റബർ ഷീറ്റ് റോളറിന്റെ ഹാൻഡിൽ വീൽ മോഷണം വ്യാപകം
Mail This Article
കങ്ങഴ ∙ റബർ ഷീറ്റ് അടിക്കുന്ന റോളറിന്റെ ഹാൻഡിൽ വീൽ മോഷണം വ്യാപകമാകുന്നതായി പരാതി. പഞ്ചായത്തിലെ അഞ്ചാനി, ഇടയിരിക്കപ്പുഴ വാർഡുകളിലെ റബർ കർഷകരുടെ റോളർ വീലാണ് മോഷണം പോയത്. പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ 3 പേരുടെ റോളർ വീൽ പത്തനാട് ഭാഗത്തെ ആക്രിക്കടയിൽ നിന്നു കണ്ടെടുത്തു കർഷകർക്ക് തിരികെനൽകി. അഞ്ചാനി കളപ്പുരയ്ക്കൽ കെ.വി.ഏബ്രഹാം (ജോയി), മാപ്പിളക്കുന്നേൽപടി പുതുമന ജിം, അഞ്ചാനി മനയ്ക്കൽ പുരയിടം സുരേഷ്, കൂനംവേങ്ങ പഴയമഠം മാത്യു എന്നിവരുടെ റോളർ വീലാണ് മോഷ്ടിച്ചത്.
ഇതിൽ കെ.വി.ഏബ്രഹാമിന്റെ ഒഴികെയുള്ളവരുടെ വീൽ പൊലീസ് കണ്ടെത്തി തിരികെ നൽകിയിരുന്നു. ഇടയിരിക്കപ്പുഴ ഭാഗത്തെ ഒരു കർഷകന്റെ റോളർ വീൽ ഇന്നലെ മോഷണം പോയിട്ടുണ്ട്. ഒരു കിലോമീറ്റർ ചുറ്റളവിലുള്ള റബർ തോട്ടങ്ങളിൽ നിന്നാണ് മോഷണം പോയത്. മിക്കവരുടെയും റോളർ വീടിന്റെ സമീപത്തു നിന്നു ദൂരെയാണുള്ളത്. കർഷകർ റബർ പാൽ ഉറ കൂട്ടി ഷീറ്റാക്കുന്നതിന് എത്തിയപ്പോഴാണ് ഹാൻഡിൽ വീൽ മോഷണം പോയതറിഞ്ഞത്.
ചിലരുടെ റോളറിന്റെ അകലം ക്രമപ്പെടുത്തുന്ന വീലും മോഷണം പോയിട്ടുണ്ട്. ആകെയുള്ള 400 റബർ മരങ്ങൾ ടാപ്പ് ചെയ്താണ് ജീവിക്കുന്നതെന്നും റോളർ വീൽ നഷ്ടപ്പെട്ടതോടെ റബർ പാൽ ഒട്ടുപാലാക്കുകയാണ് ചെയ്യുന്നതെന്നും അഞ്ചാനി കളപ്പുരയ്ക്കൽ കെ.വി.ഏബ്രഹാം പറഞ്ഞു. വലിയ നഷ്ടമാണ് ഉണ്ടാകുന്നതെന്നും അടിയന്തര നടപടി വേണമെന്നും ആവശ്യപ്പെട്ടു.