വെച്ചൂരിന് അഭിമാനം മതസൗഹാർദത്തിന്റെ മണിനാദം
Mail This Article
വൈക്കം ∙ വെച്ചൂർ നിവാസികൾ ഇന്നും ഉറക്കം ഉണരുന്നതു കുടവെച്ചൂർ പള്ളിയുടെ മണിനാദം കേട്ടാണ്. വെച്ചൂർ പള്ളിയിൽ പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന ആറു നിലകളായി നിർമിക്കപ്പെട്ട മണിമാളിക ഈ ദേവാലയത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ്. ഇവിടത്തെ മണിമാളികയുടെ മുകളിൽ നിന്നു പടിഞ്ഞാറ് ദിക്കിലേക്കു നോക്കിയാൽ പഴയകാലത്ത് കടൽ കാണാൻ കഴിയുമായിരുന്നുവെന്നു പഴമക്കാർ പറയുന്നു. ഫ്രാൻസിൽ നിന്നു കൊണ്ടുവന്നു സ്ഥാപിച്ചതാണ് ഇവിടത്തെ മൂന്നു പള്ളി മണികൾ. ഇന്നും കിലോമീറ്ററുകൾക്കപ്പുറം മുഴങ്ങി കേൾക്കുന്ന മണിനാദം വിശ്വാസികളുടെ മനസ്സിനെ ഭക്തിസാന്ദ്രമാക്കുന്നതാണ്.
പ്രഭാതത്തിൽ ദേവാലയത്തിലെ തിരുകർമങ്ങൾക്ക് മുൻപായി മുഴങ്ങുന്ന മണിയും സായാഹ്നത്തിൽ സന്ധ്യാ പ്രാർഥനയ്ക്കായി മുഴങ്ങുന്ന മണിയും മരണം അറിയിക്കാൻ മുഴങ്ങുന്ന മണിയും സമയം വിളിച്ചറിയിക്കാൻ മുഴങ്ങുന്ന മണിയും അടിയന്തിര ഘട്ടത്തിൽ ജനതയെ ഒരുമിച്ചു കൂട്ടാൻ മുഴങ്ങുന്ന മണിയുമൊക്കെ കുടവെച്ചൂർ ദേശത്തെ നാനാജാതി മതത്തിൽപ്പെട്ടവർക്കു തിരിച്ചറിയുവാൻ കഴിയുന്ന ഒന്നാണ്. കന്യകാമറിയത്തിന്റെ പിറവിത്തിരുനാൾ ആഘോഷിക്കുന്ന ഈ നാളുകളിൽ ഇവിടെ മുഴങ്ങുന്ന ഓരോ മണികളും വിശ്വാസികളെ ദേവാലയത്തിലേക്ക് ആനയിക്കുന്നു.
∙ കുടവെച്ചൂർ പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാളിന്റെ ഭാഗമായി ഇന്ന് പുലർച്ചെ 5.30ന് ആരാധന ജപമാല, 6ന് വിശുദ്ധ കുർബാന, നൊവേന, 8.30ന് മതബോധന വിദ്യാർഥികൾക്ക് വിശുദ്ധ കുരബാന, 10ന് ജപമാല, വിശുദ്ധ കുർബാന, നൊവേന, നേർച്ചക്കഞ്ഞി, റവ. ഫാ. ഡേവിസ് പടന്നക്കൽ. വൈകിട്ട് 5ന് ജപമാല, വിശുദ്ധ കുർബാന, നൊവേന, സാൽവേ ലദീഞ്ഞ്. റവ. ഫാ. റിജോ മൈനാട്ടിപറമ്പിൽ.