നാടെങ്ങും ഓണപ്പാച്ചിൽ; നാട്ടുകാർ നഗരങ്ങളിലേക്കു ഒഴുകിത്തുടങ്ങി
Mail This Article
കാഞ്ഞിരപ്പള്ളി∙ നാട് ഓണത്തിരക്കിൽ. ഓണക്കോടി വാങ്ങാനും, ഓണവിഭവങ്ങൾക്കുള്ള സാധനങ്ങൾ വാങ്ങാനും നാട്ടുകാർ നഗരങ്ങളിലേക്കു ഒഴുകിത്തുടങ്ങി. ഓണത്തിനു മാറ്റുകൂട്ടാനുള്ള എല്ലാവിധ സാധനങ്ങളും ഒരുക്കി വിപണികളും കാത്തിരിക്കുകയാണ്.
പായസം
ഓണക്കാലമായതോടെ പാതയോരങ്ങളിൽ പായസ കച്ചവടം സജീവമായി. ചൂടു പായസം എന്ന ബോർഡുമായി ദേശീയ പാതയോരത്ത് വിവിധ സ്ഥലങ്ങളിലാണ് പായസ കച്ചവടം നടക്കുന്നത്. ഒരു ഗ്ലാസിന് 30 രൂപ നിരക്കിൽ അരി പായസം, അടപ്രഥമൻ, പാൽപായസം എന്നിവ ലഭിക്കും, കഠിന ചൂടാണെങ്കിലും യാത്രയ്ക്കിടയിൽ പായസം കുടിക്കാനായി നിർത്തുന്ന യാത്രക്കാർ ഏറെയാണ്.
സ്ത്രീകളാണ് കച്ചവടക്കാരിൽ കൂടുതലും. സ്വയംതൊഴിൽ എന്നപോലെ സ്വന്തം വീടുകളിൽ രാവിലെ പായസം ഉണ്ടാക്കി വഴിയോരങ്ങളിൽ എത്തി കച്ചവടം നടത്തുകയാണ് പതിവ്. തിരുവോണ ദിവസം ആവശ്യക്കാർക്ക് പായസം ഉൾപ്പെടെയുള്ള ഓണസദ്യകൾക്ക് കേറ്ററിങ് സ്ഥാപനങ്ങൾ മുൻകൂട്ടി ബുക്കിങ് സ്വീകരിക്കുന്നുണ്ട്.
കളറാകാൻ പൂക്കൾ
പൂക്കടകളിൽ ഇന്നലെ രാവിലെ അൽപം താമസിച്ചെത്തിയവർക്ക് മുല്ലപ്പൂ ലഭിക്കാതെ വന്നു. ഇന്നു മുതൽ അവധിയായതിനാൽ സ്കൂൾ കോളജുകൾ, വിവിധ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഇന്നലെയായിരുന്നു ഓണാഘോഷം. മലയാളിത്തനിമയിൽ മുല്ലപ്പൂ ചൂടി ആഘോഷത്തിൽ പങ്കെടുക്കാൻ മുല്ലപ്പൂ തേടിയെത്തിയവരുടെ തിരക്കായിരുന്നു ഇന്നലെ പൂക്കടകളിൽ. ഉച്ചയോടെ തന്നെ പൂക്കടകളിലെ പൂക്കളെല്ലാം കാലിയായ നിലയിലായിരുന്നു.
അത്തം മുതൽ പൂക്കടകളിൽ തിരക്കുണ്ട്. പൂക്കളമൊരുക്കാൻ നാട്ടിൽ പൂക്കളുടെ ലഭ്യത കുറഞ്ഞതോടെ തമിഴ്നാട്ടിൽനിന്നെത്തുന്ന പൂക്കളെയാണു പ്രധാനമായും മിക്കവരും ആശ്രയിക്കുന്നത്. മിക്കവരും മുൻകൂട്ടി ബുക്ക് ചെയ്താണു പൂക്കൾ വാങ്ങുന്നത്. ബന്ദി, ജമന്തി, അരളി, വാടാമുല്ല തുടങ്ങിയ പൂക്കളാണ് അത്തപ്പൂക്കളം ഒരുക്കാൻ വാങ്ങുന്നത്.
ഓണക്കോടി
ഓണക്കോടി തേടി നഗരങ്ങളിലെ വസ്ത്രവിൽപന ശാലകളിൽ വൻ തിരക്കാണ്. പതിവിലും നേരത്തെ തുറക്കുന്ന വസ്ത്രശാലകൾ പലതും രാത്രി വൈകിയാണ് അടയ്ക്കുന്നത്. കസവു മുണ്ട്, സെറ്റ് സാരി, കുട്ടികൾക്കുള്ള ഓണവസ്ത്രങ്ങൾ എന്നിവയ്ക്കാണ് ആവശ്യക്കാരേറെ. ഉപഭോക്താക്കളെ ആകർഷിക്കാൻ വിവിധ ഓഫറുകളും സമ്മാനങ്ങളുമൊരുക്കിയാണു കടകളും കാത്തിരിക്കുന്നത്.