ADVERTISEMENT

കോട്ടയം ∙ ഗായകൻ കൂടിയായ തിരുവാർപ്പ് സ്വദേശി അഭിഷേക് ബാബു നായരുടെ മനസ്സിൽ ഇപ്പോൾ ഒരു ജീവരാഗമേയുള്ളു. തന്റെ മജ്ജയിൽ നിന്നു നേരിട്ട് ശേഖരിച്ച മൂലകോശങ്ങൾ നൽകി ജീവിതത്തിലേക്കു തിരികെക്കൊണ്ടുവന്ന ഒൻപതു വയസ്സുകാരന്റെ കളിയും ചിരിയും. 6 മാസം മുൻപ് മൂലകോശം നൽകിയെങ്കിലും അഭിഷേക് ഇതുവരെ കുട്ടിയെ നേരിട്ടു കണ്ടിട്ടില്ല. ഒരു വർഷത്തിനു ശേഷമേ സ്വീകർത്താവുമായി പരിചയപ്പെടാവൂ എന്നാണ് നിയമം. അഭിഷേകിന്റെ ത്യാഗത്തിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. സ്വന്തം രക്തബന്ധത്തിൽ നിന്നല്ലാത്ത ഒരാൾക്കായി മൂലകോശം ദാനം നൽകുന്ന ജില്ലയിലെ ആദ്യത്തേതും കേരളത്തിലെ ഏഴാമത്തെയും ദാതാവാണ്.

തലിസീമിയ മേജർ എന്ന രക്താർബുദ രോഗം ബാധിച്ച കുട്ടിക്കാണ് മൂലകോശം നൽകിയത്. ദാത്രി ബ്ലഡ് സ്റ്റം സെൽ ഡോണർ റജിസ്ട്രിയിൽ പേര് റജിസ്റ്റർ ചെയ്ത അഭിഷേകിന്റെ കോശങ്ങൾ കുട്ടിക്കു യോജിക്കുമെന്നു കഴിഞ്ഞ  ജനുവരിയിൽ കണ്ടെത്തി. അഭിഷേകിന്റെ രക്തസാംപിളുകൾ ശേഖരിച്ച് മൂലകോശങ്ങൾ മാത്രം വേർതിരിച്ചു ദാനം ചെയ്യാനാണ് ആദ്യം തീരുമാനിച്ചത്. രോഗിയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമല്ലാത്തതിനാൽ അന്നു ചികിത്സ നടന്നില്ല. മാർച്ചിൽ ആരോഗ്യസ്ഥിതി ഭേദമായതോടെ മജ്ജയിൽ നിന്നു നേരിട്ടു കോശങ്ങൾ ശേഖരിച്ച് നൽകി. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് മൂലകോശം ദാനം നടത്തിയത്. 

കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എൻഐടി) നിന്നു പഠനം പൂർത്തിയാക്കിയ അഭിഷേക് ഇപ്പോൾ ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്യുന്നു. മജ്ജ മാറ്റിവയ്ക്കൽ ചികിത്സയിൽ യോജിച്ച ദാതാവിനെ ലഭിക്കാനുള്ള സാധ്യത പതിനായിരത്തിൽ ഒന്നു മുതൽ ഇരുപത് ലക്ഷത്തിൽ ഒന്നു വരെയാണെന്നു സന്നദ്ധ രക്തമൂലകോശ ദാതാക്കളുടെ സംഘടനയായ ദാത്രി ബ്ലഡ് സ്റ്റംസെൽ ഡോണർസ് റജിസ്ട്രി ഭാരവാഹികൾ പറഞ്ഞു. റജിസ്ട്രേഷനും അന്വേഷണങ്ങൾക്കും: www.datri.org / ഫോൺ: 78248 33367.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com