ഗ്രാമീണ തോടുകൾ വറ്റി വരണ്ടു; നെൽക്കർഷകർ ആശങ്കയിൽ
Mail This Article
വെച്ചൂർ ∙ വെയിൽ ശക്തമായതോടെ ഗ്രാമീണ തോടുകൾ വറ്റി വരണ്ടു നെല്ല് കർഷകർ ആശങ്കയിൽ. വെച്ചൂർ പഞ്ചായത്തിലെ 950 ഹെക്ടർ പാടശേഖരങ്ങളിൽ കൃഷിക്കാവശ്യമായ വെള്ളം ലഭിക്കാതെ കർഷകർ പ്രതിസന്ധിയിൽ. കെ.വി.കനാലും വേമ്പനാട്ടുകായലുമായി ബന്ധപ്പെട്ടുകിടക്കുന്ന കൊടുംതുരുത്ത്-നാണുപറമ്പ് തോട്, കൊച്ചു തോട്, വിക്രമൻ തോട്, അഞ്ചുമന തോട് എന്നിവിടെ ചെളിയും പോളയും നിറഞ്ഞു നീരൊഴുക്ക് തടസ്സപ്പെട്ടതോടെയാണു പാടശേഖരങ്ങളിലേക്കു വെള്ളം കിട്ടാതായത്.
ഇതോടെ കൊടുംതുരുത്ത് മുതൽ നാണുപറമ്പ് വരെ വ്യാപിച്ചുകിടക്കുന്ന 17 പാടശേഖരങ്ങളിലെ വിരിപ്പുകൃഷി പ്രതിസന്ധിയിലായി. കർഷകരുടെ ഓർമയിൽ ഇത്തരം ഒരനുഭവം ആദ്യമെന്നു കർഷകർ. കൊടും തുരുത്ത് പാലത്തിനു സമീപത്തെ കെ.വി.കനാൽ മുതൽ വേമ്പനാട്ടുകായൽ വരെ 10 കിലോമീറ്ററാണു കൊടും തുരുത്ത്-നാണുപറമ്പ് തോടിന്റെ ദൂരം. ഏകദേശം അഞ്ച് കിലോമീറ്ററോളം കൃഷിചെയ്യുന്ന പാടശേഖരങ്ങളിലൂടെയാണു തോട് കടന്നുപോകുന്നത്.
തോട്ടിൽ വ്യാപകമായി ചെളിയും പോളയും നിറഞ്ഞതും കാലാവസ്ഥ വ്യതിയാനവും മൂലം നീരൊഴുക്ക് തടസ്സപ്പെട്ടു. ഒപ്പം അഞ്ചുമന തോട്ടിലൂടെയുള്ള വേലിയേറ്റവും വേലിയിറക്കവും നിലച്ചു. തോടിന്റെ സമീപത്തുള്ള പാടശേഖരങ്ങളിലേക്കു വെള്ളം തൂമ്പ് (തോട്ടിൽനിന്നു വെള്ളം പാടത്തേക്ക് കയറ്റിവിടുന്ന ഭാഗം) വഴി കയറ്റിവിടാൻ പറ്റാതായി. കതിരണിഞ്ഞതും കതിരണിയാറായതുമായ നെല്ലാണു മിക്ക പാടശേഖരങ്ങളിലും. പാടത്ത് വെള്ളം കയറ്റി ഇറക്കേണ്ട സമയമായിട്ടും മതിയായ വെള്ളം ലഭിക്കാത്തതു കർഷകരുടെ പ്രതിസന്ധി രൂക്ഷമാക്കി.
വെച്ചൂരിലെ അരങ്ങത്തുകരി, പട്ടടക്കരി, മുന്നൂറ്റുംപടവ്, വലിയപുതുക്കരി ഭാഗികം, അയ്യനാടൻ പുത്തൻകരി, ഞാറയ്ക്കൽതടം, കട്ടമട പണ്ടാരപ്പറമ്പ്, ഊരിക്കരി, കാട്ടിളംകുന്നങ്കരി, പൊന്നച്ചൻ ചാൽ, കോയിതുരുത്ത്, കോലാംപുറത്തുകരി, പൂവത്തിക്കരി, തേവർകരി, പുല്ലുകുഴിച്ചാൽ, വലിയതടം, നല്ലാനിക്കൽ, പന്നക്കാത്തടം, ദേവസ്വം കരി, അരികുപുറം തുടങ്ങിയ പാടശേഖരങ്ങളിലാണു പ്രതിസന്ധി ഏറെ രൂക്ഷമായത്.
സംഭവവുമായി ബന്ധപ്പെട്ടു വെച്ചൂർ കൃഷി ഓഫിസർ കോട്ടയം പ്രിൻസിപ്പൽ ഓഫിസർക്ക് നിവേദനം നൽകി.ഗ്രാമീണ ജലാശയങ്ങളുടെ ആഴം വർധിപ്പിച്ച് കർഷകരുടെ പ്രശ്നത്തിന് അടിയന്തര പരിഹാരം കണ്ടെത്തണം എന്നതാണ് കർഷകരുടെ ആവശ്യം.കർഷകരുടെ പ്രശ്നം പരിഹരിക്കുന്നതിനായി വെച്ചൂർ പഞ്ചായത്ത് 41 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി മേജർ ഇറിഗേഷൻ, ഫിഷറീസ് വകുപ്പുകൾക്ക് കൈമാറിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ഷൈലകുമാർ പറഞ്ഞു.