ADVERTISEMENT

കോട്ടയം∙ ചന്ദ്രയാൻ 3 ലാൻഡർ ചന്ദ്രനിൽ ഇറങ്ങിയപ്പോൾ എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് വേറിട്ടൊരു സന്തോഷമുണ്ട്. ചാണ്ടി ഉമ്മന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ അദ്ദേഹം അതിന്റെ കാരണവും പറഞ്ഞു. ചന്ദ്രനെ പിരിയാത്ത കുടുംബമാണ് അദ്ദേഹത്തിന്റേത്. സ്വന്തം പേരിൽ ചന്ദ്രനുണ്ട്. രണ്ടു ജ്യേഷ്ഠന്മാരുടെ പേരുകൾ രാമചന്ദ്രനെന്നും ബാബു ചന്ദ്രനെന്നുമാണ്. രാമചന്ദ്രൻ വർഷങ്ങൾക്ക് മുൻപ് അന്തരിച്ചു.

ബാബുചന്ദ്രൻ സർക്കാർ സർവീസിൽ വിരമിച്ച് ഇപ്പോൾ ബിസിനസ് ചെയ്യുകയാണ്. പ്രേമചന്ദ്രന്റെ പിതാവ് പരേതനായ എം.കൃഷ്ണപിള്ള തിരുവനന്തപുരം നാവായിക്കുളത്തു നടത്തിയ കശുവണ്ടി ഫാക്ടറിയുടെ പേരും ‘ചന്ദ്ര കാഷ്യു’ എന്നായിരുന്നു. മക്കളുടെ പേരിലെ ചന്ദ്രനെയാണ് ഫാക്ടറിയുടെ പേരാക്കിയത്. സോഷ്യലിസ്റ്റായിരുന്ന പിതാവ് മക്കൾക്ക് പേരിട്ടപ്പോൾ പേരിനൊടുവിൽ  ചന്ദ്രൻ എന്ന് ചേർക്കുകയായിരുന്നു. 

ചന്ദ്രപക്ഷം

പ്രേമചന്ദ്രന്റെ മണ്ഡലമായ കൊല്ലത്തെ ചവറയിൽ പയ്യലക്കാവിലാണ് മറ്റൊരു ചന്ദ്രപക്ഷക്കാരുള്ളത്. മണ്ണൂർ പുലിപ്രയിൽ പരേതരായ രാമചന്ദ്രൻപിള്ള- പങ്കജാക്ഷി ദമ്പതികൾ മക്കൾക്കു പേരിട്ടത് ചന്ദ്രന്റെ പര്യായങ്ങൾ വച്ചാണ്. ചന്ദ്രിക, ശശികല, അമ്പിളി, ശ്രീകല, ശ്രീലേഖ, തിങ്കൾക്കല എന്നിങ്ങനെയാണ് ആ പേരുകളെന്ന് തിങ്കൾക്കലയുടെ ഭർത്താവും മൃഗസംരക്ഷണ വകുപ്പിലെ ഫീൽഡ് ഓഫിസറുമായ ബാബു കെ.പന്മന പറഞ്ഞു.

അമ്പിളി ‘മാമൻ’

പാലായിലുമുണ്ട് ‍ഒരു ‘അമ്പിളി മാമൻ’. പാലാ തകിടിയേൽ മാമ്മച്ചന്റെ (ടി.ഡി.തോമസ്) മകളാണ് അമ്പിളി മാമ്മൻ (47).‍ തീക്കോയി പാപ്ലാനിയിൽ റോമലിന്റെ ഭാര്യയാണ്. സെന്റ് മേരീസ്, അൽഫോൻസ, അമലഗിരി കോളജുകളിലായിരുന്നു പഠനം. ടി.ഡി.തോമസിനു 4 മക്കളുണ്ടെങ്കിലും 2 പെൺമക്കൾക്കു മാത്രമാണ് പേരിന്റെ അവസാനം മാമ്മൻ എന്നു ചേർത്തത്. മൂത്ത മകളായ അമ്പിളിക്കും മൂന്നാമത്തെ മകളായ റാണിക്കും പേരിനൊപ്പം മാമ്മൻ ചേർത്തു. മാമ്മൻ 10 വർഷം മുൻപ് അന്തരിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com