ADVERTISEMENT

കോട്ടയം ∙ വള്ളംകളിയുടെ വായ്ത്താരി മുഴങ്ങുന്നതിന് മുൻപേ താഴത്തങ്ങാടിയിൽ ആവേശം നിറച്ച ജലോത്സവമൊരുക്കി മീനച്ചിൽ റിവർ ഫെസ്റ്റ്. താഴത്തങ്ങാടി ഇക്ബാൽ പബ്ലിക് ലൈബ്രറിയും ജീവൻ രക്ഷാ സ്വിമ്മിങ് അക്കാദമിയും ചേർന്ന് താഴത്തങ്ങാടി ഇടയ്ക്കാട്ട് പള്ളിക്കടവ് മുതൽ അറുപുഴ വരെ നടത്തിയ നീന്തൽ മാരത്തൺ ആണ് ജലോത്സവത്തിന്റെ ആവേശം കരയിലും വെള്ളത്തിലും തീർത്തത്. നീന്തൽ പഠിക്കേണ്ടതിന്റെ ആവശ്യകത മുൻനിർത്തിയായിരുന്നു സ്വാതന്ത്യ്ര ദിനത്തിൽ നീന്തൽ മാരത്തൺ. 5 വയസ്സ് മുതൽ 70 വയസ്സായവർ വരെ 1000മീറ്റർ മീനച്ചിലാറിലൂടെ നീന്തി. ആവേശം ഇരട്ടിയാക്കാൻ കുമ്മനം യുവദർശന ബോട്ട് ക്ലബിന്റെ ചുരുളൻ വള്ളം 'മൂഴി'യും അനുഗമിച്ചു. 

ജെആർ അക്കാദമി മുഖ്യ പരിശീലകൻ അബ്ദുൽ കലാം ആസാദ് മാരത്തണിനു നേതൃത്വം നൽകി. അറുപുഴ തൂക്കുപാലത്തിന് താഴെയെത്തിയപ്പോൾ ദേശീയ പതാക കൈമാറിയാണ് സ്വീകരിച്ചത്. കുമ്മനം കുളപ്പുരക്കടവിൽ തിരുവാർപ്പ് പഞ്ചായത്തിന്റെ സ്വീകരണമൊരുക്കിയിരുന്നു. സുരക്ഷാ മുൻകരുതലുകൾക്കായി ഫയർ ആൻഡ് റെസ്ക്യൂ ടീം, അഗ്നിരക്ഷാസേന, ഈരാറ്റുപേട്ട നന്മകൂട്ടം എന്നിവർ അനുഗമിച്ചു. മാരത്തൺ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇക്ബാൽ പബ്ലിക് ലൈബ്രറി പ്രസിഡന്റ് പ്രഫ.ഷാവാസ് ഷരീഫ് അധ്യക്ഷത വഹിച്ചു.

'പുഴയറിവ്- മീനച്ചിലാർ' വിഷയത്തിൽ കേരള പ്രാദേശിക ചരിത്ര പഠനസമിതി സംസ്ഥാന കോ–ഓഡിനേറ്റർ പള്ളിക്കോണം രാജീവ് ക്ലാസ് നയിച്ചു. സെക്രട്ടറി ഉനൈസ് പാലപ്പറമ്പിൽ, കോട്ടയം ചെറിയപള്ളി വികാരി ഫാ.മോഹൻ ജോസഫ്, വലിയ പള്ളി വികാരി ഫാ.ഡോ.തോമസ് ഏബ്രഹാം, തളിയിൽ മഹാദേവക്ഷേത്രം പ്രസിഡന്റ് കെ.ആർ.സതീശൻ, തിരുമലക്ഷേത്രം അധികാരി ദിലീപ്.ആർ.കമ്മത്ത്, താഴത്തങ്ങാടി മാർ ബസേലിയോസ് പള്ളി വികാരി ഫാ.ഡോ.ഗീവർഗീസ് വെട്ടിക്കുന്നേൽ, നഗരസഭാംഗം പി.ആർ.സോന, ഷേബ മാർക്കോസ്, ജിഷ ജോഷി, എം.പി.സന്തോഷ് കുമാർ, ബിന്ദു സന്തോഷ് കുമാർ, പഞ്ചായത്തംഗങ്ങളായ ബുഷ്റ തൽഹത്ത്, ഷൈനി, മറ്റ് ഭാരവാഹികളായ ദിലീപ് ടി.കൊച്ചുണ്ണി, ടി.സി.ജോസഫ്, മുഹമ്മദ് സാലി, ഹഫീസ് മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. മാരത്തണ്ണിനു ശേഷം ഖത്തർ ജെ സ്കേറ്റിങ് വിദ്യാർഥികളുടെ സ്കേറ്റിങ് പ്രകടനവും സാഹസിക നീന്തൽ താരം റിനോൾഡ് ബേബിയുടെ സാഹസിക പ്രകടനവും നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com