ADVERTISEMENT

കുറവിലങ്ങാട് ∙ സ്കൂൾ കലോത്സവങ്ങളും കായിക, ശാസ്ത്രമേളകളും വീണ്ടുമെത്തുമ്പോൾ പാചകവിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ നിലപാടിൽ മാറ്റമില്ല; ഇത്തവണ എന്തായാലും സ്കൂൾ മേളകളുടെ ഊട്ടുപുരയിൽ ഉണ്ടാകില്ല. 

 ജനുവരിയിൽ കോഴിക്കോട്ടെ സംസ്ഥാന കലോത്സവത്തിന്റെ അടുക്കളയിൽ നിന്ന് യാത്ര പറഞ്ഞിറങ്ങിയതാണു പഴയിടം.  2000ൽ കോട്ടയത്തെ റവന്യു ജില്ലാ കലോത്സവത്തിലാണ് ആദ്യമായി പാചകച്ചുമതല ഏറ്റെടുക്കുന്നത്. 

അന്നു മുതൽ ഈ വർഷം ജനുവരിയിൽ കോഴിക്കോട്ട് നടന്ന സംസ്ഥാന കലോത്സവം വരെയുള്ള സ്കൂൾ മേളകളിൽ രണ്ടേകാൽ കോടി കുട്ടികൾക്കു ഭക്ഷണം വിളമ്പിയെന്നാണു പഴയിടത്തിന്റെ കണക്ക്.

പാചകച്ചുമതല മറ്റുള്ളവർക്ക് ഏറ്റെടുക്കാൻ അവസരം നൽകാൻ വേണ്ടിക്കൂടിയുമാണ് ഈ പിന്മാറ്റം. ജോലിക്കാരുടെ കുറവ് ഉൾപ്പെടെയുള്ള പ്രശ്നങ്ങളുമുണ്ട്. അന്നത്തെ വിവാദങ്ങളും അതിനോടുള്ള പ്രതികരണങ്ങളും ചർച്ചകളും മനസ്സിൽ ആഴത്തിലുള്ള മുറിവേൽപിച്ചെങ്കിലും അതെല്ലാം ഉണങ്ങിയെന്ന് പഴയിടം പറയുന്നു. 

മന്ത്രിമാരായ വി.എൻ വാസവൻ നേരിട്ടെത്തിയും വി.ശിവൻകുട്ടി ഫോണിൽ വിളിച്ചും സാന്ത്വനിപ്പിച്ചു. ഒട്ടേറെപ്പേർ കൂടെ നിന്നു. വിവാദങ്ങൾക്കു തുടക്കമിട്ട് ഫെയ്സ്ബുക് പോസ്റ്റിട്ട വ്യക്തി നേരിട്ടെത്തിയെന്നും പഴയിടം ഓർമിക്കുന്നു.

ഇത്തവണയും വിവിധ കലോത്സവ കമ്മിറ്റിക്കാരും സംഘാടകരും വിളിക്കുന്നുണ്ട്. ഒന്നിനും ടെൻഡർ സമർപ്പിച്ചിട്ടില്ല. ‘സദ്യയൊരുക്കലും വിദേശങ്ങളിലേക്ക് ഉൾപ്പെടെ വിഭവങ്ങൾ അയയ്ക്കലുമൊക്കെയായി തിരക്ക്. കുറിച്ചിത്താനത്തെ വീട്ടിൽ മക്കളും കൊച്ചുമക്കളും കൂടെയുള്ളതിന്റെ സന്തോഷം. ഇതൊക്കെ മതി തൽക്കാലം’ – പഴയിടം നിലപാട് വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com