കലിതുള്ളിപ്പെയ്ത്ത്; ചെങ്ങളം, കാഞ്ഞിരം, തിരുവാർപ്പ്, കുമ്മനം പ്രദേശങ്ങളിൽ വെള്ളംകയറി
Mail This Article
കോട്ടയം ∙ കനത്തമഴയിൽ ചെങ്ങളം, കാഞ്ഞിരം, തിരുവാർപ്പ്, കുമ്മനം പ്രദേശങ്ങളിൽ വെള്ളംകയറി ഒട്ടേറെ കുടുംബങ്ങൾ ദുരിതത്തിലായി. 9 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. കുമരകം റോഡിൽ മൂന്നുമൂലയ്ക്കു സമീപം വെള്ളംകയറിയെങ്കിലും ഗതാഗതതടസ്സം ഉണ്ടായിട്ടില്ല. മീനച്ചിലാറും കൈവഴികളും നിറഞ്ഞൊഴുകുന്നു. ശക്തമായ മഴ തുടരുന്നതിനാൽ ജലനിരപ്പ് ഇനിയും ഉയർന്നേക്കും. പാടശേഖരങ്ങളുടെ പുറം ബണ്ട് കവിഞ്ഞു വെള്ളംകയറാവുന്ന നിലയിലാണ്.
വൈക്കം താലൂക്കിൽ ഉദയനാപുരം പഞ്ചായത്തിലെ പടിഞ്ഞാറേക്കര, വാഴമന, വൈക്കം നഗരസഭയിലെ അയ്യർകുളങ്ങര, ടിവിപുരം പഞ്ചായത്തിൽ മണ്ണത്താനം, ചേരിക്കൽ, തലയോലപ്പറമ്പ് പഞ്ചായത്തിലെ കോരിക്കൽ, പഴമ്പട്ടി എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. പെയ്ത്തുവെള്ളം ഒഴുകിപ്പോകാനുള്ള താമസമാണ് കാരണം.ഏറ്റുമാനൂർ പേരൂരിൽ വില്ലയുടെ സംരക്ഷണമതിൽ 12 അടി താഴ്ചയിലുള്ള വീടിനു മുകളിലേക്ക് ഇടിഞ്ഞുവീണു. ഭിത്തിയും ജനലുകളും തകർന്നു. പേരൂർ മന്നാമലയിൽ മിനിയുടെ വീടിനു മുകളിലേക്കാണു വീണത്. അപകടം നടക്കുമ്പോൾ 4 പേർ വീട്ടിലുണ്ടായിരുന്നെങ്കിലും രക്ഷപ്പെട്ടു.
ആർപ്പൂക്കര പുതുശേരി കണിച്ചേരി ഭാഗത്ത് 15 വീടുകളിൽ വെള്ളംകയറി. സൂര്യാകവലയിൽ നിന്നു മണിയാപറമ്പിലേക്കുള്ള കൈത്തോട് കര കവിഞ്ഞതാണു കാരണം. വെച്ചൂർ, തലയാഴം, ടിവി പുരം പഞ്ചായത്തുകളിലായി 2000ൽ അധികം ഏക്കർ നെൽക്കൃഷി വെള്ളത്തിലായി. ഇവിടെ പമ്പിങ് നടത്തുന്നുണ്ടെങ്കിലും പുറം ബണ്ടിന്റെ ബലക്കുറവും മൂവാറ്റുപുഴയാറിലും കരിയാറിലും ജലനിരപ്പ് ഉയരുന്നതും തുടർച്ചയായ മഴയും കർഷകരെ ആശങ്കയിലാഴ്ത്തുന്നു. കടുത്തുരുത്തി പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ വീടുകൾ വെള്ളത്തിലായി. ആയാംകുടി എൽപി സ്കൂളിൽ ദുരിതാശ്വാസ ക്യാംപ് തുറന്നു.
ചങ്ങനാശേരി മേഖലയിൽ കുറിച്ചി പഞ്ചായത്തിൽ ചിലയിടത്തു വീടുകളിൽ വെള്ളം കയറിത്തുടങ്ങി. മണിമല, പമ്പ, അഴുത ആറുകളിലെ ജലനിരപ്പ് ജാഗ്രതാ മുന്നറിയിപ്പിനു താഴെയാണ്. മുണ്ടക്കയം കോസ്‌വേ പാലത്തിന്റെ താഴെ നാലടി താഴ്ചയിൽ വരെ ജലനിരപ്പ് നിലനിൽക്കുന്നു. പുതുപ്പള്ളി പാറയ്ക്കൽക്കടവിൽ മരംവീണു ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതത്തൂണും ഒടിഞ്ഞു.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local