കോട്ടയത്തെ ആകാശപ്പാതയുടെ ഉറപ്പ് പരിശോധന: 19 മുതൽ രാത്രി ഗതാഗത നിയന്ത്രണം
Mail This Article
കോട്ടയം ∙ നഗരത്തിലെ ആകാശപ്പാതയുടെ ഉറപ്പ് പരിശോധിക്കുന്നു. 19 മുതൽ 22 വരെ രാത്രിയിലാണ് പരിശോധന. പരിശോധനയുടെ സൗകര്യാർഥം നഗരത്തിൽ രാത്രിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് (നിരത്ത് വിഭാഗം) എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ആകാശപ്പാതയുടെ ഉറപ്പ് പരിശോധിക്കാൻ കഴിഞ്ഞ മാർച്ച് 10നാണ് ഹൈക്കോടതി ഉത്തരവിട്ടത്. പാലക്കാട് ഐഐടിയുടെ നേതൃത്വത്തിലാണ് പരിശോധന. ഹർജിയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും കക്ഷി ചേർന്നിരുന്നു. സംസ്ഥാന സർക്കാർ, കലക്ടർ, റോഡ് സേഫ്റ്റി അതോറിറ്റി എന്നിവരെ എതിർ കക്ഷികളാക്കിയായിരുന്നു ഹർജി.
നഗരത്തിലെ ഗതാഗത നിയന്ത്രണം ഇങ്ങനെ
ചങ്ങനാശേരി ഭാഗത്തു നിന്ന് ഏറ്റുമാനൂർ ഭാഗത്തേക്ക് പോകുന്ന ഭാരവണ്ടികൾ (ലോറി, ടൂറിസ്റ്റ് ബസുകൾ, ടിപ്പർ തുടങ്ങിയവ) സിമന്റ് കവലയിൽ നിന്നു തിരിഞ്ഞ് പാറേച്ചാൽ ബൈപാസ് വഴി തിരുവാതുക്കൽ – പുത്തനങ്ങാടി കുരിശുപള്ളി – അറുത്തൂട്ടി – ചാലുകുന്ന് വഴി പോകണം.
കെകെ റോഡിലൂടെ ഏറ്റുമാനൂർ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ കലക്ടറേറ്റ് ജംക്‌ഷനിൽ നിന്നു വലത്തേക്കു തിരിഞ്ഞ് ശാസ്ത്രി റോഡിലൂടെ കുര്യൻ ഉതുപ്പ് റോഡ് വഴി നാഗമ്പടം സിയേഴ്സ് ജംക്‌ഷൻ വഴി പോകണം.ഏറ്റുമാനൂർ ഭാഗത്തു നിന്നു ചങ്ങനാശേരിക്ക് പോകേണ്ട വാഹനങ്ങൾ നാഗമ്പടം സിയേഴ്സ് ജംക്‌ഷനിൽ നിന്നു തിരിഞ്ഞ് കുര്യൻ ഉതുപ്പ് റോഡ് വഴി ശാസ്ത്രി റോഡിലെത്തി ലോഗോസ് ജംക്‌ഷന് തൊട്ടുതാഴെ നിന്നു തിരിഞ്ഞ് ബസേലിയസ് കോളജ് ജംക്‌ഷൻ വഴി പോകണം.
English Summary: Kottayam skywalk project