ഉമ്മൻ ചാണ്ടിയുടെ 40–ാം ഓർമദിനത്തിൽ കല്ലറയിലേക്ക് ജനപ്രവാഹം
Mail This Article
പുതുപ്പള്ളി ∙ ഇടതടവില്ലാതെ ആൾക്കൂട്ടം ഉമ്മൻ ചാണ്ടിയുടെ കല്ലറയിലേക്ക് ഒഴുകിക്കൊണ്ടേയിരുന്നു. ഉമ്മൻ ചാണ്ടിയെ അടക്കം ചെയ്തതു മുതൽ നിലയ്ക്കാതെയുള്ള ആ പ്രവാഹം 40–ാം ഓർമദിനത്തിലും തുടർന്നു. രാവിലെ 6.30നു പ്രാർഥന ആരംഭിച്ചതു മുതൽ അദ്ദേഹത്തിന്റെ കല്ലറ സ്ഥിതി ചെയ്യുന്ന പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലേക്ക് ആളുകൾ എത്തിക്കൊണ്ടിരുന്നു. കുർബാനയിലും ഒട്ടേറെപ്പേർ പങ്കെടുത്തു. കല്ലറയിലെ ധൂപപ്രാർഥനയ്ക്കു ശേഷം ക്യൂ നിന്നാണ് ആളുകൾ കല്ലറയിൽ പ്രാർഥനകൾ അർപ്പിച്ചത്. ഓർമദിനത്തിൽ പ്രത്യേകം വിതരണം ചെയ്യുന്ന നെയ്യപ്പം ഉണ്ടാക്കുന്നതിനു ഉമ്മൻ ചാണ്ടിയുടെ മകൾ മറിയയും കഴിഞ്ഞ ദിവസം പള്ളിയിൽ എത്തിയിരുന്നു.
കല്ലറയിലെ പുഷ്പങ്ങൾ മകൾ അച്ചു ഉമ്മന്റെ നേതൃത്വത്തിലാണു തയാറാക്കിയത്. യുഡിഎഫ് നേതാക്കളായ എം.എം. ഹസൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കെ.സി.ജോസഫ്, ബെന്നി ബഹനാൻ എംപി, രാജ്മോഹൻ ഉണ്ണിത്താൻ എംപി, പി.സി.തോമസ്, ഡൊമിനിക് പ്രസന്റേഷൻ, അൻവർ സാദത്ത് എംഎൽഎ, ഷാഫി പറമ്പിൽ എംഎൽഎ, സി.പി.ജോൺ തുടങ്ങിയവർ പങ്കെടുത്തു. കുടുംബവീടായ കരോട്ട് വള്ളക്കാലിൽ വീട്ടിൽ പ്രത്യേക പ്രാർഥനകൾ നടന്നു. ഇന്നു തിരുവനന്തപുരം സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ രാവിലെ കുർബാനയും തുടർന്നു പുതുപ്പള്ളി ഹൗസിൽ പ്രാർഥനയും നടക്കും.