റബർ ബോർഡ് മേൽപാലത്തിനടുത്തു നിന്ന് നാഗമ്പടത്തേക്കുള്ള എളുപ്പവഴി ഇല്ലാതാക്കി റെയിൽവേ; വഴിയടയ്ക്കുന്ന വികസനം!
Mail This Article
കോട്ടയം ∙ കോട്ടയം നഗരത്തിലൂടെ യാത്രക്കാർ ആശ്രയിച്ചിരുന്ന പ്രധാനപ്പെട്ട ഒരു എളുപ്പവഴി ഉടൻ ഔദ്യോഗികമായി ഇല്ലാതാകും. കോട്ടയം റബർ ബോർഡ് മേൽപാലത്തിനു സമീപത്തു നിന്നു നാഗമ്പടത്തേക്ക് എത്തിയിരുന്ന വഴിയാണ് ഇല്ലാതാകുന്നത്. പകുതി വഴി റെയിൽവേ പൊളിച്ചു കളഞ്ഞു. ബാക്കി പകുതി വഴിയുള്ള ഗതാഗതം നിരോധിക്കും. ഇങ്ങനെയാണു കോട്ടയത്തെ ഗതാഗതക്കുരുക്കിനു പരിഹാരമായിരുന്ന ഒരു എളുപ്പവഴി റെയിൽവേ വികസനത്തിന്റെ പേരിൽ ഇല്ലാതാക്കുന്നത്.
വഴി ഇങ്ങനെ
റബർ ബോർഡ് മേൽപാലത്തിനു സമീപത്തു നിന്നു റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴിയിൽ ഏതാണ്ട് 300 മീറ്ററോളം യാത്ര ചെയ്താൽ റെയിൽവേ സ്റ്റേഷനു സമീപത്തെ മേൽപാലമെത്തും. മേൽപാലം വഴി കയറി ഗുഡ്സ് ഷെഡ് റോഡിൽ എത്താം. ഇതുവഴി നേരെ പോയാൽ നാഗമ്പടത്ത് റെയിൽവേ മേൽപാലത്തിനും മീനച്ചിലാർ പാലത്തിനും മധ്യേ എത്തിച്ചേരാം.
കുരുക്കിന് ആശ്വാസം
എംസി റോഡിൽ നിന്ന് എത്തുന്ന വാഹനങ്ങൾക്കു ദേശീയപാത 183ലേക്കും തിരിച്ചും സഞ്ചരിക്കാവുന്ന വഴിയാണിത്. ദേശീയപാത 183ൽ കഞ്ഞിക്കുഴിയിൽ എത്തുന്ന വാഹനങ്ങൾക്ക് അവിടെനിന്നു തിരിഞ്ഞ് റബർ ബോർഡ് മേൽപാലത്തിനു സമീപത്ത് എത്തി ഈ റോഡ് വഴി നാഗമ്പടത്ത് എംസി റോഡിലെത്താം. കോട്ടയം നഗരത്തിലെ കുരുക്കിൽപ്പെടാതെ യാത്ര ചെയ്യാൻ സഹായമായിരുന്ന എളുപ്പവഴിയാണിത്. ഇതു വഴി വാഹനങ്ങൾ തിരിഞ്ഞുപോകുമ്പോൾ കോട്ടയം നഗരത്തിലെ തിരക്കിനും ആശ്വാസമാകും.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local
കാർ മുതൽ ബസ് വരെ
കാറുകൾ അടക്കമുള്ള ചെറു വാഹനങ്ങൾ റബർ ബോർഡ് മേൽപാലത്തിനു സമീപത്തെ വഴി ഉപയോഗിച്ചിരുന്നു. ശബരിമല സീസൺ സമയത്ത് റെയിൽവേ സ്റ്റേഷനിലേക്ക് കെഎസ്ആർടിസി ബസുകൾ സഞ്ചരിച്ചിരുന്നതും ഈ വഴിയാണ്. ഗുഡ്സ് ഷെഡ് റോഡ് റെയിൽവേ സ്റ്റേഷനും മീനച്ചിലാറിനും ഇടയിൽ താമസിക്കുന്നവരുടെ പ്രധാന വഴിയാണ്. 9 റോഡുകൾ നാഗമ്പടത്തു നിന്നുള്ള ഈ റോഡുമായി ബന്ധപ്പെട്ടിരിക്കുന്നു.സർക്കാർ ഓഫിസുകൾ അടക്കം വിവിധ സ്ഥാപനങ്ങളിലേക്കുള്ളവരും ഈ റോഡിനെ ആശ്രയിക്കുന്നു.
ഇപ്പോൾ സംഭവിക്കുന്നത്
ഇരട്ടപ്പാത നിർമാണത്തിന്റെ ഭാഗമായി റബർ ബോർഡ് മേൽപാലത്തിനു സമീപത്തെ റോഡ് കഴിഞ്ഞ മേയിൽ റെയിൽവേ പൊളിച്ചു. ഒന്നര വർഷം ആകുമ്പോഴും ഇതു വഴി പുതിയ റോഡ് നിർമിക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ റെയിൽവേ പഠനം തുടരുന്നു എന്നാണു മറുപടി. റെയിൽവേ ഗുഡ്സ് ഷെഡ് റോഡിലേക്കു നാഗമ്പടം ഭാഗത്തു നിന്നുള്ള പ്രവേശനം റെയിൽവേ ഉടൻ തടയും. ഈ ഭാഗത്തു റെയിൽവേ സ്റ്റേഷന്റെ രണ്ടാം പ്രവേശന കവാടം പൂർത്തിയാകുമ്പോഴേക്കും നാഗമ്പടത്തു നിന്നു പൊതുഗതാഗതം പൂർണമായും തടയും. റെയിൽവേ ഗുഡ്സ് ഷെഡിലേക്കുള്ള ലോറികൾക്കു മാത്രമാകും പ്രവേശനം. ഫലത്തിൽ കോട്ടയത്തെ ഒരു വഴി ഇല്ലാതാകും!