹൻദാസും വസന്തകുമാരിയും മകൾ വന്ദന ദാസിന്റെ മാല ചാർത്തിയ ചിത്രത്തിനു താഴെയിരുന്നു കണ്ണീരോടെ ചോദിക്കുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റു മരിച്ച ഹൗസ് സർജൻ വന്ദന ദാസിന് ആരോഗ്യ സർവകലാശാല ഡോക്ടർ ബിരുദം നൽകാൻ തീരുമാനിച്ച വാർത്തയോടു പ്രതികരിക്കുകയായിരുന്നു മാതാപിതാക്കൾ. എംബിബിഎസ് പഠനത്തിനു ശേഷം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യുന്നതിനിടെയാണ് മേയ് 10നു പുലർച്ചെ വന്ദന കുത്തേറ്റു മരിച്ചത്.
മകൾക്കു ബിരുദം നൽകുന്നതു സംബന്ധിച്ച് സർവകലാശാലയുടെ അറിയിപ്പൊന്നും തങ്ങൾക്കു ലഭിച്ചിട്ടില്ലെന്ന് ഇരുവരും പറഞ്ഞു. അവളുടെ മരണം അധികൃതരുടെ വീഴ്ചയാണ്. നഷ്ടപരിഹാരവും ബിരുദവും ഒന്നും പകരമാകില്ല– മോഹൻദാസ് പറഞ്ഞു. സർവകലാശാലയുടെ ചരിത്രത്തിൽ ആദ്യമായാണു പഠനത്തിനും പരിശീലനകാലത്തിനുമിടെ മരിച്ച ഒരാൾക്കു ഡോക്ടർ ബിരുദം നൽകുന്നത്. അവളുടെ സുഹൃത്തുക്കൾ വിളിക്കാറുണ്ട്. അടുത്ത മാസം ബിരുദം ലഭിക്കുമെന്ന കാര്യം അവർ സൂചിപ്പിച്ചിരുന്നു– വസന്തകുമാരി പറഞ്ഞു.വന്ദന എംബിബിഎസ് പാസായപ്പോൾ വീടിന്റെ മതിലിൽ സ്ഥാപിച്ച ഡോ. വന്ദന ദാസ് എംബിബിഎസ് എന്ന ബോർഡ് മകളുടെ മരണശേഷവും ഇളക്കി മാറ്റിയിട്ടില്ല. മകൾ കൊല്ലപ്പെട്ടതിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇരുവരും ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.