പതിനായിരമെടുത്തു, 70,000 തിരിച്ചടച്ചു, ദുരിതം ബാക്കി; പലിശസഹിതം തിരിച്ചടച്ചാലും രക്ഷപ്പെടാൻ കഴിയില്ല
Mail This Article
കോട്ടയം ∙ ഓൺലൈൻ വായ്പത്തട്ടിപ്പുകളെപ്പറ്റി കോട്ടയത്ത് ഇതുവരെ നൂറിലേറെ പരാതികൾ. പരാതി ലഭിച്ചാലുടൻ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ജില്ലാ പൊലീസ് മേധാവിയുടെ അടിയന്തര ഉത്തരവ്. 3 മിനിറ്റിനുള്ളിൽ 1000 മുതൽ ഒരു ലക്ഷം വരെ രൂപ വായ്പ, ഈടും വേണ്ട, ബാങ്ക് സ്റ്റേറ്റ്മെന്റും വേണ്ട തുടങ്ങിയ പ്രചാരണങ്ങളിലൂടെ ആളുകളെ ആകർഷിച്ചു തട്ടിപ്പു നടത്തുന്നതാണു വ്യാജ ഓൺലൈൻ വായ്പസംഘത്തിന്റെ രീതി.
സമൂഹമാധ്യമങ്ങളിലെ ഇത്തരം പരസ്യങ്ങളിൽ ക്ലിക്ക് ചെയ്താൽ ആപ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലഭിക്കും. ഡൗൺലോഡ് ചെയ്താലും ഫോണിലെ നമ്പർ പട്ടിക, മെമ്മറി, ക്യാമറ എന്നിവ ഉപയോഗിക്കാനുള്ള അനുമതി കൂടി ആപ്പിനു നൽകിയാലേ ഇൻസ്റ്റാൾ ചെയ്യാനാകൂ. തിരിച്ചറിയൽ രേഖയെന്ന നിലയിൽ ആധാർ കാർഡിന്റെയോ പാൻ കാർഡിന്റെയോ പകർപ്പു കൂടി ആപ്പുകൾ ആവശ്യപ്പെടും.
5000 മുതൽ 50,000 വരെ രൂപയാണു പലരും എടുക്കുന്നത്. മുഴുവൻ തുകയും അക്കൗണ്ടിലെത്തില്ല. 10,000 രൂപയാണു വായ്പയെടുക്കുന്നതെങ്കിൽ 6000 രൂപയോളമേ ലഭിക്കൂ. ബാക്കി പലിശയിനത്തിൽ ആദ്യം തന്നെ പിടിച്ചെടുക്കും. വായ്പ തിരിച്ചടയ്ക്കാൻ ഒരാഴ്ചയാണു സാവകാശം നൽകുക. അതിനുള്ളിൽ പണം എത്തിയില്ലെങ്കിൽ ഭീഷണിയായി. മോശം ഭാഷയിലുള്ള സംസാരവും അസഭ്യവുമൊക്കെ വരും.
വായ്പ പലിശസഹിതം തിരിച്ചടച്ചാലും രക്ഷപ്പെടാൻ കഴിയില്ല. വായ്പ തീർന്നിട്ടില്ലെന്നും അക്കൗണ്ടിൽ പണം എത്തിയിട്ടില്ലെന്നുമൊക്കെ തരംപോലെ മറുപടി കിട്ടും. വായ്പയെടുത്തയാളുടെ സമനില തെറ്റിക്കുന്ന തരത്തിൽ രാവും പകലുമില്ലാതെ നിരന്തര ഫോൺവിളികളെത്തും. ആവശ്യപ്പെട്ട പണം കൊടുക്കാത്തവരുടെ കോൺടാക്ട് ലിസ്റ്റിലുള്ളവർക്കു മൊബൈൽ സന്ദേശം എത്തും.
മലയാളം, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിൽ സന്ദേശം പ്രചരിപ്പിക്കും. എന്നിട്ടും പണം തിരിച്ചടയ്ക്കാത്തവരുടെ ചിത്രങ്ങൾ മോർഫ് ചെയ്തു നഗ്നചിത്രങ്ങളാക്കി ഇവ പ്രചരിപ്പിക്കുന്നതാണ് ഒടുവിലത്തെ ഘട്ടം.
പതിനായിരമെടുത്തു; 70,000 തിരിച്ചടച്ചു;ദുരിതം ബാക്കി
10,000 രൂപ വായ്പയെടുത്ത മണർകാട് സ്വദേശിനിക്ക് 70,000 രൂപ തിരിച്ചടയ്ക്കേണ്ടിവന്നു. ഭർത്താവിന്റെ ചികിത്സയ്ക്കായാണു പണം കടം വാങ്ങിയത്. ഒരാഴ്ചയ്ക്കുള്ളിൽ പണം തിരിച്ചടച്ചെങ്കിലും മറ്റൊരു യുപിഐ ഐഡി നൽകി ഇതിലേക്കും തുക അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ചെയ്യാൻ വിസമ്മതിച്ചപ്പോൾ ഭീഷണി. ഒടുവിൽ മറ്റ് ആപ്പുകൾ ഡൗൺലോഡ് ചെയ്യിച്ചു.
70,000 രൂപയോളം തിരികെ അടപ്പിച്ചു. ഇവരുടെ ഫോണിലെ എണ്ണൂറോളം നമ്പറുകളിലേക്ക് അശ്ലീലസന്ദേശങ്ങളും ചിത്രങ്ങളും ഭീഷണികളും തട്ടിപ്പുസംഘം അയച്ചു. ഫോൺ വിളിച്ചും ഭീഷണിപ്പെടുത്തി. മാനസികമായി ബുദ്ധിമുട്ടിയ യുവതി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. പൊലീസിന്റെ സഹായത്താലാണ് ആളെ കണ്ടുപിടിച്ചത്.