പിങ്ക് വസന്തമൊരുക്കി മലരിക്കൽ, ആമ്പലഴക് കാണാൻ ജനം ഒഴുകുന്നു
Mail This Article
കോട്ടയം ∙ പിങ്ക് വസന്തമൊരുക്കി മലരിക്കൽ ആമ്പൽ ഫെസ്റ്റിന് തുടക്കമായി. നോക്കെത്താ ദൂരത്തോളം പൂത്തുലഞ്ഞു നിൽക്കുന്ന ആമ്പലഴക് കാണാൻ മലരിക്കൽ ഗ്രാമത്തിലേക്ക് ഇനി സഞ്ചാരികളുടെ ഒഴുക്കാകും. തിരുവാർപ്പ് മലരിക്കലിൽ ഏക്കറുകളോളം പരന്നുകിടക്കുന്ന പാടങ്ങളിലാണ് ആമ്പൽ പൂവിട്ടിരിക്കുന്നത്. സന്ദർശകർക്ക് വള്ളങ്ങളിൽ ആമ്പലുകൾക്കിടയിലൂടെ സഞ്ചരിച്ച് കാഴ്ചകൾ കാണാൻ അവസരമുണ്ട്.
രാവിലെ 6 മുതൽ 9 വരെ ആമ്പൽകാഴ്ചകൾ കാണാം. പാർക്കിങ്ങിന് പ്രത്യേക സ്ഥലം, പണം നൽകി വീടുകളിൽ ശുചിമുറി സൗകര്യം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്ക് മലരിക്കലിൽ ആമ്പൽ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. മീനച്ചിലാർ - മീനന്തറയാർ - കൊടൂരാർ പുനസ്സംയോജന പദ്ധതി, തിരുവാർപ്പ് പഞ്ചായത്ത്, മലരിക്കൽ ടൂറിസം സൊസൈറ്റി, കാഞ്ഞിരം സഹകരണ ബാങ്ക്, തിരുവാർപ്പ് വില്ലേജ് സഹകരണ ബാങ്ക്, ജെ–ബ്ലോക്ക്, തിരുവായ്ക്കരി പാടശേഖര സമിതികൾ എന്നിവർ ചേർന്നാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ.മേനോൻ, വൈസ് പ്രസിഡന്റ് രശ്മി പ്രസാദ്, മീനച്ചിലാർ - മീനന്തറയാർ - കൊടൂരാർ നദീ പുനസ്സംയോജന പദ്ധതി ജില്ലാ കോഓർഡിനേറ്റർ കെ.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local
തിരക്ക് വേണ്ട, സമയമുണ്ട്
ആമ്പൽ വസന്തം കാണാൻ തിരക്ക് കൂട്ടേണ്ട. സെപ്റ്റംബർ 10 വരെയാണ് ഫെസ്റ്റ്. മലരിക്കൽ പോലുള്ള ചെറിയ ഗ്രാമപ്രദേശത്തേക്ക് പരിധിയിൽ കൂടുതൽ ആളുകളെത്തുന്നത് ചെറിയ ഗ്രാമത്തിനു താങ്ങാൻ കഴിയില്ല. രാവിലെ വഴിയിലുള്ള തിരക്ക് കാരണം ജോലിക്കു പോകാൻ കഴിയാതെ വിഷമിക്കുന്നവരുമുണ്ട്. എല്ലാവരും ഞായറാഴ്ച എത്താൻ ശ്രമിക്കുന്നത് തിരക്ക് പലപ്പോഴും നിയന്ത്രണാതീതമാക്കും.