പാമ്പാടിയിൽ സ്റ്റേഡിയം ഉണ്ടോ...? ഉണ്ട്... ഇല്ല... വേണം
Mail This Article
പാമ്പാടി ∙ ‘പന്താണ് പാമ്പാടിയുടെ ലഹരി, ഫയർഫോഴ്സ് റോഡ് ആയതിനാൽ പന്ത് കളി കാണാൻ വരുന്നവർ വഴിയിൽ വാഹനം പാർക്ക് ചെയ്യരുത്’ ബസ് സ്റ്റാൻഡിൽ നിന്നു പൊതുമൈതാനത്തേക്കുള്ള വഴിയേ നടന്നാൽ ഇങ്ങനെ അറിയിപ്പ് കാണാൻ കഴിയും. കായിക മത്സരങ്ങൾ ലഹരി ആക്കുന്ന ഇൗ നാട്ടുകാർക്ക് ഇൗ മൈതാനം അൽപം കൂടി സുന്ദരമാക്കി നൽകാൻ എന്തെങ്കിലും പദ്ധതി ഉണ്ടാകുമോ എന്നാണ് യുവാക്കളുടെ ചോദ്യം.
നിലവിലെ അവസ്ഥ
മൈതാനത്തിന്റെ വശങ്ങളിൽ കാട് കയറിയിട്ടുണ്ട്. കമ്യൂണിറ്റി ഹാളിന്റെ വശത്ത് നിർമിച്ചിരിക്കുന്ന സ്റ്റേജിൽ മാലിന്യങ്ങൾ നിറഞ്ഞ് ഇപ്പോൾ ഉപയോഗിക്കുന്നില്ല. കളി കാണാൻ എത്തുന്നവർക്ക് മഴ നനയാതെ, വെയിൽ കൊള്ളാതെ ഇരിക്കാൻ മേൽക്കൂരയുടെ താഴെയുള്ള അഞ്ചു നടകൾ സഹായമാണ്. പകൽ സമയങ്ങളിൽ മൈതാനം വിജനമായതിനാൽ ഡ്രൈവിങ് പരിശീലനത്തിനും വേദിയാകുന്നു. മൈതാനത്തിന്റെ ഒരു വശത്ത് ചില വാഹനങ്ങൾ പാർക്ക് ചെയ്യുന്നുമുണ്ട്.
പേര് പോലെയാകണം
ഇൗ മൈതാനം പാമ്പാടിക്കാർക്കു സ്റ്റേഡിയം തന്നെയാണ്. ഇവിടം അറിയപ്പെടുന്നതും പാമ്പാടി സ്റ്റേഡിയം എന്നാണ്. പന്ത് കളിക്കുമ്പോൾ പുറത്തേക്ക് പോകാൻ കഴിയാത്തവിധം ചുറ്റുമതിലുകൾ ഉള്ള, കാട് മാറി പച്ച വിരിച്ച പുല്ലുകൾ നിറഞ്ഞ, മൈതാനത്തിനു ചുറ്റും ഗാലറി ഒരുക്കിയ, പൊതു പരിപാടികൾ നടത്താൻ നല്ല സ്റ്റേജ് ഉള്ള സ്റ്റേഡിയം ഇൗ നാടിന്റെ സ്വപ്നമാണ്. അതിനുള്ള പദ്ധതി ഒരുക്കി ജില്ലയിലെ തന്നെ അറിയപ്പെടുന്ന സ്റ്റേഡിയങ്ങളിൽ ഒന്നാക്കി ഇതിനെ മാറ്റാൻ അധികൃതർക്ക് കഴിയും എന്നാണ് കായിക താരങ്ങളുടെ പ്രതീക്ഷ.
കളിയുടെ ലഹരി മതി
അസൗകര്യങ്ങൾ ഏറെയുണ്ടെങ്കിലും പകൽ കായിക മത്സരങ്ങളുടെ ലഹരിയിൽ മൈതാനം ആരവങ്ങളാൽ നിറയും. പക്ഷേ രാത്രി ലഹരി ഉപയോഗിക്കാൻ ചില സാമൂഹിക വിരുദ്ധർ ഇവിടെ താവളമാക്കുന്നതായി പറയപ്പെടുന്നു. മൈതാനത്തിന്റെ ഇരിപ്പിടങ്ങൾ ഇവർ പലപ്പോഴും വൃത്തികേടാക്കാറുണ്ട്. രാത്രിയിലെ സാമൂഹികവിരുദ്ധ ശല്യത്തിനു പരിഹാരം കാണാൻ ഇവിടേക്ക് പൊലീസിന്റെ ശ്രദ്ധ വേണം എന്നും ആവശ്യമുണ്ട്.